Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Friday, July 12, 2013

നാട്ടിൻപുറം നന്മകളാൽ...


        ഹരിക്കുട്ടൻ ഫേസ്ബുക്കിൽ പോസ്റ്റിയ ഒരു ഫോട്ടോയിൽ അമ്പലക്കുളം വീണ്ടും കണ്ടപ്പോഴാണ് ഓർമ്മകൾ ടൈംലൈനും കടന്നു വർഷങ്ങൾ പിന്നിലോട്ട് പറന്നത്.      വേനലവധിയുടെ കണ്ണീരാണ് ഇടവപ്പാതിയായി പെയ്തിറങ്ങുന്നത് ..  പക്ഷെ ഓരോ  മഴ പെയ്തു തോരുമ്പോഴേക്കും ഞങ്ങളുടെ സങ്കടം മാറി വരും .. കാരണം മീനത്തിലെയും മേടത്തിലെയും വരണ്ട കാറ്റിൽ വിണ്ടു കീറിയ പാടങ്ങളും വറ്റിവരണ്ട അമ്പലക്കുളവും തൊടിയും തോപ്പും പറമ്പും എല്ലാം വെള്ളം കയറി നിറയും. കുട്ടിക്കാലത്തെ മണ്‍സൂണ്‍ ഗെയിംസിനു അങ്ങിനെ തുടക്കമാകുന്നു.. 


       സ്കൂൾ ഉള്ള ദിവസങ്ങളിൽ കുളത്തിൽ കുളിക്കാൻ പോകാൻ സമ്മതിക്കണമെങ്കിൽ കർശന വ്യവസ്ഥകളിൽ ഒപ്പ് വയ്ക്കണമായിരുന്നു. കൃത്യം അരമണിക്കൂർ  തരും. വീട്ടിൽ  നിന്നും പോയി കുളിച്ചു മടങ്ങിയെത്താനുള്ള സമയം. ( അങ്ങനെ നിയമം വരാൻ കാര്യമുണ്ട്. പലപ്പോഴും  കുളത്തിനെ ഏഴാക്കി മുറിച്ച് തകർക്കുമ്പോൾ സ്കൂൾ സമയം മറന്നു പോകാറുണ്ട്. എല്ലാരുടേം അമ്മമാർ ഈർക്കിലി ചൂരലും കൊണ്ട് വരുമ്പോഴാണ് സ്കൂളിന്റെ കാര്യം ഓർമ വരുന്നത്. ) 


       കിട്ടുന്ന അരമണിക്കൂർ മാക്സിമം യൂട്ടിലൈസ് ചെയ്യാനുള്ള പരാക്രമമാണ് പിന്നെ സൈക്കിളിൽ. അതൊരു മരണപ്പാച്ചിലാണ്. സെക്കണ്ടുകൾക്കുള്ളിൽ കുളക്കടവ് . സൈക്കിൾ സ്റ്റാൻഡിൽ വയ്ക്കാനൊന്നും സമയമില്ല. ഓടി വരുന്നവഴി ഉടുപ്പ് മാറി തോർത്തുമുണ്ടിലേക്ക് പ്രവേശിച്ചു നേരെ കുളത്തിലേയ്ക്ക് എടുത്തൊരു ചാട്ടമാണ്. പോണ പോക്കിന് വായുവിൽ ഒരു കറക്കമുണ്ട്.. അത് കഴിഞ്ഞു നേരെ വയറിടിച്ചു വെള്ളത്തിൽ !
  

  ഗാങ്ങ് മുഴുവൻ നേരത്തെ തന്നെ കുളത്തിൽ ഉണ്ടാവും. കരയിലെ കള്ളനും പോലീസും കളിയുടെ ബാക്കി പിന്നെ വെളളത്തിൽ  വച്ചാണ്. തൊടാൻ വരുമ്പോഴേക്കും മുങ്ങാങ്കുഴിയിടും. പിന്നെ പൊങ്ങുന്നത് ദൂരെ എവിടെയെങ്കിലുമായിരിക്കും. പിന്നെ തൊട്ടു , തൊട്ടില്ല എന്നൊക്കെ പറഞ്ഞു വഴക്ക്, കള്ളക്കളി, ആകെ ബഹളം. 


  പാടത്തുകാവിന്റെ വശത്തുള്ള കുളക്കടവിന്റെ മുന്നിൽ  ഇടതു ഭാഗത്തായി കുളത്തിൽ ഒരു വലിയ പാറയുണ്ട്. നീന്തി ക്ഷീണിക്കുമ്പോ അതിൽ കയറി നില്ക്കും. അവിടെ നിന്നാൽ കഷ്ടി ശ്വാസമെടുക്കാൻ പറ്റും. മിക്കവാറും ഒരു കള്ളനെയും കിട്ടാത്ത പോലീസ് അവിടെ നേരത്തെ പോയി നില്ക്കും.. കള്ളൻ തേടി വന്നോളും :-)


   കടവിന്റെ നേരെ എതിർ ഭാഗത്ത്‌ ഒരു വലിയ മരമുണ്ട്. അടുത്ത പരിപാടി കുളത്തിന്റെ  ഈയറ്റം  മുതൽ അവിടം വരെ നീന്തി,  ആ മരത്തിന്റെ ഏറ്റവും മുകളിൽ വരെ വലിഞ്ഞു കയറി , താഴേക്കു ചാടുന്നതാണ്. അതിൽ നിന്നും വീഴുന്നതിന്റെ ഭാഗത്ത്‌ കുളത്തിനടിയിൽ  ഒരു കിണർ ഉള്ളതായി പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.


    കടവിൽ കുളിക്കാൻ വരുന്നവരോടൊക്കെ സമയം ചോദിക്കും. അരമണിക്കൂറിനു മിനുട്ടുകൾ ബാക്കി നില്ക്കെ സോപ്പൊക്കെ  തേച്ചൂന്നു  വരുത്തി മുങ്ങിക്കുളിച്ചു പാതി തോർത്തി സൈക്കിളും എടുത്തു വീട്ടിലേക്കു പറക്കും. ഇതാണ് വീക്ക്‌ഡെയ്സ് സ്വിമ്മിംഗ്. 


   വീകെന്റ്റ് രണ്ടു ദിവസം  അക്രമമാണ്. രാവിലെ ഒരു ആറര മണിക്ക് കുളത്തിൽ ചാടിയാൽ  പിന്നെ തിരിച്ചു കയറുന്നത് ഉച്ചയ്ക്കാണ്. തിരികെ കയറുമ്പോൾ നല്ല കോലമാണ് .വെള്ളം കയറി കണ്ണും, ഇടിച്ചു വീണു വയറും ചുവന്നിരിക്കും. പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിൽ ക്ഷീണിച്ചു അവശരായി പാതി മുങ്ങി അത്യാവശ്യം വെള്ളവും കുടിച്ചിട്ടുണ്ടാകും. 

           ഗരത്തിലേക്ക് പറിച്ചുനടപ്പെട്ട് ഒരു പതിറ്റാണ്ടിനു ശേഷം ഇത് പോലൊരു മഴക്കാലത്ത് അമ്പലക്കുളം കാണുവാൻ ഇടയായി. നിറയെ പായൽ പിടിച്ചു ചെളി കയറി അനാഥപ്രേതം പോലെ കിടക്കുന്ന ആ കുളം കണ്ടു മനസ്സിൽ ഒരു വല്ലാത്ത നീറ്റൽ  അനുഭവപ്പെട്ടു. കുട്ടികളാരും അധികം നീന്താനൊന്നും വരാറില്ല എന്നറിഞ്ഞു. എല്ലാവർക്കും ബൈക്ക് ഉണ്ട് .. കറങ്ങാൻ സ്ഥലങ്ങളുണ്ട്. മൊബൈലും കേബിൾ ടിവിയും ഉണ്ട്. ആർക്കും കുളം വേണ്ട.. ഒരു വ്യാഴവട്ടക്കാലം കൊണ്ട് ഇത്രേം മാറ്റമോ എന്നോർത്ത് ഒരുപാട് സങ്കടം തോന്നി !  

പക്ഷെ ഇന്ന് വീണ്ടും ഈ കുളത്തിൽ നീന്തിത്തുടിക്കുന്ന എന്റെ ഈ ജൂനിയർ ബ്രദേഴ്സിനെ കണ്ടതോടെ പഴയ ഓർമ്മകൾ സൈക്കിളിൽ പറന്നെത്തി.. സ്റ്റാന്റിടുന്നില്ല .. പറക്കട്ടെ.. 


ഇനിയുള്ള കാലം അധികം ആർക്കും ലഭിക്കാൻ ഇടയില്ലാത്ത ഭാഗ്യമാണ് കുട്ടിക്കാലത്ത് അനുഭവിക്കാൻ പറ്റിയത് എന്നുള്ള സന്തോഷം ഈ കുളത്തിലെ വെള്ളം പോലെ തന്നെ മനസ്സിൽ നിറഞ്ഞു കവിയുന്നു.. എല്ലാ പ്രതാപത്തോടും കൂടി അമ്പലക്കുളം എന്നെന്നേക്കും നിലനില്ക്കട്ടെ എന്ന് പ്രാർഥിച്ചു കൊണ്ട് .....


10 comments:

 1. ഹ്ഹ്ഹ് വെള്ളം അലര്‍ജിയുള്ളവനാ, എന്തൊരു തള്ളാടേ തള്ളുന്നെ ;-)

  ReplyDelete
 2. missing those days badly...script vaikunnathinu munpe...ezhuthia ellam manasil koody kadannu poirunnu...

  ReplyDelete
 3. ninte ethu friends anu ninne nashippikkan nokkiye ?

  ReplyDelete
 4. Pandathekalum Kulam Ipozhanu Super Ayathu... Full Pachappu Wow.. Nalayum Thakarakanam...:D

  ReplyDelete
 5. Good memoirs ! Really nostalgic .Panar lake gives me same mindful rich thoughts .incidentally Panar lake took 2 lives yesterday ... (George was closely known to me)

  ReplyDelete
 6. വെളത്തിലാശാന്മാരേയ്...........!!

  ReplyDelete
 7. ആ കുളത്തെക്കൂടി നിനക്ക് പറിച്ച് നട്ടുകൂടേ

  ReplyDelete
 8. ആ കുളം അങ്ങനെതന്നെ നിലനിൽക്കട്ടെ...

  ReplyDelete
 9. ഓർമ്മയുടെ അസ്സലൊരു മുങ്ങിക്കുളി
  അതും സ്വന്തം നാട്ടിലെ നിറഞ്ഞുകവിഞ്ഞ
  ആ അമ്പല കുളത്തിൽ അല്ലേ ..ഭായ്

  ReplyDelete
 10. ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം നഷ്ടപ്പെടുന്നു. ഓർത്താൽ സങ്കടം തോന്നും.
  ഒരുപാട് നാളിന് ശേഷമാണല്ലോ ഇവിടെ അല്പം നിലാവ് കണ്ടത് !
  മകര നിലാവിൽ ഇനിയുമിനിയും നിലാവുകൾ ഉദിക്കട്ടെയെന്ന് ആശംസിക്കുന്നു.

  ReplyDelete

അഭിപ്രായങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ ...