Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Monday, December 21, 2009

പാലേരി മാണിക്യം[സിനിമ]

ആധുനിക മലയാള സാഹിത്യത്തിലെ മികച്ച നോവലുകളില്‍ ഒന്നായ ടി പി രാജീവിന്റെ 'പാലേരി മാണിക്യം , ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ ' ചലച്ചിത്രമായി ആവിഷ്ക്കരിക്കുമ്പോള്‍ അതിനു എത്രത്തോളം വിജയിക്കാനാവും എന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃശ്യവിരുന്നാണ് രഞ്ജിത്ത് ഒരുക്കിയ ഈ ചിത്രം .
ആദ്യമായാണ്‌ രഞ്ജിത്ത് മറ്റൊരാളുടെ കഥ സിനിമയാക്കുന്നത് എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് . പാലേരി എന്ന തന്റെ ഗ്രാമത്തില്‍ താന്‍ ജനിച്ച രാത്രിയില്‍ നടന്ന ഒരു കൊലപാതകം അന്വേഷിക്കാന്‍ 52 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചെത്തുന്ന ഹരിദാസ്‌ എന്ന പ്രൈവറ്റ് ഡിറ്റക്റ്റീവിന്റെ കഥ ആണ് ഈ നോവലിന്റെ ഇതിവൃത്തം.

വ്യത്യസ്തമായ ഈ പ്രമേയം ചിത്രീകരിക്കുമ്പോള്‍ അര നൂറ്റാണ്ട് പിന്നോട്ട് പോകേണ്ടി വരുമെന്നതിനാല്‍ തികഞ്ഞ ശ്രദ്ധയോട് തന്നെയാണ് രഞ്ജിത്ത് ഓരോ ഫ്രെയ്മും ഒപ്പിയെടുത്തിരിക്കുന്നത്.

1950 കളില്‍ നടക്കുന്ന ഒരു കഥ ആയതിനാല്‍ അന്നത്തെ രീതിയില്‍ ഒരു ചെറിയ ഗ്രാമം തന്നെ സംവിധായകന്‍ സൃഷ്ടിച്ചു. മലബാറിലെ ഒരു പഴയ ഗ്രാമത്തിന്റെ അന്തരീക്ഷം അസ്വാഭാവികത ഒട്ടും സ്പര്‍ശിക്കാതെ നിര്‍മിക്കുന്നതില്‍ രഞ്ജിത്ത് കൈവരിച്ച നേട്ടം ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. വസ്ത്രധാരണ രീതികളും , സംഭാഷണ ശൈലിയും പ്രേക്ഷകനെ 50 വര്‍ഷം പിന്നോട്ട് കൊണ്ട് പോകുന്നു. പല സന്ദര്‍ഭങ്ങളിലും പഴമയില്‍ മുഴുകി ഇരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇന്നത്തെ കാലത്തിലേക്കുള്ള തിരിച്ചു പോക്ക് അരോചകമായി എന്ന് വരെ തോന്നാം .

കാസ്റ്റിംഗ് ആണ് സിനിമയുടെ മറ്റൊരു പ്രാധാന വിജയം. ഒട്ടു മിക്ക കഥാപാത്രങ്ങള്‍ക്കും വ്യക്തമായ പ്രാധാന്യം കൊടുക്കുന്നതില്‍ തിരക്കഥ വിജയിച്ചിട്ടുണ്ട്. മമ്മൂട്ടി 3 വ്യത്യസ്ത രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്നെങ്കിലും എടുത്ത് പറയാനുള്ളത് 'മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി ' എന്ന വില്ലന്‍ കഥാപാത്രമാണ്. അദ്ദേഹം ഇത് വരെ ചെയ്ത മികച്ച കഥാപാത്രങ്ങളുടെ കൂടെ ചേര്‍ക്കാവുന്ന ഒന്നാണ് ഈ പ്രകടനം. രൂപത്തിലും ഭാവത്തിലും നോവലിലെ കഥാപാത്രത്തോട് 100 ശതമാനം നീതി പുലര്‍ത്തിയിരിക്കുന്നു. ജോര്‍ജ് ന്റെ ചമയം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നതാണ് .

പാലേരി ഗ്രാമത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ വളരെ ഭംഗിയായ അഭിനയം കാഴ്ച വച്ചിരിക്കുന്നു.. എന്നാല്‍ അഭിനയ സാധ്യത ഏറെ ഉണ്ടായിരുന്നുവെങ്കിലും 'ചീരു' ആയി അഭിനയിച്ച ശ്വേത മേനോന്‍ ചിത്രത്തിന്റെ നിലവാരത്തോടു പൂര്‍ണമായും യോജിച്ചിട്ടില്ല.. 'മാണിക്യം' ആയി അഭിനയിച്ച മൈഥിലിക്ക് വളരെയൊന്നും ചെയ്യാനും ഉണ്ടായിരുന്നില്ല.
രഞ്ജിത്തിന്റെ അഭിനയ കളരിയില്‍ നിന്നും വന്ന മറ്റു പുതുമുഖങ്ങള്‍ എല്ലാവരും തന്നെ അസാമാന്യ അഭിനയ പാടവം കാഴ്ച വച്ചിട്ടുണ്ട്.. ചീരുവിന്റെ മകന്‍ 'പൊക്കന്‍' ആയി അഭിനയിച്ച യുവനടന്‍ അസാധ്യമായ അഭിനയ മികവിലൂടെ ആ കഥാപാത്രത്തെ ഗംഭീരമാക്കി .

ബാര്‍ബര്‍ കേശവന് ജീവന്‍ കൊടുത്ത ശ്രീനിവാസന്‍ പതിവ് പോലെ തന്നെ തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു. കേശവന്റെ ചെറുപ്പകാലം അഭിനയിച്ച യുവനടന്‍ രൂപത്തിലും ഭാവത്തിലും എന്നപോലെ അഭിനയത്തിലും ശ്രീനിവാസനോട് അടുത്ത് നിന്നു.

എന്നാല്‍ , കഥാനായകന്റെ കൂടെ അന്വേഷണത്തിന് വരുന്ന സ്ത്രീസുഹൃത്തായ സരയു എന്ന criminologist ആയി അഭിനയിച്ച ഗൌരി മുന്ജാല്‍ എല്ലാ രീതിയിലും പരാജയമായിരുന്നു. നായകന്‍ ഒറ്റയ്ക്ക് അന്വേഷിക്കാന്‍ വരുന്നതിന്റെ അപാകത ഒഴിവാക്കാന്‍ വേണ്ടി സരയു എന്ന കഥാപാത്രത്തെ അനാവശ്യമായി കഥയിലേക്ക് വലിച്ചിഴയ്ക്കും പോലെ തോന്നി. അതിനു വേണ്ടി നായകനുമായി ഒരു വിവാഹേതര ബന്ധവും വളരെ വിരസമായി ഉള്‍പ്പെടുത്തി.
മലയാളത്തില്‍ ആരും ഈ അപ്രാധാന വേഷം അവതരിപ്പിക്കില്ല എന്ന് തോന്നിയത് കൊണ്ടായിരിക്കും ഈ അന്യഭാഷാ നടിയെ ചിത്രത്തിലേക്ക് വിളിച്ചത്. 'ഇനി ഒരു criminologist ഇന്റെ സഹായം നിനക്ക് ആവശ്യമാണ്' എന്ന് നായകനോട് തുടക്കം തന്നെ ഈ കഥാപാത്രം പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു ആവശ്യമേ വന്നില്ല എന്നതാണ് സത്യം.

മാണിക്യം കൊലക്കേസ് വളരെ ഭംഗിയായി ഇഴകള്‍ കോര്‍ത്തിണക്കി കൊണ്ട് പോകുന്നതിനോപ്പം തന്നെ അര നൂറ്റാണ്ട് മുന്നിലെ രാഷ്ട്രീയ കേരളത്തിനെ പച്ചയായി വരച്ചുകാട്ടുകയും ചെയ്യുന്നുണ്ട് ഈ ചിത്രം . തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സൃഷ്ട്ടിക്കപ്പെട്ട കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങളെയും കാപട്യങ്ങളെയും അതേ സമയം തന്നെ കോണ്ഗ്രസ് പാര്‍ട്ടിയുടെ അടവ് നയങ്ങളെയും വളരെ തന്മയത്വത്തോട്‌ കൂടി ചിത്രീകരിച്ചിരിക്കുന്നു .
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളില്‍ വിശ്വസിക്കുകയും ആ വിശ്വാസങ്ങള്‍ തകരുമ്പോള്‍ ഉള്ള വേദനയും ശ്രീനിവാസന്‍ പറയുന്ന ഡയലോഗുകളില്‍ ശക്തമായി പ്രതിപാദിച്ചിട്ടുണ്ട് . പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മൂല്യങ്ങളെ ബലി കഴിക്കേണ്ടി വരുന്ന കമ്മ്യൂണിസ്റ്റ്‌കാരനെ ടി ദാമോദരനും ഉജ്ജ്വലമാക്കി.

ചിത്രത്തിന്റെ ഒരു പോരായ്മ എന്ന് പറയാവുന്നത് ക്ലൈമാക്സ്‌ രംഗത്ത് മമ്മൂട്ടിയുടെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച ആണ്. അത്രയും നേരം നിലനിര്‍ത്തിക്കൊണ്ട് പോന്ന ശക്തമായ തിരക്കഥയുടെ പ്രകടമായ ഒരു അസ്സാനിധ്യം ആ രംഗത്തില്‍ പ്രേക്ഷകന്അനുഭവപ്പെടുന്നുണ്ട്.

ബിജിബാല്‍ ഈണം നല്‍കിയ ടൈറ്റില്‍ ഗാനവും ഹരിഹരന്റെ ഒരു ഗസലും മാത്രമാണ് ചിത്രത്തില്‍ ഉള്ളതെങ്കിലും മാണിക്യത്തിന്റെ കഥ പ്രേക്ഷക മനസ്സില്‍ ടൈറ്റില്‍ ഗാനത്തിലൂടെ തന്നെ പകര്‍ന്നു തരാന്‍ ശരത്തിനും ബിജിബാലിനും കഴിഞ്ഞു.

ഗ്രാമീണ ഭംഗി നിറഞ്ഞ പാലേരിയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്നതില്‍ വിജയിച്ച മനോജ്‌ പിള്ള വളരെ പ്രതീക്ഷകള്‍ തരുന്ന ഒരു ചായാഗ്രാഹകനാണ്. രാത്രിയും നിലാവും നാട്ടുവഴികളും എല്ലാം തന്നെ വളരെ മനോഹരമായി മനോജ്‌ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു.

കഥയുടെ തീവ്രതയും അഭിനേതാക്കളുടെ മാനറിസങ്ങളും അല്‍പ്പം അതിര് വിട്ട ഡയലോഗുകളും ഉള്ളതിനാല്‍ കുടുംബ പ്രേക്ഷകര്‍ക്ക് തീര്‍ത്തും ആസ്വദിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നില്ലെങ്കിലും സാങ്കേതികമായും കലാപരമായും ഈ ചിത്രം രഞ്ജിത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവലാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.

3 comments:

 1. അതെ, ഈ ചിത്രം രഞ്ജിത്തിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവലാണ്... മനോഹരമായ ഒരു ചിത്രത്തിന് അതി മനോഹരമായ ഒരു ആസ്വാദനം... ആശംസകള്‍..!!!

  ReplyDelete
 2. Otta vaakkil paranjhaal gambheeram..athaanu paleri manikyam.Ranjith enna director valare vyathyasthmaayi,aarum ithu vare parayaan shramikkatha reethiyil eee kadha avatharippichu kondu...thanthe asamaanya prathibhaa shyliyaanu ivide kaanichirikkunnathu..athu pole thanne ennum vyathyasthamaayi chinthikkukayum athinu vendi pareekshanangal nadathunna Mammotty enna mahaanadante thakarppan abhinayam thanneyaanu ee padathinte mattoru highlight...
  Mikacha oru aaswaadhanam thanne ente priya suhurth ivide ezhuthiyittundu..athu kondu athikam onnum ee chithrathine kurichu parayendathaayittillaa...Well done machu...keep going....

  ReplyDelete
 3. I think You didnt read that Novel... if you read that novel then you will say this is Ranjith's Worst Movie.. or so.. :)

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...