Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Saturday, June 18, 2011

തിരിയുന്ന കാലചക്രംഇന്നലെ മറൈന്‍ ഡ്രൈവില്‍ നിന്നും കപ്പലണ്ടി വാങ്ങിച്ച കോണ്‍ കടലാസ് ചുമ്മാ ഒന്ന് നിവര്‍ത്തി നോക്കിയതാ .. 2213 ഡിസംബര്‍ മാസത്തിലെ പത്രമായിരുന്നു അത് ..

വാര്‍ത്ത ഇതായിരുന്നു . .

" ഫിസിക്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും യൂണിവേഴ്സിന്റെ ഉല്‍പ്പത്തിയുടെയും ഒക്കെ രഹസ്യങ്ങള്‍ തേടി ഒരു കൂട്ടം ശാസ്ത്രഅജ്ഞ്ഞന്മാര്‍ ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്പ് ഭൂമിക്കടിയില്‍ മുപ്പതു കിലോമീറ്റര്‍ നീളമുള്ള തുരങ്കം സൃഷ്ടിച്ചതിനെ പുനരാവിഷ്ക്കരിക്കാന്‍ പോകുന്നു . . സയന്‍സ് ഇത്രയേറെ പുരോഗമിച്ചിട്ടും ലക്ഷം കോടി ഡോളര്‍ ചിലവിട്ടു നടത്തുന്ന ഈ പ്രഹസനം ഇതിനകം തന്നെ പുരോഗമനവാദികളുടേയും ആധുനിക ശാസ്ത്രജ്ഞന്മാരുടെയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിക്കഴിഞ്ഞു..

ഇരുനൂറു വര്‍ഷം മുന്‍പ് വളരയേറെ കൊട്ടിഘോഷിച്ചു നടത്തിയ ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (Large Hadron Collider) എന്ന ഈ പരീക്ഷണം നടത്തിയതില്‍ നിന്നും ഫിസിക്സില്‍ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം കിട്ടിയിട്ടുണ്ട് എന്നാണു ഇതിന്റെ നടത്തിപ്പുകാരായ ചില തൈക്കിളവന്മാര്‍ അവകാശപ്പെടുന്നത് . .

പ്രോട്ടോണ്‍ കണങ്ങളെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള സഞ്ചാരപഥത്തില്‍ വിപരീതദിശകളില്‍ ഏകദേശം പ്രകാശപ്രവേഗത്തില്‍ പായിച്ച് കൂട്ടിയിടിപ്പിയ്ക്കാനുള്ള ഉപകരണമാണ്‌ പോലും ഈ ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ !

ആറ്റത്തിന്റെ ന്യൂളിയസില്‍ കാണുന്ന ഒരു ചാര്‍ജ് ആണ് പ്രോട്ടോണ്‍ എന്നായിരുന്നു പ്രാചീന സങ്കല്പം .. എന്നാല്‍ , ആറ്റം എന്ന സങ്കല്പം പോലും ഫിസികില്‍ നിന്നും ഉന്മൂലനം ചെയ്തതിന്റെ നൂറാം വാര്‍ഷികം കഴിഞ്ഞ ശേഷവും ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നതിന്റെ ആവശ്യകത എന്താണെന്നാണ് ആധുനിക ശാസ്ത്രലോകം ഉന്നയിക്കുന്ന ചോദ്യം . .

ഇരുനൂറു വര്‍ഷം മുന്‍പ് നടത്തിയ ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം പരാജയപെട്ടതിനു ശേഷം പിരിച്ചു വിട്ട European Organization for Nuclear Research (CERN) എന്ന സംഘടനയുടെ വേരുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഈ പ്രാചീന ദൗത്യം. .

ഇന്ന് ഉപയോഗിക്കുന്ന കീസ്ടോന്‍ എന്ന പ്രകാശ രശ്മിയുടെ ലക്ഷത്തിലൊന്നു കരുത്തില്ലാത്ത ലേസര്‍ എന്ന ദുര്‍ബലമായ ഒരു പ്രകാശധാര അന്ന് ഉപയോഗിച്ചിരുന്നതിനു തെളിവുണ്ട് .. എന്ന് മാത്രമല്ല , രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ വാലില്‍ തീ കത്തിച്ചു കൊണ്ട് ശത്രുരാജ്യത്തേക്ക് പറത്തി വിടുന്ന മിസൈലും , അത് പോലെ തന്നെ ഭൂമിയിലേക്ക്‌ ആവശ്യമായ സിഗ്നലുകള്‍ അയക്കാന്‍ ആകാശത്തേക്ക് തൊടുത്തു വിടുന്ന റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ അന്നുള്ള മനുഷ്യര്‍ ഉപയോഗിച്ചിരുന്നു ..

ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ കണ്ടു പിടിച്ചിട്ട് ഒരു നൂറ്റാണ്ട് ആകുന്ന ഈ അവസരത്തില്‍ , പ്ലാസ്മ പോലും വ്യക്തമായി കണ്ടു പിടിക്കുന്നതിനു മുന്‍പേ നടത്തിയ ഈ ചിലവേറിയ പരീക്ഷണം നടത്തുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല ..


ഒരു ആര്യ- ദ്രാവിഡ - ഫ്രഞ്ച് - റഷ്യന്‍ സംഘമാണ് ഇതിന്റെ പിന്നില്‍ എന്നാണു അറിയാന്‍ കഴിഞ്ഞത്. .

പോക്കറ്റിലിട്ടു കൊണ്ട് നടക്കാവുന്ന വലിപ്പം മാത്രം ഉള്ള ഒരു ഉപകരണത്തില്‍ നിന്നും പ്രകാശത്തിന്റെ ആയിരം മടങ്ങ്‌ വേഗതയില്‍ സഞ്ചരിക്കുന്ന ഗ്രൂന്‍ടോണ്‍ കണങ്ങളെ ഏതു ദിശയില്‍ വേണമെങ്കിലും കൂട്ടി ഇടിപ്പിക്കാണോ ഇടിപ്പിക്കാതിരിക്കാണോ കഴിയുന്ന ഈ കാലത്ത് മുപ്പതു കിലോമീറ്റര്‍ തുരങ്കം ഉണ്ടാക്കുന്നവരുടെ തലയിലെ ഓളം എന്താണെന്ന് ഊഹിക്കാവുന്നതെയുള്ളൂ

അസുഖം മാറാന്‍ ഉരുണ്ടതും വലുപ്പമേറിയതും ആയ ക്യാപ്സൂളുകളില്‍ മനുഷ്യര്‍ മരുന്നു കഴിച്ചിരുന്ന ഒരു ബാര്‍ബേറിയന്‍ കാലത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള ഇവരുടെ ശ്രമം ചെറുക്കുവാന്‍ ഉത്തരവാദിത്വബോധമുള്ള നൂറ്റമ്പതു വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരുടെ ഒരു സംഘം ഇറങ്ങിത്തിരിച്ചു കഴിഞ്ഞു .. അവരുടെ പ്രയത്നങ്ങള്‍ പൂവണിയട്ടെ എന്ന് നമക്ക് പ്രാര്‍ഥിക്കാം "പത്രക്കഷ്ണം എടുത്തു കടലില്‍ എറിഞ്ഞിട്ട് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു
" കഷ്ടം! വാര്‍ത്തകള്‍ പേപ്പറില്‍ വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു .. ഏകദേശം അമ്പതു വര്‍ഷം മുന്നേ .. പണ്ടത്തെ മനുഷ്യര്‍ എന്തൊക്കെ സഹിച്ചിരുന്നു .. അത്ഭുതം തന്നെ"


ലേബല്‍ : കാലചക്ക്രത്തെ നോക്കി കൊഞ്ഞനം കുത്തുന്ന പച്ചപ്ലാവിലകള്‍

Monday, March 28, 2011

പൗരന്റെ വോട്ട്

അങ്ങനെ വീണ്ടും അത് വന്നെത്തി . പ്രഹസനവും അധപ്പതനവും _ന്തയില്ലാത്തരവും** കൊണ്ടു സമ്പന്നരായ രാഷ്ട്രീയക്കാര്‍ക്ക് പേക്കൂത്ത് കാണിക്കാന്‍ വേണ്ടിയുള്ള ആ നാടകം വന്നെത്തി . ജനാധിപത്യ വിശ്വാസി എന്ന നിര്‍ബന്ധിത ലേബലില്‍ നിന്നു കൊണ്ടു പറയുന്നതില്‍ ദുഖമുണ്ട്.

എന്നാലും പറയാതെ വയ്യ ...

അവസരം കിട്ടിയാല്‍ (കിട്ടിയില്ലെങ്കില്‍) സ്വന്തം അമ്മയെ പോലും വിറ്റു കാശാക്കുന്ന ഈ രാഷ്ട്രീയക്കാര്‍ക്ക് വളം വച്ചു കൊടുക്കുന്ന വെറും ഒരു ഏര്‍പ്പാടായി തിരഞ്ഞെടുപ്പ് എന്ന ഈ പ്രക്രിയ മാറി എന്ന് തോന്നിപ്പോകുന്നു. ചൂണ്ടു വിരലില്‍ പുരണ്ട കറുത്ത മഷി മറ്റുള്ളവരെ അഭിമാനത്തോടെ കാണിച്ചിരുന്ന ഒരു കാലത്തില്‍ നിന്നും ഇപ്പോള്‍ മനസ്സ് ഒരുപാട് മാറിപ്പോയി

ഈ കൊച്ചു കേരളത്തിലെ സീറ്റ് വിഭജനം എന്ന പേരില്‍ ഇവര്‍ കാണിച്ചു കൂട്ടുന്ന പരാക്ക്രമങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് , ചവറ്റുകൊട്ടയിലെ എല്ലിന്‍കഷ്ണം തിന്നാന്‍ തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നത് എത്ര മാന്യതയോടെയാണ് എന്ന് മനസ്സിലാവുന്നത്. കനകവും കാമിനിയും ഒന്നുമല്ല , അധികാരമാണ് ഏറ്റവും വലിയ ഭ്രാന്തും കലഹകാരണവും എന്ന് ഇവര്‍ നമുക്ക് വൃത്തിയായി കാണിച്ചു തരുന്നു.

കരുണാകരനും മഹനും ചേര്‍ന്നു കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ഡിക്ക് (DIC-K) കലാപത്തിനു ശേഷം കേരളം കണ്ട ഏറ്റവും നാറിയ ചില രാഷ്ട്രീയ നീക്കങ്ങള്‍ക്കാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്.

ബ, ജ , ഭ എന്നീ ശബ്ദങ്ങള്‍ക്ക്‌ പുറമേ സീറ്റ് , മന്ത്രി എന്ന് മാത്രം പറയാന്‍ കെല്‍പ്പുള്ള ഒരു വൃദ്ധയുടെ പരാക്ക്രമം തന്നെ ഏറ്റവും ഭീകരം. രാഷ്ട്രീയത്തില്‍ ജീവിച്ചു രാഷ്ട്രീയത്തില്‍ മരിക്കാനുള്ള അവരുടെ ആഗ്രഹത്തോട് എതിര്‍പ്പില്ല. പക്ഷെ അതിനു അധികാരവും മന്ത്രിപദവും കിട്ടിയാല്‍ മാത്രമേ സാധിക്കൂ എന്ന അവരുടെ അത്യാര്‍ത്തി കാണുമ്പോള്‍ സഹതാപത്തെക്കാള്‍ ഏറെ ഭയം തോന്നുന്നു

എട്ടാം വയസ്സില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ ശേഷം കോണ്ഗ്രസ്സിന്റെ പ്രചാരണ പരിപാടിക്ക് പോയ ചരിത്രമുള്ള ജയാ ഡാലി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാര്‍ട്ടി വിട്ടത് കേരളത്തിലെ വനിതകള്‍ക്ക് സുരക്ഷിതമായി ഉറങ്ങാന്‍ കടത്തിണ്ണ ഇല്ലാത്തത് കൊണ്ടാണെന്ന് ചിലര്‍ പറയുന്നത് ഞാന്‍ വിശ്വസിച്ചിട്ടില്ല ! എന്തായാലും, കാട്ടാക്കടയില്‍ സീറ്റ് കിട്ടാതെ ചാനലുകാര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന ഡാലിയെ പിന്തുണയ്ക്കാന്‍ തലേ ദിവസംവരെ അവരെ തെറി മാത്രം പറഞ്ഞിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നറിയുമ്പോള്‍ ആരും പുളകിതരായിപ്പോകും

ജന്മി കുടുംബത്തില്‍ ജനിച്ചിട്ടും നാട്ടിലെ പാവങ്ങള്‍ക്ക് വേണ്ടി സ്വത്തു മുഴുവന്‍ വിറ്റു തുലച്ച ശേഷം കൊട്ടാരക്കര രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജയിലില്‍ പോകേണ്ടി വന്ന ബാലകൃഷ്ണപിള്ളയാണ് ഈ തിരഞ്ഞെടുപ്പിന്റെ രക്തസാക്ഷി. ഒരു ഏസി പോലുമില്ലാത്ത ജയിലില്‍ കിടന്നു കൊണ്ടു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം കാണിച്ച ചങ്കുറപ്പിനെ മിനിമം ഭഗത് സിംഗിന്റെ ധീരതയോടു ഉപമിക്കണം എന്ന് ഏതോ ഒരു സിനിമാനടന്‍ പറയുന്നതും കേട്ടു.

എല്ലാരും പറഞ്ഞ് പറഞ്ഞ് ആ കുഞ്ഞാടിനെ ഒരു വഴിക്കാക്കി.. എന്നാലും പറയാതെ വയ്യ.. എസ് എഫ് ഐയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും ഗവര്‍ണറും ഒക്കെ ആയി നാട് മുഴുവന്‍ ക്രച്ചസ്സിലും അല്ലാതെയും നടന്നു. കുഞ്ഞിളം പ്രായത്തില്‍ രണ്ടു തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഭീകരന്മാരുടെ എതിരാളിയായി ബലി കഴിക്കപ്പെട്ടു. പക്ഷെ അന്നൊന്നും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പള്ളിക്കാര്‍ക്ക് എതിരായിരുന്നു എന്ന് പാവം ആ പെണ്‍കുട്ടി അറിഞ്ഞില്ല. (സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി പോകാഞ്ഞത്‌ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വേണം കരുതാന്‍ ).
ഇത്തവണ സീറ്റ് വിഭജിച്ചപ്പോള്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദൈവ വിശ്വാസമില്ല എന്ന നഗ്നസത്യം കുഞ്ഞാട് മനസ്സിലാക്കിയത് . യേശുവാണെന്ന് കരുതി ആ കുട്ടി കുരിശു വരച്ചത് മുഴുവന്‍ ചെഗുവേരയുടെ പടങ്ങളിലായിരുന്നു പോലും. പിന്നെയൊന്നും നോക്കിയില്ല , നേരെ പുതുപ്പള്ളിയില്‍ ചെന്നു ഇടയന്മാരുടെ (അദ്ദന്നെ, മിണ്ടിയാല്‍ ഇടയുന്നവര്‍ തന്നെ) ഇടയനായ ഉമ്മന്‍ ചാണ്ടിയുടെ ഇടവകപ്പള്ളിയില്‍ പോയി കുര്‍ബാന കൈക്കൊണ്ട് ക്വാണ്‍ഗ്രസ്സുകാരിയായി.

കെ കെ രാമചന്ദ്രന്‍ ഗുരുക്കള്‍ ആറു വര്‍ഷമായി വിങ്ങി വിങ്ങി ഇരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് ഒന്നു കരയാന്‍ സാധിച്ചത്. ചാണ്ടിയും ചെന്നിത്തലയും ഹെലികോപ്ടറില്‍ പറന്നു നടക്കുന്ന സീന്‍ കണ്ടപ്പോഴാണ് പണ്ട് തന്നേ അഴിമതിക്ക് പ്രേരിപ്പിച്ചത് അവരാണെന്ന ബോധം പെട്ടന്ന് ഗുരുക്കള്‍ക്ക്‌ ഉദിച്ചത് . കരഞ്ഞു പോയി പാവം.

ഇനീമുണ്ട് താരങ്ങള്‍ .. സ്റ്റീഫന്‍ ജോര്‍ജ് അണ്ണന്‍ , ശോഭന ജോര്‍ജ് ആന്റി .. പട്ടിക നീളുന്നു..

എംഎല്‍ഏയോ മന്ത്രിയോ ആയി കൊടി വച്ച കാറില്‍ നൂറ്റിപ്പത്ത് കിലോമീറ്റര്‍ സ്പീഡില്‍ പോയാല്‍ മാത്രമേ ജനങ്ങളെ സേവിക്കാന്‍ പറ്റുകയുള്ളു എന്ന് കരുതുന്നവരുടെ പട്ടിക നീണ്ടു പോയ്ക്കൊണ്ടേയിരിക്കുന്നു. ഇരുനൂറു രൂപയും പൈന്റും കിട്ടിയാല്‍ ഇവരില്‍ ആര്‍ക്കു വേണമെങ്കിലും ജയ് വിളിക്കാന്‍ കൂടെ നടക്കുന്ന അനുയായികള്‍ എന്ന മള്‍ട്ടിഫാതേര്‍ഡ് ഗുണ്ടകളും കൂടിയാവുമ്പോള്‍ കളം പൂര്‍ണമായി.

പണിയില്ലാത്തവന്മാര്‍ മാത്രമല്ല അനുയായികള്‍ . അങ്ങേയറ്റം അഭ്യസ്തവിദ്യരും ഉന്നത ജോലികളില്‍ വിരാജിക്കുന്നവന്മാരും പോലും ഇവന്മാരുടെ ഈ മൂന്നാംകിട ഗെയിമുകള്‍ക്ക് ചൂട്ടു പിടിക്കുന്ന കാഴ്ചയാണ് ബ്ലോഗിലും ബസ്സിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഈയിടെ കാണുന്നത്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന തരിപ്പിന്റെ പുറത്തു ഏതെങ്കിലും ഒരു കൊടി പിടിച്ചു നടന്നവന്മാരൊക്കെ ലോകത്തിന്റെ ഓരോ കോണിലിരുന്നു അതാതു രാഷ്ട്രീയ പാര്‍ട്ടികളെ യാതൊരു യുക്തിബോധവുമില്ലാതെ പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.. സുഹൃത്തുക്കളേ , നിങ്ങളൊക്കെ ജനങ്ങള്‍ക്ക്‌ വേണ്ടി നല്ലത് മാത്രം ആഗ്രഹിക്കുന്നവരായിരിക്കാം.. എന്നാല്‍ നിങ്ങള്‍ അന്ധമായി അനുഗമിക്കുന്ന ഈ പ്രസ്ഥാനങ്ങള്‍ അവരുടെ മൂല്യങ്ങള്‍ എന്നേ നഷ്ട്ടപ്പെടുത്തിക്കഴിഞ്ഞു എന്ന് മനസ്സിലാക്കുക. നിങ്ങളും അവരുടെ ആവശ്യത്തിനു വേണ്ടി ബുദ്ധിപരമായി ഉപയോഗിക്കപ്പെടുന്ന വെറും ഉപകരണങ്ങള്‍ മാത്രം !

വോട്ട് ചെയ്യുക എന്നതാണ് ഏറ്റവും വലിയ പൗരധര്‍മം എന്ന് ഇലക്ഷന്‍ കാലത്ത് വിളിച്ചു കൂവുന്നത് ഈയിടെയായി ഒരു ഫാഷനായി മാറിയിട്ടുണ്ട്.അത് ചെയ്യാത്തവര്‍ ഉറങ്ങുകയാണ് പോലും. എന്തോ, അങ്ങനെ വിശ്വസിക്കുവാന്‍ ഇപ്പോള്‍ തോന്നുന്നില്ല. ആരെയൊക്കെ ജയിപ്പിച്ചാലും എന്തൊക്കെ സംഭവിച്ചാലും പ്രായാധിക്യം കൊണ്ടു കീറിപ്പറിഞ്ഞ ഒരു ഭരണഘടന അനുസരിച്ച് മാത്രമേ ഇവിടെ (സാധാരണക്കാര്‍ക്ക്) ജീവിക്കാന്‍ സാധിക്കൂ. പണമുള്ളവന് അതിന്റെ ഏതു പേജും വിലയ്ക്ക് വാങ്ങാം , പാവപ്പെട്ടവന്‍ എന്നും അതിന്റെ അടിമയും.

അഞ്ചു വര്‍ഷത്തില്‍ ഒരു ദിവസമെങ്കിലും രാജാവായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണ് പലരും ഇപ്പോള്‍ വോട്ട് ചെയ്യാന്‍ പോകുന്നത്. ബാക്കി നാലു വര്‍ഷവും മുന്നൂറ്റി അറുപത്തിനാല് ദിവസവും ഇവന്മാരുടെയൊക്കെ അഴിമതിയും തെണ്ടിത്തരവും കയ്യാങ്കളിയും ഒക്കെ അനുഭവിക്കാന്‍ വേണ്ടി ആ ഒരു ദിവസം വെയിലത്ത്‌ ക്യൂ നിന്നു വോട്ട് ചെയ്തു ബുദ്ധിമുട്ടാന്‍ ഇനി എന്തായാലും വയ്യ. വോട്ടും കൊടുത്തു , കരവും അടച്ചു , കടിക്കുന്ന പട്ടിയെ വാങ്ങുന്ന ഈ ഏര്‍പ്പാട് ഇതോടെ നിര്‍ത്തി.

മറ്റുള്ളവനിട്ടു അറിഞ്ഞുകൊണ്ട് പണി കൊടുക്കാതിരിക്കുക , കഴിവില്ലാത്തവരെ നമ്മളാല്‍ ആവും വിധം സഹായിക്കുക , ഇതിനപ്പുറമുള്ള പൗരബോധം എന്തായാലും ഞാന്‍ വേണ്ടാന്നു വച്ചു.

തീയേറ്റര്‍ കിട്ടാതെ അനാഥ പ്രേതം പോലെ അലഞ്ഞ ഏതെങ്കിലും പടങ്ങള്‍ 'ഇലക്ഷന്‍ ദിന പ്രത്യേക ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം' എന്ന പേരില്‍ ഏതെങ്കിലും ചാനലില്‍ ഉണ്ടെങ്കില്‍ ഈ ഇലക്ഷന്‍ ആ ചാനലിനൊപ്പം അടിപൊളിയായി ആഘോഷിക്കുവാന്‍ തീരുമാനിച്ച വിവരം ഏവരെയും വളരെ വ്യസനസമേതം അറിയിച്ചു കൊള്ളുന്നു . മറിച്ചു ചിന്തിക്കുവാന്‍ എന്തെങ്കിലും ദൈവം കാണിച്ചു തരുമായിരിക്കുമായിരിക്കുമായിരിക്കും എന്ന് പ്രാര്‍ഥിച്ചു കൊണ്ടു നിര്‍ത്തുന്നു . . . .ടെയ്ല്‍പീസ്‌ : ഹാവൂ , ഞങ്ങളുടെ മണ്ഡലത്തില്‍ ഹൈബി ഈഡനും അഡ്വ.സെബാസ്റ്റ്യന്‍ പോളും .. രണ്ടു പേരും അത്യാവശ്യം വിവരം ഉള്ളവര്‍ തന്നെ :-)


(പോര്‍ക്കളം എന്നായിരുന്നു ആദ്യം പോസ്റ്റിന്റെ ടൈറ്റില്‍ .. പക്ഷെ കാലു കൊണ്ട് കമന്റിടുന്ന ആരെങ്കിലും കേറി മേഞ്ഞാലോ എന്ന് പേടിച്ചു മാറ്റിയതാണ്)


**ചിന്തയില്ലാത്തരവും

Sunday, January 16, 2011

മാരകവിളക്ക് !


അങ്ങനെ ദുരന്താഘോഷമത്സരം ഏകദേശം കഴിയാറായി. ഇത്തവണ പത്രങ്ങളെയും ചാനലുകളേയും ബഹുദൂരം പിന്നിലാക്കി സ്കോര്‍ ചെയ്തത് ബ്ലോഗ്ഗിലും ഗൂഗിള്‍ ബസ്സിലും ഒക്കെ ഉള്ളവര്‍ ആണെന്ന് കാണുന്നതില്‍ സന്തോഷമുണ്ട് ..

ഇന്റര്‍നെറ്റില്‍ നോക്കി , ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് , അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവില്ലാത്ത വിഡ്ഢികളും വിവരദോഷികളും മോക്ഷദാഹികളുമായ അയ്യപ്പഭക്തന്മാര്‍ ഒക്കെ ഇപ്പോഴും ഈ രാജ്യത്ത് ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിലും ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും സര്‍വോപരി ക്വാണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശിലും വിവരമുള്ള ആരേലും ഉണ്ടാകുവോ ? ഈ പറയുന്ന നാടുകളില്‍ നിന്നും മകരവിളക്ക്‌ കണ്ടു ആത്മഹത്യ ചെയ്യാന്‍ വരുന്ന ദൈവവിശ്വാസികള്‍ എന്ന് വിളിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ വിചാരിക്കുന്നത് പൊന്നമ്പലമേട്ടില്‍ തെളിയുന്നത് ഓട്ടോമാറ്റിക് തീയാണെന്ന് പോലും. അവിടെ കാണുന്ന തീയും പുകയും ദേവസ്വം ബോര്‍ഡിന്റെ വെറും ഫ്രോഡ് പരിപാടിയാണെന്ന് അറിയുന്നവര്‍ ബംഗാളില്‍ നിന്നും വന്നിരുന്നെങ്കില്‍ ഈ കറുത്ത തമാശകള്‍മാറ്റി ഒരു ചുവപ്പ് തമാശക്കടല്‍ :-( [കൊല്ലരുത്, സ്മൈലി ഇട്ടിട്ടുണ്ട്] തന്നെ സൃഷ്ട്ടിക്കാന്‍ പറ്റുമായിരുന്നു ..പക്ഷെ എന്ത് ചെയ്യാം .. ദൈവം എന്ന വിലകുറഞ്ഞ വിശ്വാസത്തില്‍ അണിചേരാന്‍ അറിവും വിദ്യാഭ്യാസവും പൌര/ധര്‍മ ബോധങ്ങളും മറ്റും അവരെ അനുവദിക്കുന്നില്ല (ഇത് ദുരന്തത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ എന്റെ ഭാഗത്ത്‌ നിന്നും ഒരു എളിയ ശ്രമം മാത്രം)

കപട യുക്തിവാദം/കപട പുരോഗമനവാദം എന്ന പ്രഹസനം കൊണ്ടു ഒരു ജനതയെ മുഴുവന്‍ വിഡ്ഢികളായി ചിത്രീകരിക്കുന്ന ചിലര്‍ക്ക് ശബരിമല അയ്യപ്പന്‍ വെറുമൊരു സിഈഒ മാത്രമാണ്. ഇരുപതു വര്‍ഷം കൊണ്ടു പതിനായിരത്തില്‍ നിന്നും നൂറ്റിയമ്പത് കോടി വരുമാനമുള്ള കമ്പനി ആയി ശബരിമലയെ മാറ്റിയ ഒരു സ്മാര്‍ട്ട്സിഈഒ !

എന്നാല്‍ , ശൈവമതവും വൈഷ്ണവമതവും ബുദ്ധമതവും ജാതി-മത-വംശ-ഭാഷാ വേര്‍തിരിവുകള്‍ ഇല്ലാതെ ആര്യനും ദ്രാവിഡനും, ക്രിസ്ത്യനും മുസല്‍മാനും, ബ്രാഹ്മണനും ചണ്ടാലനും ഒരേ രൂപത്തിലും ഭാവത്തിലും ഒത്തു ചേരാന്‍ കഴിയുന്ന ഒരു അനുഷ്ഠാനം എന്ന രീതിയില്‍ ഈ പ്രസ്ഥാനത്തെ കാണാന്‍ അവര്‍ മനപൂര്‍വം വിസ്മരിക്കുന്നു . അതും പോരാഞ്ഞിട്ട് അവിടെ സംഭവിച്ച ഒരു മഹാദുരന്തത്തിന്റെ മറ പിടിച്ചു തങ്ങളുടെ വികലമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇവന്മാരെയൊക്കെ എന്ത് പറയാനാണ്..


ദൈവവും മനുഷ്യനും ഒന്നാണ് .. ഈശ്വരന്‍ എന്നാല്‍ മനുഷ്യന്റെ ഉള്ള്ളില്‍ തന്നെ കുടികൊള്ളുന്ന ഒരു ശക്തിയാണ്.. കഠിനമായ തപസ്സിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും മാത്രമേ ആ ശക്തിയെ തിരിച്ചറിയാനാകൂ എന്ന വ്യക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു ആശയമാണ് ഈ തീര്‍ഥാടന കേന്ദ്രം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസങ്ങളെ എതിര്‍ക്കുന്ന ഓരോ യുക്തിവാദിയും എത്തിച്ചേരുന്നതും ഈ ഒരു ആശയത്തിലാണ് എന്നത് പരമാര്‍ഥമായ ഒരു വിരോധാഭാസം തന്നെയാണ്.

ഈ ദുരന്തം ഒരു സുവര്‍ണാവസരമായി കണക്കിലെടുത്ത് ലോകത്തോട്‌ മുഴുവന്‍ മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണ് എന്ന് വിളിച്ചു പറയാന്‍ നിലവിളിക്കുന്ന ഒരു പ്രബുദ്ധ മലയാളിയെ കണ്ടതിന്റെ സന്തോഷം ഞാന്‍ മറച്ചു വയ്ക്കുന്നില്ല. ഇന്റര്‍നെറ്റ്‌ ആക്സസ് ഇല്ലാത്തവര്‍ക്ക് വേണ്ടി ടീവിയില്‍ പറയാം, ടീവി ഇല്ലാത്തവര്‍ക്ക് വേണ്ടി റേഡിയോയില്‍ പറയാം , അതും ഇല്ലാത്ത കുഗ്രാമങ്ങളില്‍ കോളാമ്പി മൈക്കിലൂടെ പറയാം എന്നൊക്കെ സജഷന്‍സ് വരുന്നതും കണ്ടു.

അവരോടൊക്കെ ഒരു വാക്ക് , ശബരിമലയിലേക്ക് വരുന്ന എല്ലാ വഴികളിലും എല്ലാ ഭാഷകളിലും ഈ അറിയിപ്പ് കൊടുത്താല്‍ പോലും വരുന്നവര്‍ തിരിച്ചു പോകും എന്ന് കരുതുന്നുണ്ടോ ? ഒരു ചുക്കും സംഭവിക്കില്ല.. ആരു വിളക്ക് കത്തിച്ചാലും ഇല്ലെങ്കിലും ഏതു നക്ഷത്രം തെളിഞ്ഞാലും ഇല്ലെങ്കിലും അവിടെ തിരക്ക് ഒരിക്കലും കുറയാന്‍ പോകുന്നില്ല.. അത് കൊണ്ടു ദയവു ചെയ്തു കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഈ തേര്‍ഡ് റേറ്റ് ഗിമ്മിക്കുകള്‍ നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി സൂക്ഷിച്ചു വയ്ക്കുക..അവിടെ മാത്രമാണ് നിങ്ങളുടെ ഭാവി..


ശബരിമല നട വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാനും , മകരവിളക്ക്‌ എന്ന ദീപാരാധന എല്ലാ ദിവസവും തെളിയിക്കാനുമുള്ള നടപടികള്‍ സാക്ഷാല്‍ ശ്രീധര്‍മശാസ്താവ് തന്നെ മുന്‍കൈയെടുത്ത് നടത്തിക്കൊടുക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ടു നിര്‍ത്തുന്നു !