Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Wednesday, January 20, 2010

ഗന്ധര്‍വനു ഭൂമിയിലും വിലക്ക് !


ഗന്ധര്‍വ ഗായകന്‍ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നിറഞ്ഞ പ്രാര്‍ത്ഥനയോടെ അദ്ദേഹത്തിനു ആശംസകള്‍ അര്‍പ്പിക്കുന്നു.. അദ്ദേഹം അനശ്വരമാക്കിയ ഈ കാലഘട്ടത്തില്‍ എനിക്ക് ജീവിക്കാന്‍ സാധിച്ചതിനു സംഗീതത്തെ സ്നേഹിക്കുന്ന ഒരു ആസ്വാദകന്‍ എന്ന നിലയ്ക്ക് ഈശ്വരനോടും കടപ്പെട്ടിരിക്കുന്നു..

യേശുദാസ്‌ ! ഏതു ദിവസത്തിലും, ഏതൊരു സമയത്തും അദ്ദേഹത്തിന്റെ സ്വരം ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ സംഗീതമായി അലയടിക്കുന്നുണ്ടാവും.. സംഗീതത്തെ ഇഷ്ട്ടപ്പെടുന്ന ഏതൊരു മലയാളിയും ഒരു ദിവസം ആ മധുര സ്വരം കേട്ടിരിക്കും..

വിവിധ ഭാഷകളിലായി അര ലക്ഷത്തോളം ഗാനങ്ങള്‍ ! സിനിമ , നാടക , ഭക്തി ഗാനങ്ങളിലൂടെ കഴിഞ്ഞ 50 വര്‍ഷമായി മലയാളികളെ അദ്ദേഹം അനുഗ്രഹീതരാക്കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ബഹുമതികള്‍ [എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ] , മറ്റു പുരസ്ക്കാരങ്ങള്‍ , സര്‍വോപരി , ജനകോടികളുടെ സ്നേഹവും ആദരവും... ദേവേന്ദ്ര സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ആണ് ഗന്ധര്‍വന്മാര്‍ എന്ന് പുരാണങ്ങള്‍ പറയുന്നുണ്ട്.. യേശുദാസ് എന്ന ഗന്ധര്‍വന്‍ അങ്ങിനെയാണ് ഇവിടെ അവതരിച്ചതെങ്കില്‍ അത് മലയാളിയുടെ പുണ്യം .

എഴുപതാം പിറന്നാള്‍ ശ്രുതിമധുരമാക്കാന്‍ അദ്ദേഹം കൊല്ലൂര്‍ മൂക്കാംബിക ക്ഷേത്രത്തില്‍ പോയിരുന്നു എന്ന വാര്‍ത്ത‍ വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.. എന്നാല്‍ അതിനോടൊപ്പം തന്നെ മനസ്സില്‍ എന്നും ഒരു ചോദ്യചിന്ഹമായി കിടന്നിരുന്ന ഒരു കാര്യം ഓര്‍മ വന്നു.. ലോകം മുഴുവനും അദ്ദേഹത്തെ ആദരിക്കുമ്പോഴും നമ്മള്‍ മലയാളികള്‍ അല്ലേ ഗാനഗന്ധര്‍വനെ ഏറ്റവും വേദനിപ്പിക്കുന്നത് ? ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ താണ്ടി അദ്ദേഹം യാത്ര തുടരുമ്പോഴും മലയാളികള്‍ അദ്ദേഹത്തിന് അയിത്തം കല്‍പ്പിച്ചിരിക്കുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണനെ സ്തുതിച്ചു കൊണ്ട് പൂന്താനവും ചെമ്പൈ ഭാഗവതരും പുരന്ദരദാസരും സ്വാതിതിരുന്നാളും പാടിയതിന്റെ സഹസ്രം മടങ്ങ്‌ ഗാനങ്ങള്‍ പാടിയ യേശുദാസ് എന്ന ഭക്തന്റെ മുന്നില്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ നട നമ്മള്‍ കൊട്ടിയടച്ചു ! .. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എന്നും എത്ര അഹിന്ദുക്കള്‍ പ്രവേശിക്കുന്നുണ്ടാവും? പ്രശസ്തനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അദ്ദേഹത്തിന് അത് സാധിക്കുന്നില്ല.. മൂകാംബിക ക്ഷേത്രത്തില്‍ അദ്ദേഹത്തിന് ലഭിച്ച ആദരവും വരവേല്‍പ്പും കാണുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ നമ്മള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു..

ഈശ്വരനെ തങ്ങളുടെ പാരമ്പര്യ സ്വത്തായി കണക്കാക്കുന്ന ഒരു സമൂഹം ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇത്. വികലമായ ചിന്താഗതികള്‍ ഉള്ള ഒരു പറ്റം വിഡ്ഢികളുടെ ഈ നാടിനെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച മനുഷ്യനെ വന്ദിക്കാതെ വയ്യ . ശ്രീ. വയലാര്‍ രവിയുടെ കൊച്ചു മകന്റെ ചോറൂണ് നടത്തിയെന്ന കാരണം കൊണ്ട് ഗുരുവായൂര്‍ അമ്പലത്തില്‍ ശുദ്ധികലശം നടത്തിയ കാര്യം ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു. ജാതിയെന്നോ മതമെന്നോ ഉള്ള വാക്കുകള്‍ പോലും മനസിലാകാത്ത ഒരു കുഞ്ഞിനോട് ഇങ്ങനെ ചെയ്യുന്നവര്‍ ഭ്രാന്തന്മാരല്ലാതെ പിന്നെന്താണ് ?

'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല ' എന്ന അറിയിപ്പ് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഉണ്ടെങ്കിലും വളരെ രസകരമായ വേറെ ഒരു വസ്തുത ഉണ്ട്. വിദേശീയരായ ആര്‍ക്കും ഇത് ബാധകമല്ല !! പ്രശസ്തമായ എറണാകുളം ശിവ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ അടുത്ത് വരെ പോയി തൊഴുതു നില്‍ക്കുന്ന (തൊഴാന്‍ അറിഞ്ഞിട്ടല്ല . മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ നോക്കി ചെയ്യുകയാണ് ) വിദേശീയരെ ഞാന്‍ കാണാറുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത അയിത്തം നമ്മുടെ നാട്ടിലെ അഹിന്ദുക്കള്‍ക്ക് മാത്രമുള്ള നിയമമാവുന്നത് എങ്ങനെയെന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല..
സ്വാതന്ത്ര്യത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു കഴിഞ്ഞിട്ടും വെള്ളത്തൊലിയോടുള്ള നമ്മുടെ വിധേയത്വം മാറിയിട്ടില്ലാത്തത് കൊണ്ടാണോ ? ആര്‍ക്കറിയാം ?

ഭക്തി മാത്രമാണ് ഈശ്വരനോട് അടുക്കാനുള്ള ഒരേയൊരു മാര്‍ഗം എന്ന് എല്ലാ മതത്തിലും ഒരു പോലെ പറഞ്ഞിട്ടുണ്ടെങ്കിലും ആരുടെയൊക്കെയോ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി നമ്മള്‍ അതെല്ലാം സൌകര്യപൂര്‍വ്വം മറക്കുന്നു.. കാലത്തിന്റെ കുത്തൊഴുക്കില്‍ എപ്പോഴോ എവിടെയോ ആരോ അടിച്ചേല്‍പ്പിച്ച അനാചാരങ്ങള്‍ നമ്മള്‍ ഇന്നും തുടരുന്നു. മതേതര രാഷ്ട്രം എന്ന് കൊട്ടിഘോഷിക്കുമ്പോഴും യഥാര്‍ത്ഥ ആശയത്തില്‍ നിന്നും നമ്മള്‍ എത്രെയോ അകലെയാണ് എന്ന നഗ്നസത്യം മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..

ആരാധനാലയങ്ങളില്‍ അല്ല , സ്വന്തം ഹൃദയത്തില്‍ ആണ് ഈശ്വരന്‍ കുടികൊള്ളുന്നത് എന്നും, അമ്പലങ്ങളും പള്ളികളും എല്ലാം സാമൂഹിക കൂട്ടായ്മ ഉണ്ടാവാന്‍ വേണ്ടിയാണ് നിര്‍മിക്കപ്പെട്ടത് എന്നതുമുള്ള തത്വങ്ങള്‍ മനസിലാക്കാന്‍ പറ്റാതെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണുന്നവരോട് ഈശ്വരന്‍ തന്നെ പൊറുക്കട്ടെ !

16 comments:

 1. nee oru communist aakendavanaanu.....swaagatham......

  ReplyDelete
 2. പഹയാ.. ഭയങ്കര രചനാ വൈഭവം തന്നെ ....

  ReplyDelete
 3. Prashboh ezhuthiyathu oru paridhi vare shariyaanu. Malayaliyude manassil ennum oru communist undu. Avan sahacharyangalude sammardhathil ethu avasthayil ethiyalum athu avante koode undaavum. "Njaan" "ente" ennathu vittu chinthikkumbol nammalellam communist aavum.

  ReplyDelete
 4. പ്രശസ്തനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അദ്ദേഹത്തിന് അത് സാധിക്കുന്നില്ല... ഇതു ആരാണു പറഞ്ഞത്?.

  ഗാനഗന്ധര്‍വന്‍ ഒരു പുണ്യാത്മാവ്‌ തന്നെ. പക്ഷേ അദ്ദേഹത്തെ ഗുരുവായൂരില് പ്രവേശിപ്പിക്കാത്ാതിനു വ്യക്തമായ കാരണങ്ങള്‍ ഉണ്ട്‌.

  കാലങ്ങളായി ഹിന്ദുക്കളുടെ മതവിശ്വാസത്തില്‍ എന്നും ഒരു കാര്യമുണ്ട്‌. വൃത്തി. അഹിന്തുക്കളില്‍ എത്തരപെര്‌ രാവിലെ കുളിക്കുന്നവര്‍ ആണ്? എത്ര പേര്‍ ആശുധ്ധം ഉള്ളപ്പോള്‍ ആരാധനാലയങ്ങളില്‍ പോകുന്നവര്‍ ഉണ്ട്‌? നമ്മുടെ അമ്പലങ്ങളില്‍ കയറുന്നവര്‍ നമ്മുടെ ആചാരങ്ങള്‍ പാലിക്കുമെന്നു എന്താണ് ഉറപ്പ്? പ്രവേശനം അനുവദിച്ാല്‍ എത്രപേര്‍ ഭഗവാനെ തൊഴണ് വരും. എത്ര പേര്‍ ഭക്തിയോട് കൂടി വരും? യേശുദാസിനെ മാത്രമായിട്ട്‌ അമ്പലത്തില്‍ കയറ്റാന്‍ പറ്റുമോ? അപ്പോള്‍ എന്തു പറയും?അദ്ദേഹം ഒരു വലിയ ഗായകനായത്‌ കൊണ്ട്‌ കയറ്റി എന്നോ? ഈ നാട്ടില്‍ എത്ര നല്ല പാട്ടുകാര്‍ ഉണ്ട്‌?

  കേരളമല്ലാത്ത ഒറ്റ നാട്ടിലും യാതൊരു വിധ വൃത്തിയും ശുധവുമ് ഇല്ല. അവയെല്ലാം ഇപ്പോള്‍ വെറും കച്ചവടം മാത്രം. ആചാരങ്ങള്‍ ഉള്ളവേടതല്ലേ അതു തെറ്റിക്കൂമെന്നു പെടിയുന്ടാവുള്ളൂ?

  താങ്കള്‍ ഹിന്ദുക്കളെ മാത്രം പരാമര്‍ശിച്ചത്‌ ഒട്ടും ശെരിയായില്ല. നമ്മെലെ പള്ളിയില്‍ കയറ്റാന്‍ അവര്‍ക്ക് ഒരു മടിയുമില്ല... ശെരി തന്നെ. എന്നാല്‍ പരമാവധി ആള്‍ക്കാരെ മതം മാറ്റാന്‍ നോക്കുമ്പോള്‍ അവര്‍ നമ്മളെ കയറ്റുന്നത്‌ പ്രധിഷേധിക്കേണ്ട കാര്യം ഇല്ലല്ലോ?

  പക്ഷേ കൂര്‍ബാന കൈകൊള്ളാന്‍ എത്ര അന്യ മതസ്തരെ അവര്‍ അനുവദിക്കാറുണ്ട്‌? എത്ര പേര്‍ നമ്മള്‍ കൊണ്ട്‌ വരുന്ന പ്രസാദം കഴിക്കാറില്ല എന്നറിയാമോ?

  അതുകൊണ്ട് യേശുധാസിനെ അമ്പലത്തില് കയറ്റാന് നമ്മള്‍ക്ക് ഒരു മടിയുമില്ല. അദ്ദേഹത്തിനു വേണമെങ്കില് ആര്യ സമാജത്തില് പോയി മതം മാറി നമ്മുടെ ആചാരങ്ങള് പഠിച്ചിട്ട്‌ വരട്ടെ.

  പിന്നെ ചെറിയ അമ്പലങ്ങള്‍ പലതും ആചാരങ്ങള്‍ തെറ്റിക്കാറുണ്ട്‌. എന്നാല്‍ ശക്തമായ ക്ഷേത്ര സമിതി ഉള്ള ഒരു അമ്പലത്തിലും അന്യര്‍ക്കു പ്രവേശനം ഇല്ല.

  നമ്മുടെ പല വിശ്വസങ്ങളും ആചാരങ്ങളും അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു പോസ്റ്റിടണ്ട കാര്യം ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക്‌ പറയാനുള്ളത്.

  ReplyDelete
 5. എല്ലാ സ്ഥലങ്ങളിലും എല്ലാവര്ക്കും പ്രവേശനം സാദ്ധ്യമല്ല. (ആവശ്യവുമില്ല) നമ്മുടെ കിടപ്പറയില്‍ നാം മറ്റുള്ളവരെ അനുവദിക്കുമോ? പള്ളിയുടെ അള്‍ത്താരയില്‍ എല്ലാവര്‍ക്കും പ്രവേശനമില്ല. നാലമ്പലം, ചുറ്റമ്പലം, ശ്രീകോവില്‍ എന്നിങ്ങനെ പല സ്ഥലങ്ങളും ഉണ്ട്. യേശുദാസിന് എവിടെ വരെ കയറാം എന്ന് തീരുമാനിക്കുന്നത് ക്ഷേത്രത്തിന്റെ അധികാരികള്‍ ആണ്. മറ്റാരും അല്ല.

  ReplyDelete
 6. അഭിപ്രായങ്ങള്‍ക്ക് നന്ദി.
  @Jhansi Rani :
  കാലാകാലങ്ങളായി ഹിന്ദുക്കളുടെ മതവിശ്വാസത്തില്‍ ഉള്ള 'ചില കാര്യങ്ങള്‍ ' താങ്കള്‍ സൂചിപ്പിച്ചല്ലോ.. അഹിന്ദുക്കളില്‍ എത്ര പേര്‍ രാവിലെ കുളിക്കാത്തവര്‍ ഉണ്ടെന്നും , കേരളം അല്ലാത്ത മറ്റൊരു നാട്ടിലും ആര്‍ക്കും വൃത്തിയും ശുദ്ധവും ഇല്ല എന്നും മറ്റുമുള്ള ബാലിശമായ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കിയാല്‍ പിന്നെ ഇത്രെയും എഴുതിയത് ഒക്കെ വെറുതെയാകും :-)
  ഗാനഗന്ധര്‍വന്റെ അവസ്ഥ സൂചിപ്പിച്ചത് കൊണ്ട് ഇത് അദ്ദേഹത്തിന്റെ ക്ഷേത്ര പ്രവേശനവുമായി മാത്രം ബന്ധപ്പെടുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.. അത് ഏറ്റവും താഴത്തെ തട്ടിലുള്ള വീക്ഷണം മാത്രമാണ്.. യഥാര്‍ത്ഥ പ്രശ്നം അല്‍പ്പം കൂടി സാന്ദ്രത കൂടിയതാണ്.
  താങ്കള്‍ ഹിന്ദുക്കളെ കുറിച്ച് പറഞ്ഞു.. ആരാണ് ഒരു ഹിന്ദു എന്നതിനെക്കുറിച് അല്പംകൂടി ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു..അല്‍പ്പം ആധികാരിതയ്ക്ക് വേണ്ടി ഹിന്ദു എന്ന ഈ wikipedia ലേഖനം ഒന്ന് വായിക്കുക.. അതില്‍ നിന്നും ചില ഏടുകള്‍ ഇതാ..
  "When we think of the Hindu religion, unlike other religions in the world, the Hindu religion does not claim any one prophet; it does not worship any one god; it does not subscribe to any one dogma; it does not believe in any one philosophic concept; it does not follow any one set of religious rites or performances; in fact, it does not appear to satisfy the narrow traditional features of any religion or creed. It may broadly be described as a way of life and nothing more."
  സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവര്‍ 'ഹിന്ദു' എന്ന പേരില്‍ അറിയപ്പെട്ടു എന്നത് മാത്രമാണ് നമ്മുടെ ലിഖിത ചരിത്രങ്ങള്‍ നമുക്ക് കാണിച്ചു തരുന്നത്.. ഇതല്ലാതെ, ഈ പറയുന്ന ക്ഷേത്രങ്ങളില്‍ കുടികൊള്ളുന്ന ഏതെങ്കിലും ദൈവങ്ങളുടെ പുരാണങ്ങള്‍ എടുത്ത് നോക്കിയാല്‍ അതില്‍ ഹിന്ദു എന്നൊരു വാക്കോ ഒരു സൂചനയോ കണ്ടു പിടിക്കാന്‍ പറ്റുമോ ?
  ഹിന്ദു മത വിശ്വാസിയായ ഒരു കൊടും കുറ്റവാളി നല്ല പോലെ ശരീര ശുദ്ധി വരുത്തിയ ശേഷം അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചാല്‍ പ്രസാദിക്കുന്ന ഒരു ദൈവമാണ് അവിടെ ഉള്ളതെങ്കില്‍ , എനിക്ക് ആ ദൈവത്തില്‍ വിശ്വാസം ഇല്ല [എന്റെ അഭിപ്രായം മാത്രം]. മുപ്പത്തി മൂന്നു കോടി ദേവന്മാരും ത്രിമൂര്‍ത്തികളും അനേകം ദേവിമാരും ചേര്‍ന്ന് സമ്പന്നമാണ് ഹൈന്ദവ പുരാണങ്ങള്‍ /വിശ്വാസങ്ങള്‍ , എങ്കിലും ഇതെല്ലാം ഒന്നിന്റെ വിവിധ രൂപ ഭേദങ്ങളാണ് എന്നാണു മഹാഭാഗവതത്തില്‍ പോലും പറഞ്ഞിട്ടുള്ളത്.. അങ്ങനെയാണെങ്കില്‍ ധര്‍മത്തെ സംരക്ഷിക്കുന്നു എന്ന് വിശ്വസിക്കുന്ന സാക്ഷാല്‍ ശ്രീ ധര്‍മശാസ്താവിന്റെ നടയില്‍ [കേരളത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രം !! ] ജാതി മത ഭേദമന്യേ എല്ലാവര്ക്കും പ്രവേശിക്കാം സാധിക്കുന്നുണ്ടല്ലോ ? പിന്നെന്തു കൊണ്ട് ചിലയിടങ്ങളില്‍ മാത്രം ഈ വ്യത്യാസം..
  പള്ളിയില്‍ മറ്റു മതക്കാരെ പ്രവേശിപ്പിക്കുന്നതിനെ മത പരിവര്ത്തനവുമായി ബന്ധപ്പെടുത്തിയതിനോട് പൂര്‍ണമായും വിയോജിക്കുന്നു.. ഒരു നേരത്തെ ഭക്ഷണം കിട്ടിയാല്‍ ഏതു മതത്തിലേക്ക് വേണമെങ്കിലും മാറാം എന്ന അവസ്ഥയില്‍ ഉള്ള ലക്ഷക്കണക്കിനു പട്ടിണിപ്പാവങ്ങള്‍ ഉള്ള നാടാണ് നമ്മുടെ ഭാരതം. താങ്കള്‍ പറയുന്ന ഈ വൃത്തിയും ശുദ്ധിയും ആചാരങ്ങളും കൊണ്ട് അവരുടെ വിശപ്പടക്കാന്‍ പറ്റാണ്ട് വരുമ്പോള്‍ അവര്‍ മതം മാറുന്നു. സുഭിക്ഷമായി ജീവിക്കുവാന്‍ അനുഗ്രഹീതരായ നമ്മള്‍ ഇത് കണ്ടു അവരെ അവഹേളിക്കുന്നു.. അവര്‍ മാറുന്ന മതത്തിന്റെ വക്താക്കളെ ചുട്ടെരിക്കുകയും ചെയ്യുന്നു.. [നാളെ നമുക്ക് അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ !!]
  ഒരു ക്ഷേത്രത്തില്‍ കയറാന്‍ വേണ്ട ആചാരങ്ങള്‍ ആര്യ സമാജത്തില്‍ പോയി പഠിക്കുവാന്‍ മാത്രം ഉണ്ടോ എന്ന കാര്യത്തില്‍ സംശയം ഉണ്ട്.. ഉണ്ടെങ്കില്‍ അത് കാല്‍ നൂറ്റാണ്ടിലേറെ വര്‍ഷമായിട്ട് അമ്പലത്തില്‍ പോകാറുള്ള എനിക്ക് ഒരു പുതിയ അറിവാണ് ..
  വിശ്വാസങ്ങളും ആചാരങ്ങളും അന്ന്യം നിന്നു പോകുന്നു എന്ന് താങ്കള്‍ പറഞ്ഞതിനോടൊപ്പം , സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ആരോ ചെയ്തു വച്ച അനാചാരങ്ങള്‍ നമ്മള്‍ അന്ധമായി പിന്തുടരുന്നു എന്നും പറയാന്‍ ആഗ്രഹിക്കുന്നു.
  കേരളത്തിലെ ശിവ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമുഖമായ ഒന്നായ എറണാകുളം ശിവ ക്ഷേത്രത്തില്‍ സ്ഥിരം കാണുന്ന ഒരു കാഴ്ചയാണ് വിദേശികള്‍ പ്രവേശിക്കുന്നത്.. ക്ഷേത്ര സമിതി എന്ന് പറയുന്ന , 'ഈശ്വരനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നു' എന്ന് സ്വയം കരുതുന്ന ആരുടെയെങ്കിലും കഴിവുകേടാണോ ഇത് എന്ന് എനിക്കറിയില്ല.

  ReplyDelete
 7. @JOE :
  എല്ലാ സ്ഥലങ്ങളിലും എല്ലാവര്ക്കും പ്രവേശനം സാദ്ധ്യമല്ല - വളരെ സത്യമാണ്. നമ്മുടെ കിടപ്പറയില്‍ വേറെ ആരെയും നമ്മള്‍ അനുവദിക്കില്ല.. അതും സമ്മതിച്ചു.. പക്ഷെ അത് പോലെയാണോ ഈശ്വര സന്നിധി.. അങ്ങനെ ഒരു ശക്തി പ്രകൃതിയില്‍ ഉണ്ടെങ്കില്‍ , അത് ആരുടെയെങ്കിലും സ്വന്തമാണോ ?
  അത് പോട്ടെ.. കുടുംബ ക്ഷേത്രങ്ങളില്‍ അന്യരെ പ്രവേശിപ്പിക്കാറില്ല.. സമ്മതിച്ചു .. അത് സ്വന്തം സ്ഥലത്താണ് .. ദേവസ്വം സര്‍ക്കാരിന്റെ സ്വത്ത്‌ അല്ലേ? എന്ന് പറയുമ്പോള്‍ ഇവിടുത്തെ എല്ലാ ജനങ്ങളുടെയും അല്ലേ ?

  ReplyDelete
 8. ഒരുകാലത്ത് ക്ഷേത്രങ്ങളില്‍ മേല്‍ജാതിക്കാര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ . അന്ന് അതിനെ അനുകൂലിക്കാനും ഒരുപാട് പേരുണ്ടായിരുന്നു.. പക്ഷെ എന്നിട്ടും ആ അനാചാരം തുടച്ചു നീക്കപ്പെട്ടു.. ജാതിയുടെ ആ മതില്‍ക്കെട്ട് തകര്‍ന്ന പോലെ മതത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാവും...

  മാറ്റം .. അതാണ്‌ പ്രകൃതി നിയമം !!

  ReplyDelete
 9. jaathiyum mathavumillathe ellavareyum orupole kaanaan manushyan aayal mathi. pinne ivideyulla ella niyamangalum ororutharkum oro reethiyilalle.pinne niyamangal alpamengilum paalikapedunnathu ithupole jaathi,matham ,vargam,paavappettavande melulla niyamangal ennivayilaanu.endinulla application aayaalum athil jaathiyum mathavum poorippikanamallo.mathethara raagyamaayaalum athu nirbandham. pinne ithellam ororutharude chindagathiyude prasnagalalle.ellam kaalam maattumennu viswasikkam.

  ReplyDelete
 10. ഈശ്വരന്‍ സര്‍വ്വവ്യാപിയാണ് മഹേഷ്‌. ഗുരുവായൂര്‍ അമ്പലം ഒരു സ്വകാര്യ (വ്യക്തികളുടെ, സമുദായത്തിന്റെ) സ്ഥാപനമാണ്‌. 'ഈശ്വരനെ തേടി ഞാന്‍ അലഞ്ഞു.....' എന്നൊരു പഴയ ഗാനം ഉണ്ട്, കേട്ടിട്ടുണ്ടോ? ഈശ്വരനെ സ്വന്തം ഹൃദയത്തില്‍ കണ്ടെത്തിയിരുന്നെങ്കില്‍ യേശുദാസ്‌ ഈ വിവാദത്തിനു പോകില്ലായിരുന്നു. യേശുദാസിന്റെ മതസൌഹാര്‍ദം 'കസെറ്റ് വില്പന' മാത്രം ലക്ഷ്യമാക്കി ആയിരുന്നു. അതിലൂടെ അയാള്‍ കോടിശ്വരനായി മാറുകയും ചെയ്തു. (ശ്രീ.ജയചന്ദ്രനെ എന്തുകൊണ്ട് കേരളം വേണ്ടരീതിയില്‍ പ്രോത്സാഹിപ്പിച്ചില്ല?)

  ReplyDelete
 11. കൊള്ളാം മച്ചു ... ഒരു ആധികാരിത ഉണ്ട് നിന്റെ ലേഖനത്തിനും, മറുപടികള്‍ക്കും.. എഴുതിക്കൊണ്ടേ ഇരിക്കൂ..

  ReplyDelete
 12. ജോ , യേശുദാസ് ഒരിക്കലും ഈ വിവാദത്തിനു പോയിട്ടില്ല. ഈശ്വരനെ തേടിഞാന്‍ നടന്നു എന്നാ പട്ടു അദ്ദേഹം തന്നെയാണ് പാടിയിട്ടുള്ളത്. പിന്നെ യേശുദാസ് പട്ടു പാടി കോടീശ്വരനായി എന്നിരിക്കാം. ജയചന്ദ്രന്‍ നല്ല ഗായകനാണ്. അദ്ദേഹത്തെയും ജനങ്ങള്‍ പ്രോത്സാഹിപ്പിച്ചുണ്ട്. ഇന്നും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷെ ദാസിനുള്ള വ്യത്യാസം , അദ്ദേഹത്തിന്റെ സംഗീതത്തിലുള്ള അറിവ്, കഴിവ് ഇതിനെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പണ്ട് കാലത്തുള്ള നല്ല സംഗീത സംവിധായകര്‍ അദ്ദേഹത്തെ തിരഞ്ഞെട്ക്കാന്‍ കാരണം അദ്ദേഹത്തിന്റെ റേഞ്ച് ആണ്. താരതമ്യപ്പെടുത്താന്‍ പറ്റില്ല രണ്ടു പേരെയും. യേശുദാസിന് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. അദ്ദേഹത്തിന്റെ കച്ചേരി ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ? കേരളത്തിലെ ഒരു പാട് ജനങ്ങള്‍ക്ക്‌ ദാസിനോട് അസൂയയുണ്ട്. ക്രിസ്ത്യന്‍ ആയി പോയീ എന്നാ ഒറ്റക്കാരണം കൊണ്ട് അദ്ദേഹം ഉയര്‍ന്നുവരാന്‍ ഒരുപാട് കഷ്ടപ്പെട്ട്ടിട്ടുണ്ട്. അന്നൊക്കെ സ്വന്തം പ്രയത്നം മാത്രം ആയിരുന്നു അദ്ദേഹത്തിന്റെ ആയുധം. അന്ധനായ രവീന്ദ്ര ജയിന്‍ എന്നാ ഹിന്ദി സംഗീത സംവിധായകന്‍ (അദ്ദേഹമാണ് ഗോരി തേരാ ,ജബ് ദീപ ജലേ എന്നിവ ചെയ്തത്..) പറഞ്ഞത് അദ്ദേഹത്തിന് കാഴ്ച കിട്ടിയാല്‍ ആദ്യം യേശുദാസിനെ കാണണം എന്നാണ്.

  ReplyDelete
 13. മഹേഷ്‌ ഹിന്ദുക്കളെ പറ്റി മാത്രം കുറ്റം പറയുന്നു എന്നു ജാന്‍സി റാണി പറയുന്നത് കണ്ടു. അത് ഒരു പക്ഷെ മഹേഷ്‌ ഹിന്ദു സമുദായത്തില്‍ ജനിച്ചത്‌ കൊണ്ടാവാം. പള്ളിയില്‍ കുര്‍ബാന കൈ കൊള്ളാന്‍ അന്യ മതസ്ഥരെ സമ്മതിക്കാറില്ല എന്നു താങ്കള്‍ പറഞ്ഞതും ശരി തന്നെ. ഏതു മതമായാലും കാലാ കാലങ്ങളായി പല വ്യക്തികളുടെയും ഹിതങ്ങല്‍ക്കനുസരിച്ചു രീതികള്‍ മാറ്റി മറിയ്ക്കുന്നു. മതത്തിനതീതമായി ചിന്തിക്കാന്‍ മനസ്സ് തുറക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. പിന്നെ ഹിന്ദു ദൈവങ്ങള്‍ അത്ര decent ഒന്നും അല്ല. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കണ്ടു വരുന്ന പല വീരന്മാരും കേമന്മാര്‍ തന്നെ. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍, മഹാബലിയോട് അസൂയ തോന്നിയ ദേവന്മാര്‍, അപ്സരകളുടെ നൃത്തം ആസ്വദിക്കുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ദേവന്മാര്‍, കോപം കൊള്ളുന്ന മഹര്‍ഷിമാര്‍, പാണ്ഡവര്‍ എന്നു വിളിക്കുന്ന അഞ്ചു പേരില്‍ എത്ര പേര്‍ പാണ്ടുവിന്റെയാണ്? ഹൈന്ദവ ഭാവ ശുദ്ധിയുടെ ഏറ്റവും വലിയ തെളിവാണ് അത്. ഈ അഞ്ചു പേരും സഹോദരങ്ങളിയിട്ടു കൂടി ഒരു സ്ത്രീയെ ഭാര്യയെ പങ്കിട്ടെടുതില്ലേ? എല്ലാവരും മാന്യന്മാര്‍!

  ReplyDelete
 14. ശ്രീ. യേശുദാസിന്റെ മാത്രമല്ല, ശ്രീ.ബാലാ മുരളി കൃഷ്ണയുടെയും കച്ചേരി നേരിട്ടാസ്വദിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

  ReplyDelete
 15. മഹേഷിന്റെ ചിന്താധാര വളരെ ഉയര്‍ന്നതാണ്. അടിസ്ഥാനപരമായി അഹിംസയാണ് എല്ലാ മതങ്ങളുടെയും ഭാഷ. പ്രപഞ്ചത്തിനൊരു നിര്‍മാതാവിനെ ചൂണ്ടി കാണിക്കുന്നതിനാലാണ് ജനങ്ങള്‍ മതങ്ങളില്‍ അഭയം തേടുന്നത്."ഈശ്വരനെ തേടി നടന്നു " എന്ന് പാടിയത് പാട്ടുകാരന്റെ കുറ്റമായി കാണാനാവില്ല.പറഞ്ഞു വന്നപ്പോള്‍ വേറൊരു ആര്‍ട്ടിക്കിള്‍ വായിച്ചത് ഓര്‍മ വന്നു. "ചക്രവാള സീമകളെ തേടി ഞാന്‍ യാത്ര തുടര്‍ന്നു.എന്നാല്‍ കൂടുതല്‍ കൂടുതല്‍ ചെല്ലുംതോറും ചക്രവാളങ്ങള്‍ എന്നില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകുകയാണ്.എന്റെ യാത്ര അനന്തമാണ്‌."ഏറെകുറെ ഈ ഗാനത്തിന്റെ അതെ അര്‍ഥം. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തി ഗാനങ്ങള്‍ പാടിയിരിക്കുന്നതും അദ്ദേഹമാണല്ലോ.
  മഹേഷിന്റെ മതേതര ചിന്താരീതി എല്ലാവര്‍ക്കും ഉള്‍ക്കൊളളാനായെങ്കില്‍ എത്ര നന്നായിരുന്നു.

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...