Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Tuesday, February 9, 2010

മാധ്യമ (ശവ) സംസ്കാരം !


             പ്രഹസനം എന്ന നിലയില്‍ നിന്നും കടുത്ത അധ:പ്പതനം എന്ന അവസ്ഥയിലേക്ക് ദിനം പ്രതി കൂപ്പു കുത്തുന്ന കേരളത്തിലെ
മാധ്യമങ്ങളെ ബെര്‍ളി പിച്ചിച്ചീന്തുന്ന പോസ്റ്റ്‌ വായിക്കാനിടയായി.. കുറച്ചു നാള്‍ മുന്പ് വരെ മലയാളികള്‍ തമാശയായിട്ട് മാത്രമേ ഈ മാധ്യമപ്പടയുടെ പേക്കൂത്തുകള്‍ കണ്ടിരുന്നുള്ളൂ.. എന്നാല്‍ , അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയെ ഏറ്റവും ആദ്യം 'അന്തരിപ്പിക്കാന്‍ ' മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രതയെ ഭയത്തോട് കൂടിയാണ് ഇന്ന് കേരള ജനത കാണുന്നത്.. മാധ്യമ അരാജകത്വത്തെ തുറന്നു കാട്ടുന്ന ഈ പോസ്റ്റ്‌ ചിരിപ്പിക്കുന്നതിനോടൊപ്പം നമ്മളെ ചിന്തിക്കാനും പ്രേരിപ്പിക്കുന്നു..
രാഷ്ട്രീയക്കാര്‍ 'മാധ്യമ സിന്റികെയ്റ്റ്' എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഈ മഹാവ്യാധിയെ തടുക്കാന്‍ എല്ലാ മലയാളികളും ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..

ഈ കഴിഞ്ഞ ശനിയാഴ്ച കേരളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്തകള്‍ 'ആദ്യം' ജനങ്ങളില്‍ എത്തിക്കാന്‍ മത്സരിക്കുന്ന ചാനലുകാര്‍ തന്നെ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണ് ഈ പോസ്റ്റ്‌ എഴുതാനുള്ള 'പ്രചോദനം'.

വിമാനത്താവളത്തില്‍ രാഹുല്‍ വന്നിറങ്ങിയത് കേട്ടറിഞ്ഞു കാറുകളിലും ജീപ്പുകളിലും ഒറ്റക്കയ്യില്‍ തൂങ്ങിക്കിടന്നു മറ്റെക്കയ്യിലെ ക്യാമറയില്‍ രാഹുലിന്റെ നീക്കങ്ങള്‍ പകര്‍ത്താന്‍ വിറളി പിടിച്ചോടുന്ന ചാനല്‍ പടയെ നമ്മള്‍ ആ മാധ്യമത്തിലൂടെ തന്നെ കണ്ടതാണ്.

എന്നാല്‍ , സ്വന്തമായി ഒരു ചാനല്‍ ഇല്ലാത്തത് കൊണ്ടാവാം , മാതൃഭൂമി പത്രത്തിലാണ് ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ചത് കണ്ടത് .

"സ്വന്തം വീട്ടുമുറ്റത്തെ സൂര്യകാന്തിപ്പൂക്കള്‍ കൊണ്ട് പൂക്കുട ഉണ്ടാക്കിയാണ് എഴാം ക്ലാസ്സുകാരന്‍ ഷാഫി മുഹമ്മദും അനുജത്തി ഷഫ്നയും രാഹുലിനെ കാണാന്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ്‌ വാഹനത്തില്‍ നീങ്ങിയ രാഹുല്‍ , തന്നെ നോക്കി കൈ വീശിക്കാണിക്കുന്ന കുട്ടികളുടെ അടുത്ത് വണ്ടി നിര്‍ത്തി ചാടിയിറങ്ങി. പൂക്കുട സ്വീകരിച്ചു തന്റെ മുഖത്ത് തലോടിയ രാഹുലിനോട് സ്കൂളിലെ നോട്ടുപുസ്തകം കാണിച്ചു ഷാഫി ഓട്ടോഗ്രാഫ് ചോദിച്ചു. സുരക്ഷ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും പേന വാങ്ങി ഉടന്‍ തന്നെ രാഹുല്‍ ആ പുസ്തകത്തില്‍ ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തു. ഇതിനു ശേഷം അദ്ദേഹം തന്റെ വാഹനത്തില്‍ കയറിപ്പോകുകയും ചെയ്തു "

പോരെ പൂരം. രാഹുലിന്റെ ഓട്ടോഗ്രാഫ് ആണ് പയ്യന്റെ ബുക്കില്‍ . അദ്ദേഹത്തിന്റെ കയ്യൊപ്പ് ആദ്യം ക്യാമറയില്‍ പകര്‍ത്തി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുക എന്ന ഉദ്ദേശത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തെ പോലും മറന്നു ചാനല്‍പ്പട പയ്യന്റെ ചുറ്റും കൂടി.

"രാഹുലിന്റെ കയ്യൊപ്പ് സ്കൂളില്‍ എല്ലാവരെയും കാണിക്കണം എന്ന് പയ്യന്‍സ് പറഞ്ഞു തീരും മുന്‍പേ അതിന്റെ പടം പിടിക്കാന്‍ വേണ്ടി ചാനലുകാര്‍ മത്സരിച്ചു. കയ്യൊപ്പ് പതിഞ്ഞ നോട്ടുബുക്ക് ക്യാമറയില്‍ പകര്‍ത്താനുള്ള ചാനല്‍ പ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ട് നോട്ടുബുക്ക് പലതായി കീറിപ്പോയി !!"

പയ്യന്‍സ് ഇത് കണ്ടു ഡെസ്പായി കരച്ചിലും തുടങ്ങി.. ആകെ ബഹളമയം !

മാധ്യമ പ്രവര്‍ത്തകരുടെ ഈ പ്രകടനം വായിച്ചപ്പോള്‍ എല്ലും കഷ്ണത്തിന് വേണ്ടി തെരുവുനായ്ക്കള്‍ കടിപിടി കൂടുന്ന സീന്‍ ആണ് ഓര്‍മ വന്നത്. രാഹുല്‍ ഗാന്ധി ചിലപ്പോള്‍ ഈ രാജ്യത്തിന്‍റെ ഭാവി പ്രധാനമന്ത്രി ആയിരിക്കാം. അന്ന് അദ്ദേഹത്തിന്റെ കയ്യൊപ്പിനു വലിയ വിലയും ഉണ്ടാകുമായിരിക്കും.. പക്ഷെ ഒരു കുട്ടിയുടെ നോട്ട്ബുക്കില്‍ ഓട്ടോഗ്രാഫ് കൊടുത്തത് ക്യാമറയില്‍ പകര്‍ത്തി മലയാളികളെ കാണിച്ചിട്ട് ആര്‍ക്ക് എന്ത് നേട്ടം ?

അല്ലെങ്കിലും ജനങ്ങളുടെ നേട്ടത്തിന് എന്ത് വില !

പയ്യന്‍സിന്റെ പുസ്തകം വലിച്ചു കീറിയത് മിച്ചം .

1 comment:

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...