Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Thursday, February 4, 2010

സ്വര്‍ഗ്ഗത്തിലെ ചട്ടമ്പികള്‍ [സിനിമ]


ചട്ടമ്പിനാട്
ദിശാബോധമുള്ള കഥ കൊണ്ടും, ശക്തമായ തിരക്കഥ കൊണ്ടും, അവതരണത്തിലെ വൈവിധ്യവും കൊണ്ട് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ 'രാജമാണിക്യം' എന്ന സിനിമയുടെ ഓര്‍മ്മകള്‍ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം വീണ്ടും പൊടി തട്ടിയെടുത്ത് നിറം മാറ്റി നമുക്ക് മുന്നില്‍ എത്തിച്ചു തന്നിരിക്കുന്നു.. ചുരുക്കിപ്പറഞ്ഞാല്‍ പുതിയതും ചവര്‍പ്പുള്ളതുമായ വീഞ്ഞ് ആ പഴയ കുപ്പിയില്‍ നിറച്ചു മലയാളിയുടെ മുന്നിലേക്ക് എത്തിച്ചതാണ് ചട്ടമ്പിനാട് എന്ന ചിത്രം. രാജമാണിക്യത്തിന്റെ ഹാങ്ങ്‌ ഓവര്‍ മലയാളിക്ക് മാറിത്തുടങ്ങി എന്ന് ഷാഫിക്കും തോന്നിക്കാണണം. അല്ലെങ്കില്‍ പിന്നെ ലോലിപോപ്പ് എന്ന ചിത്രം തന്റെ കരിയറില്‍ വരുത്തിയ കരിനിഴല്‍ പെട്ടന്ന് മായ്ച്ചു കളയാനുള്ള എളുപ്പവഴി ഇതാണെന്ന് കരുതിക്കാണും.. എന്തായാലും ഒറ്റവാക്കില്‍ ചട്ടമ്പിനാട് തികഞ്ഞ ഒരു പരാജയമാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.. മള്‍ട്ടി കളര്‍ വേഷത്തില്‍ നിന്നും തൂവെള്ള വേഷത്തിലേക്കുള്ള മമ്മൂട്ടിയുടെ മാറ്റം തന്നെയാണ് ചിത്രത്തില്‍ എടുത്ത് പറയാനുള്ള 'പുതുമ' . ഒപ്പം തിരോന്തോരം സ്ലാംഗ് മാറ്റി കന്നഡ ഭാഷ തിരുകി കയറ്റി. [മമ്മൂട്ടിയുടെ കൂടെ കര്‍ണാടകത്തില്‍ താമസിക്കുന്ന വിനു മോഹന്‍ ഉള്‍പ്പടെ ആര്‍ക്കും ആ ഭാഷ കിട്ടിയിട്ടില്ല എന്നതാണ് ആശ്ചര്യവും ഒപ്പം ആശ്വാസവും നല്‍കുന്ന കാര്യം ].

ഗ്രാമത്തില്‍ നിന്നും കുട്ടിക്കാലത്ത് ഒളിച്ചോടി അന്യദേശത്തു പോയി സകല തരികിടയും പഠിച്ചു സമ്പന്നനായ മാണിക്യം ഇതില്‍ മല്ലയ്യ ആയിട്ടുണ്ട്. ഒളിച്ചോട്ടവും മറ്റും പഴയത് തന്നെ. തെറ്റിധാരണ കൊണ്ട് തന്നെ ഇത്തവണയും നാട് വിടേണ്ടി വന്നത്. നഷ്ട്ടപ്പെട്ടത് തിരിച്ചു മേടിക്കാനും തെറ്റിധാരണകള്‍ തിരുത്താനും തന്നെ മടങ്ങിവരവും. രഹ്മാന് പകരം വിനു മോഹന്‍ കൂടെയുണ്ട്. നാട്ടില്‍ എത്തുമ്പോള്‍ പദ്മപ്രിയയുടെ റോളില്‍ ഇത്തവണ ലക്ഷ്മി റായ് ഉണ്ട്. മനോജ്‌ കെ ജയന് ഒരു വ്യത്യാസവും ഇല്ല എന്ന് തന്നെ പറയാം.

മമ്മൂട്ടിയുടെ കുറ്റിത്താടിയും കടുക്കനും മോതിരങ്ങളും ഒക്കെ അദ്ദേഹത്തിന്റെ പ്രായം വീണ്ടും കുറച്ചിരിക്കുന്നു എന്ന വസ്തുത പറയാതെ വയ്യ. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം എന്ന കഥാപാത്രമാണ് ഒത്തിരി കയ്യടി നേടിയത്. തന്റെ സ്ഥിരം സ്റ്റൈല്‍ ആവര്‍ത്തിച്ച സുരാജ് , മലയാളികള്‍ക്ക് തന്നെ മടുത്തു തുടങ്ങിയിട്ടില്ല എന്ന് വീണ്ടും തെളിയിച്ചു. കഥയിലെ വില്ലനെ അവതരിപ്പിച്ച സിദ്ദിക്ക് പ്രത്യേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥാപാത്രമായി ഒതുങ്ങി. ജനാര്‍ദനന്‍ , സലിംകുമാര്‍ തുടങ്ങിയവരും അവിടിവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ഡയലോഗുകളില്‍ ഒതുങ്ങിക്കൂടാനായിരുന്നു മൈഥിലിയുടെ കഥാപാത്രത്തിന്റെ വിധി.

ശ്രദ്ധിക്കാന്‍ മാത്രം ഉള്ള ഗാനങ്ങള്‍ അലക്സ്‌ പോളിനും സൃഷ്ടിക്കാന്‍ പറ്റിയില്ല. ക്യാമറമാന്‍ മനോജ്‌ പിള്ളയുടെ കഴിവുകള്‍ വിനിയോഗിക്കാന്‍ ഒരു അവസരം ഈ തിരക്കഥയില്‍ ഉണ്ടായിടുണ്ടോ എന്നും സംശയമാണ്. എങ്ങനെയെങ്കിലും തീര്‍ക്കാന്‍ പാട് പെടുന്ന ഒരു കാഴ്ചയാണ് ഇടവേളയ്ക്കു ശേഷം. ഒന്നിനും കൊള്ളാത്തതും അവിശ്വസനീയവും ആയ ഒരു ക്ലൈമാക്സ്‌ കൂടി ആയപ്പോള്‍ ഈ സിനിമയുടെ പരാജയം പൂര്‍ണമായി.

കൂടുതല്‍ എഴുതാന്‍ വയ്യ !

ഇവിടം സ്വര്‍ഗ്ഗമാണ്

വ്യത്യസ്തതയുമായി റോഷന്‍ ആണ്ട്രൂസ് വീണ്ടും ! ഇത്തവണ മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ സുവര്‍ണ കാലഘട്ടത്തിലെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു നായകനെയാണ് റോഷന്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത്. മിടുക്കനും ബുദ്ധിമാനുമായ വിദ്യാര്‍ഥി ആയിരുന്നിട്ടും പിതാവിന്റെ കടങ്ങള്‍ വീട്ടാന്‍ വേണ്ടി കര്‍ഷകനായി , ഒടുവില്‍ മണ്ണില്‍ പൊന്നു വിളയിക്കുന്ന ഒരു വലിയ പ്രകൃതി സ്നേഹിയായി മോഹന്‍ലാല്‍ വീണ്ടും സാധാരണക്കാരന്റെ വേഷത്തില്‍ എത്തുന്നു. ഒരുപാട് പക്ഷി മൃഗാദികള്‍ ഉള്ള ഒരു വലിയ ഫാം നടത്തുന്ന നായകന്‍റെ സ്ഥലം ഭൂമാഫിയക്കാരനായ വില്ലന്‍ കണ്ണ് വയ്ക്കുന്നിടത്ത് ചിത്രം ആരംഭിക്കുന്നു.

ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്ന തിരക്കഥാകൃത്തിന്റെ ശക്തമായ തൂലിക തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. കഥയുടെ നൂലാമാലകള്‍ വളരെ സൂക്ഷ്മമായി പഠിച്ചു തന്നെയാണ് അദ്ദേഹം ഈ ചിത്രം രചിച്ചിരിക്കുന്നത്. സമകാല സംഭവങ്ങളെ വളരെയധികം അപഗ്രഥിച്ചു കൊണ്ടാണ് ഈ കഥ മുന്നോട്ട് പോകുന്നത്.

ഒരു പക്ഷെ നായകനായ മോഹന്‍ലാലിനേക്കാള്‍ അഭിനയ സാധ്യത കൂടിയ ഒരു വില്ലന്‍ കഥാപാത്രത്തെ തന്മയത്വത്തോട്‌ കൂടി അവതരിപ്പിച്ച ലാലു അലക്സ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ നല്ലൊരു ശതമാനം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ആലുവ ചാണ്ടി എന്ന ഈ കഥാപാത്രം ലാലു അലക്സിന്റെ അഭിനയ ജീവിതത്തിലെ ഒരു പൊന്‍ തൂവലാണ് എന്നതില്‍ സംശയമില്ല .

വിരോധാഭാസമെന്നു തോന്നാം , ഇതേ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഒരു മുഖ്യ ന്യൂനതയും. വളരെ നെഗറ്റീവ് ആയ ഒരു കഥാപാത്രമായി തുടങ്ങിയിട്ടും അവസാനമാവുമ്പോള്‍ അവിശ്വസനീയമായ രീതിയില്‍ പാവമാകുന്ന ഒരു വില്ലന്‍ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. എതിര്‍ക്കുന്നവരെ കൊന്നു കുഴിച്ചു മൂടിയ ചരിത്രമുള്ള ആലുവ ചാണ്ടിയെ വളരെ പെട്ടന്ന് വെറും ഒരു മണ്ടനും , പ്രേക്ഷകന് സഹതാപം തോന്നുന്ന തരത്തില്‍ ഒരു പാവവും ആക്കി മാറിയത് അല്‍പ്പം കടന്ന കയ്യായിപ്പോയി എന്നൊരു സംശയം തോന്നുന്നു.

നായികമാര്‍ക്ക് ഒരു പഞ്ഞവുമില്ല ! വക്കീല്‍ ആയി ലക്ഷ്മി റായ്യും ചാനല്‍ അവതാരിക ആയി പ്രിയങ്കയും കര്‍ക്കശക്കാരിയായ ഉദ്യോഗസ്ഥ ആയി ലക്ഷ്മി ഗോപാലസ്വാമിയും അവരുടെ ചെറിയ റോളുകള്‍ കുഴപ്പമില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്. നായകനെ സഹായിക്കുന്ന മറ്റൊരു വക്കീലായി ശ്രീനിവാസനും രംഗത്ത് വരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കണ്ടു മറന്ന പല കഥാപാത്രങ്ങളുടെയും രൂപം അതില്‍ നിഴലിച്ചിരുന്നു. കൃത്രിമ ആധാരങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രഗല്‍ഭനായ ഒരു ആധാരം എഴുത്തുകാരനായി ജഗതി അതിമനോഹരമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നായകന്റെ കൂട്ടുകാരനായി പഴയകാല നായകന്‍ ശങ്കറും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പല അനീതികളും കൃത്രിമങ്ങളും തുറന്നു കാട്ടുന്നു എന്നത് ചിത്രത്തിന്റെ വിജയം തന്നെയാണ്. എങ്കിലും , വിശ്വസിക്കാന്‍ പ്രയാസമുള്ളത് കൊണ്ടോ അതോ മനപ്പൂര്‍വം അവിശ്വസിക്കാന്‍ ശ്രമിക്കുന്നതോ ആണെന്നറിയില്ല , realistic family thriller എന്ന തലക്കെട്ടില്‍ ഒരല്‍പം unrealistic സംഭവവികാസങ്ങള്‍ ബോധപൂര്‍വം കാണിക്കുന്നില്ലേ എന്നൊരു സംശയം പ്രേക്ഷകന് തോന്നാം. എന്നാല്‍ ഗാനങ്ങളുടെ അഭാവം പോലും ചിത്രത്തിന്റെ മാറ്റിന് ഒരു കുറവും വരുത്തിയിട്ടില്ല എന്നത് വലിയ ഒരു വിജയമാണ്. എല്ലാം കൊണ്ടും മലയാളി പ്രേക്ഷകര്‍ക്ക് വളരെ വലിയ പ്രതീക്ഷകള്‍ തന്നെയാണ് ഈ ചിത്രത്തിലൂടെ റോഷന്‍ ആണ്ട്രൂസ് തന്നിരിക്കുന്നത്. വ്യത്യസ്തമായ അനവധി ചിത്രങ്ങള്‍ നമുക്ക് ഇനിയും ഈ യുവ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാം !

മുറിവാല്‍ : കേരളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ബാബാ കല്യാണി , ടൈം , റെഡ് ചില്ലീസ് മുതലായ വമ്പന്‍ ഹിറ്റുകള്‍ കാണേണ്ടി വന്നതിനു ശേഷം ഷാജി കൈലാസിന്റെ പടങ്ങള്‍ കാണില്ല എന്ന് ശപഥം ചെയ്തതായിരുന്നു. എന്നാല്‍ ശരത്കുമാര്‍ അഭിനയിച്ച 'ജഗ്ഗുഭായ്' എന്ന സിനിമ കണ്ടതിനു ശേഷം ആ തീരുമാനം മാറ്റാന്‍ തീരുമാനിച്ചു . ഷാജി എത്ര ഭേദം ! പത്തിരുപത് കോടി രൂപ ചിലവഴിച്ചു എന്ന് രാധിക ശരത്കുമാര്‍ പറഞ്ഞത് എന്തിനു വേണ്ടിയാണ് എന്നും മനസിലായി. ക്ലൈമാക്സ്‌ സീനിലെ ആക്ഷന്‍ കണ്ടപ്പോള്‍ പണ്ട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത 'അലിഫ് ലൈല' എന്ന സീരിയല്‍ ആണ് ഓര്‍മ വന്നത്. പടം കണ്ടിരുന്ന തമിഴന്മാര്‍ വരെ കൂവിപ്പോയി !!


6 comments:

 1. pinpoint reviews! cinema kanandu othu :):)

  ReplyDelete
 2. അപ്പം തിന്നാല്‍ പോരെ? കുഴി എണ്ണണോ? നമിതയെ കണ്ടില്ലേ? കോടികള്‍ എണ്ണണോ?

  ReplyDelete
 3. correct nee poyya kaaryam nadannille...

  ReplyDelete
 4. Aliya reviews are superb...Really you have good future as film critic...

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...