Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Sunday, December 20, 2009

നീലത്താമര[സിനിമ]


പഴയ നീലത്താമരയുടെ റീമേയ്ക് എന്നുള്ള വസ്തുത മനപ്പൂര്‍വം ഒഴിവാക്കിക്കൊണ്ട്, തികച്ചും പുതിയൊരു ചിത്രത്തെക്കുറിച്ച്......

മനോഹരമായ ചിത്രം .
മലയാളിക്ക് ഗൃഹാതുരത്വതിന്റെ ഓര്‍മ്മകള്‍ തിരിച്ചു കൊണ്ട് തന്നതിന്
എം ടി - ലാല്‍ ജോസ് സഖ്യത്തിനോട് കടപ്പെട്ടിരിക്കുന്നു.
പൂര്‍ണമായും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം ഉള്ള ഒരു തിരക്കഥ ആണ് നീലത്താമരയ്ക്ക്.
എടുത്തു പറയാനുള്ളത് കേന്ദ്ര കഥാപാത്രമായ കുഞ്ഞിമാളുവിനു ജീവന്‍ കൊടുത്ത അര്‍ച്ചന കവി എന്ന പുതുമുഖ നടിയുടെ പ്രകടനം തന്നെ. എം ടി യുടെ തൂലികയില്‍ വിരിഞ്ഞ കുഞ്ഞിമാളുവിനെ അസാമാന്യ അഭിനയ ശേഷി കാഴ്ച വച്ച് അര്‍ച്ചന കവി അവിസ്മരണീയമാക്കിയിരിക്കുന്നു. ഭാവാഭിനയവും ശരീരഭാഷയും സംഭാഷണത്തെക്കാള്‍ പ്രാധാന്യം ഉള്ളതാണെന്ന് അടിവരയിട്ടു തെളിയിച്ചു കൊണ്ട് കുഞ്ഞിമാളു പ്രേക്ഷകരെ വിസ്മയിപ്പിച്ചിരിക്കുന്നു.

ഒരു പുതുമുഖ നടിക്ക് അസാധ്യം എന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു അര്‍ച്ചനയുടെ പ്രകടനം.ഹരിദാസിനെ അവതരിപ്പിച്ച കൈലാഷും പ്രസംസനീയമായ പ്രകടനം കാഴ്ച വച്ചിരിക്കുന്നു. 70 കളിലെ ധനിക തറവാട്ടിലെ ചെറുപ്പക്കാരനായി വേഷമിട്ട കൈലാഷിനെ അന്നത്തെ സാമൂഹിക വ്യവസ്ഥയുടെ പ്രതീകമായി എം ടി എടുത്തു കാട്ടിയിരിക്കുന്നു. പ്രേക്ഷക മനസ്സില്‍ ഒരു വില്ലന്റെ സ്ഥാനം ലഭിക്കാതെയിരിക്കുമ്പോള്‍ തന്നെ ഹരിദാസിന്റെ ചെയ്തികള്‍ ഒരു വ്യവസ്ഥിതിയുടെ ഭാഗമാക്കി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഹരിദാസ്‌ വിവാഹം കഴിച്ചു കൊണ്ട് വരുന്ന രത്നം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സംവൃത സുനില്‍ , ഉന്നത വിദ്യാഭ്യാസവും തന്റേടവും ആണ്‍ മേല്ക്കൊയ്മക്ക് എതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്ന ശക്തയായ, എന്നാല്‍ സ്നേഹസമ്പന്നയായ പെണ്‍കുട്ടിയെ തന്മയത്വത്തോട്‌ കൂടി അഭിനയിച്ചു ഫലിപ്പിച്ചു.ഹരിദാസിനെ അമ്മ മാളുഅമ്മയായി വേഷമിട്ട ശ്രീദേവി ഉണ്ണി കഥയുടെ ആദ്യാന്തം നിറഞ്ഞു നിന്നു. എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാനാവാതെ നിസ്സഹായതയോടെ കുഞ്ഞിമാളുവിനെ കരഞ്ഞു കൊണ്ട് പറഞ്ഞയക്കുന്ന മാളുഅമ്മയുടെ ഭാവങ്ങള്‍ അനായാസമായും എന്നാല്‍ വൈകാരികത ചോര്‍ന്നു പോകാതെയും ശ്രീദേവി ഉണ്ണി ഭംഗിയാക്കി.

കുഞ്ഞിമാളുവിന്റെയും രത്നതിന്റെയും പ്രായം ചെന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ പാര്‍വതിയും ജയ മേനോനും മികച്ച അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. മിതമായ അഭിനയ ശൈലി കൊണ്ട് അപ്പുക്കുട്ടന്‍ എന്ന ചെറിയ കഥാപാത്രമായി സുരേഷ് തിളങ്ങി
വിദ്യാസാഗറിന്റെ അതിമനോഹരമായ 3 ഗാനങ്ങളും മികവുറ്റ ഗാനചിത്രീകരണവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതില്‍ പ്രാധാന പങ്കു വഹിച്ചിട്ടുണ്ട് . കാര്‍ത്തിക് , V ശ്രീകുമാര്‍ , ശ്രേയ ഘോഷല്‍ , വിജയ്‌ പ്രകാശ് എന്നിവര്‍ മലയാള സിനിമാ പിന്നണി ഗാന രംഗത്ത് കരുത്താര്‍ജിച്ചു വരുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഈ ഗാനങ്ങള്‍ ഓരോന്നും.എന്നും മലയാളി പ്രേക്ഷകന് നൊസ്റ്റാള്‍ജിയ തിരികെ കൊണ്ട് വരുന്നതില്‍ വിജയിച്ചിട്ടുള്ള ലാല്‍ ജോസ് ഗാനരങ്ങങ്ങളില്‍ അമ്പലവും ആല്‍ത്തറയും കുളവും കല്‍പ്പടവുകളും ഗ്രാമഭംഗി തുളുമ്പിപോകാതെ ചിത്രീകരിച്ചിരിക്കുന്നു.

റീമ കല്ലുങ്കല്‍ അവതരിപ്പിച്ച ഷാരത്തെ അമ്മിണി എന്ന കഥാപാത്രത്തിന് എം ടി വേണ്ടത്ര പ്രാധാന്യം കൊടുത്തിട്ടില്ല. അങ്ങനെ ഒരു കഥാപാത്രത്തിന്റെ ആവശ്യകത എത്രത്തോളം ഈ തിരക്കഥയില്‍ ഉണ്ട് എന്ന് സംശയം തോന്നുന്ന തരത്തില്‍ ആണ് ഈ കഥാപാത്രത്തിന്റെ രംഗങ്ങള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.. എന്ന് മാത്രമല്ല കഥാപാത്രത്തിന് സംഭവിച്ച ദാരുണമായ അന്ത്യം എന്ത് കാരണം കൊണ്ടാണ് എന്ന് പല പ്രേക്ഷകര്‍ക്കും മനസ്സിലായിട്ടില്ല എന്നാണു അറിയാന്‍ സാധിച്ചത്.

കുറഞ്ഞ ചിലവില്‍ മികച്ച സിനിമ നിര്‍മിക്കുക എന്ന പുതിയ തന്ത്രം ലാല്‍ ജോസ് പരീക്ഷിച്ചു വിജയിച്ചു. നല്ല സിനിമകള്‍ എന്നും കൈ നീട്ടി സ്വീകരിച്ചിട്ടുള്ള മലയാളികള്‍ക്ക് തീര്‍ച്ചയായും ആസ്വദിക്കാവുന്ന ഒന്നാണ് നീലത്താമര !

2 comments:

 1. Good review. A different film with a classic touch. Hope we get more such films from great writers like MT. The last lines of the review points to the fact that film lovers will definitely accept classic films.

  The song Pakalonnu is a wonderful composition and is very melodious. Vidyasagar could have chosen a different singer, however. Though the singer has done a good job, the song would have gone to a different level if sung by P.Jayachandran or any 'Malayalee' singer of that calibre


  Anand Kaushik
  iamkaushi@gmail.com

  ReplyDelete
 2. പഴയ നീലത്താമര കണ്ടിട്ടുള്ളത് കൊണ്ടാണോ എന്നറിയില്ല, എനിക്കീ പുതിയ ചിത്രം തീരെ രുചിച്ചില്ല എന്ന് തന്നെ പറയാം. പലപ്പോഴും കഥാപാത്രങ്ങള്‍ക്ക് തീരെ പ്രാധാന്യം ഇല്ലാതെ പോകുന്നതുപോലെ എനിക്ക് തോന്നി, പ്രത്യേകിച്ച് ഹരിദാസിന്. പുതിയ തലമുറയ്ക്ക് വേണ്ടി ചേര്‍ത്ത ഭാഗങ്ങള്‍ ആവശ്യമില്ലായിരുന്നു എന്ന് തോന്നി. വിദ്യാസാഗര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ മനോഹരമായിരുന്നെങ്കിലും മലയാളി ഗായകരുടെ അഭാവം നിഴലിക്കുന്നുണ്ടായിരുന്നു. ശ്രീകുമാര്‍ പണ്ട് മുല്ലയിലെ പാട്ട് പാടി നശിപ്പിച്ചത് പോരാഞ്ഞിട്ടാണോ പുള്ളിക്ക് വീണ്ടും അവസരം നല്‍കിയത്? ബല്‍റാം പാടിയ പകലൊന്നു മാഞ്ഞ വീഥിയിലെ കുഞ്ഞു താമരേ എന്നാ പാട്ടു ആണ് ഇതില്‍ എനിക്ക് ഏറെ ഇഷ്ടപെട്ടത്. ചുരുക്കി പറഞ്ഞാല്‍ ഈ ചിത്രത്തെ പറ്റി പ്രത്യേകിച്ച് ഒരു നല്ല കാര്യവും എനിക്ക് പറയാനില്ല.

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...