Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Sunday, January 10, 2010

നഷ്ടമാകുന്ന നന്മകള്‍

മകളെ LKG യില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ അവിടുത്തെ അധ്യാപകര്‍ പറഞ്ഞ ഒരു കാര്യം ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. 'ഞങ്ങളുടെ സ്കൂളില്‍ ഞങ്ങള്‍ കുട്ടികളെ വെറും സിലബസ് പഠിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് , മറിച്ച് അവരെ ഭാവിയിലെ successful individuals ആക്കി വാര്‍ത്തെടുക്കുകയാണ്' എന്ന്. കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.. അതിനു വേണ്ടി എന്താണ് അവര്‍ ചെയ്യുന്നതെന്ന് ഞാന്‍ അന്വേഷിച്ചു..

എന്റെ സുഹൃത്ത്‌ തുടര്‍ന്നു... 'കുട്ടികളെ ഞങ്ങള്‍ ഇവിടെ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ കുട്ടിയേയും ഞങ്ങള്‍ പ്രത്യേകം പരിഗണിക്കുന്നുണ്ട്. അവരവരുടെ വസ്തുക്കള്‍ മറ്റാര്‍ക്കും കൊടുക്കുകയോ ലക്‌ഷ്യം ഇല്ലാതെ ഇടുകയോ ചെയ്യാതെ നോക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം ഇപ്പോഴേ കൊടുക്കും. നിങ്ങളുടെ കുട്ടി ഭാവിയിലെ ഒരു MBA ക്കാരന്‍ അല്ലെങ്കില്‍ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ ആവാന്‍ നിങ്ങള്‍ക്കുള്ള ആഗ്രഹം ഞങ്ങള്‍ മനസ്സിലാക്കുകയും അതനുസരിച്ച് കുട്ടികളെ വാര്‍ത്തെടുക്കുവാന്‍ ശ്രെദ്ധിക്കുകയും ചെയ്യുന്നു.. ' സുഹൃത്ത്‌ വളരെ സന്തോഷത്തോടെ ഇത് പറഞ്ഞു.. ഞാന്‍ വളരെ വ്യസനത്തോടെ കേട്ടിരുന്നു..

നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ? പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ ഇളം പ്രായത്തിലെ നമ്മള്‍ മാനേജര്‍മാരാക്കുവാന്‍ കഷ്ട്ടപ്പെടുന്നു. കൂടെ പഠിക്കുന്നവന്, അല്ലെങ്കില്‍ കൂടെ കളിക്കുന്ന കൂട്ടുകാര്‍ക്ക് നമ്മളുടേതായ ഒരു വസ്തുവും ഒരിക്കലും കൊടുക്കരുത് എന്ന് ചെറുപ്രായത്തിലെ പറഞ്ഞു മനസിലാക്കുന്നു.. വെയിലത്തോ മഴയത്തോ കൂട്ടുകാരന്‍ കുടയില്ലാതെ നടന്നാലും കൂട്ടത്തില്‍ കൂട്ടരുത് എന്ന് നമ്മള്‍ കുഞ്ഞുങ്ങളോട് പറയുന്നു.. ഒപ്പം നില്‍ക്കുന്നവനെയും ചവിട്ടിക്കയറി ഏറ്റവും മുകളില്‍ എത്തുവാനുള്ള 'managerial skills ' ആയിരിക്കാം ഇതിലൂടെ നമ്മള്‍ പറഞ്ഞു കൊടുക്കുന്നത്.. മാറുന്ന ലോകത്തില്‍ ഏറ്റവും ആവശ്യവും അത് തന്നെ എന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നുമുണ്ടാവും.. എന്നാല്‍ ഇത് കൊണ്ടെല്ലാം നമ്മള്‍ നഷ്ട്ടപെടുത്തുന്ന ഒരുപാട് മൂല്യങ്ങള്‍ ഉണ്ട് എന്ന വസ്തുത സൌകര്യപൂര്‍വ്വം നമ്മള്‍ മറക്കുന്നു.

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന ആപ്തവാക്യം ദൈവപുത്രന്‍ നമുക്ക് പറഞ്ഞു തന്നിട്ട് രണ്ടു സഹസ്രാബ്ദം മാത്രമേ ആയിട്ടുള്ളൂ . ജീവിതത്തില്‍ അത് പകര്‍ത്താനുള്ള സമയം ആയപ്പോഴേക്കും നമ്മള്‍ അത് മറക്കുവാന്‍ ശീലിക്കുന്നു. പുതിയ തലമുറയെ ഈ നന്മകളില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.. സ്വാര്‍ത്ഥത മാത്രം സ്വായത്തമാക്കിയാണ് നമ്മുടെ പുതിയ തലമുറ വളര്‍ന്നു വരുന്നത്. അപകടത്തില്‍പ്പെട്ട് റോഡില്‍ രക്തം വാര്‍ന്നൊഴുകി കിടക്കുന്ന മനുഷ്യരെ സഹായിക്കാന്‍ നമ്മള്‍ വൈമനസ്യം കാണിക്കുന്നു. നാളെ നമുക്കോ നമ്മളുടെ വേണ്ടപ്പെട്ടവര്‍ക്കോ ഈ അവസ്ഥ വന്നാലോ എന്ന് ചിന്തിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല , പായുന്ന ജീവിതത്തിരക്കിനിടയില്‍ നമുക്കതിനു സമയവുമില്ല . സ്വന്തം കൂട്ടുകാരെ പോലും സഹായിക്കാന്‍ പാടില്ല എന്ന് കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അച്ഛനമ്മമാര്‍ ഒന്നോര്‍ക്കുക.. നാളെ അവര്‍ നിങ്ങളോടും അങ്ങനെ തന്നയെ പെരുമാറുകയുള്ളൂ !

തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസം മാത്രം നല്‍കുന്നതിലൂടെ ഒരിക്കലും തിരുത്താനാവാത്ത തെറ്റിലേക്ക് അടുത്ത തലമുറയെ തള്ളിവിടുന്ന ഈ പ്രവണതയെ തുടച്ചു മാറ്റിയെ തീരൂ.. മൂല്യാധിഷ്ടിത വിദ്യഭാസമാണ് നമ്മള്‍ അവര്‍ക്ക് കൊടുക്കേണ്ടത്.. ജാതി മത വര്‍ഗ ഭേദമില്ലാത്ത , മാനുഷിക മൂല്യങ്ങളില്‍ മാത്രം അധിഷ്ടിതമായ ഒരു തലമുറ.. അതായിരിക്കണം നമ്മുടെ ലക്‌ഷ്യം !!

6 comments:

 1. Good one Ka, Very true. we are trying to forget our great values and forces the next generation to blindly follow the western culture, where there is less 'we' than 'me', but they have alternate systems to take care of each of their citizens.

  Since we can not even dream about such a system in the nearby future we will end up in a hybrid society which is built up on all the odds of both culture...Please God, save your 'own' country

  ReplyDelete
 2. മഹേഷ്‌, വളരെ ശരിയാണ്. നാം നമ്മുടെ അഞ്ചു വയസ്സുകാരനില്‍ കാണുന്നത് കുട്ടിയെ അല്ല! മറിച്ച് ഭാവിയിലെ ഡോക്ടറെ, എന്ജിനീയരെ, മാനേജരെ, . . . . ഇന്നും ഓര്‍ക്കുന്നു ചെളിയില്‍ ചവിട്ടി, മഴ നനഞ്ഞു പെരുമ്പിള്ളി സ്കൂളില്‍ പോയ നാളുകളെ... നാം നമ്മുടെ കുട്ടികളെ കൂട്ടിലിട്ടു വളര്‍ത്തുന്നു. (വീട്+ബസ്‌+സ്കൂള്‍+ടി.വി.) ശരിക്കും വളര്‍ത്തുകയല്ല, എന്തോ ആക്കി മാറ്റാന്‍ വ്യഗ്രത കൊള്ളുകയാണ്? നല്ല തുടക്കം, നല്ല ചിന്തകള്‍.. സ്വാഗതം.

  ReplyDelete
 3. Nice one man.. Keep on kuthikkurikking....

  ReplyDelete
 4. ഞാന്‍ ഇന്നും എന്റെ ഭാര്യയോടടക്കം എല്ലാവരോടും തര്‍ക്കം നടത്തുന്ന ഒരു വിഷയമാണ് ഇത്. എനിക്ക് എന്റെ കുഞ്ഞിനെ ആണ് വേണ്ടത്. ഒരു കമ്പനിയുടെ ഭാവി മാനേജര്‍ അല്ല. അവന്‍ സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു നല്ല വ്യക്തി ആവണം.

  ReplyDelete
 5. നല്ല പോസ്റ്റ്. "ഞാന്‍, എനിക്ക്, എന്റേത്" ഇതാണിപ്പോഴത്തെ തലമുറയുടെ മുദ്രാവാക്യം. ഇതില്‍ നമുക്കവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അവരെ ഇങ്ങിനെയൊക്കെ ആക്കിത്തിര്‍ത്തത് നമ്മള്‍ തന്നെയല്ലേ?

  "എന്റെ മകന്‍ ഒരു മഹാത്മാ ഗാന്ധിയാകുന്നതിനേക്കാള്‍ എനിക്കിഷ്ടം അവനൊരു ഹര്‍ഷദ് മേത്തയാകുന്നതാണ്‌. എന്നാലേ അവനീ ലോകത്ത്‌ ജീവിക്കാന്‍ സാധിക്കൂ" എന്നൊരിക്കല്‍ ഒരമ്മ പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്.

  ReplyDelete
 6. സ്വന്തം മക്കളുടെ കാര്യത്തില്‍ എല്ലാവരും സ്വാര്‍ത്ഥരാന്. മക്കളെ "വാര്‍ത്തെടുക്കുക" എന്നൊരു പ്രയോഗം തന്നെ ഇന്ന് സര്‍വ്വ സാധാരണമാണല്ലോ. അവരുടെ ചിന്തകള്‍ക്ക് ഇടം കൊടുക്കാതെ കൃത്രിമമായ pattern നിര്‍മിച്ചു അതിലൂടെ വളര്‍ത്തിയെടുക്കുക. അങ്ങിനെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു വളരുക. അവര്‍ ഡോക്ടര്‍ ആയേക്കാം എന്‍ജിനീയര്‍ ആയേക്കാം പക്ഷെ മനുഷ്യരും കൂടെ ആവണം എന്ന് മറന്നു പോകുന്നു. അതാണ്‌ താങ്കള്‍ സൂചിപ്പിച്ച വിദ്യാഭ്യാസ രീതിയുടെ കുഴപ്പം. നല്ല ചിന്തകള്‍ക്ക് ആശംസകള്‍.

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...