Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Wednesday, January 20, 2010

ഗന്ധര്‍വനു ഭൂമിയിലും വിലക്ക് !


ഗന്ധര്‍വ ഗായകന്‍ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ അവസരത്തില്‍ നിറഞ്ഞ പ്രാര്‍ത്ഥനയോടെ അദ്ദേഹത്തിനു ആശംസകള്‍ അര്‍പ്പിക്കുന്നു.. അദ്ദേഹം അനശ്വരമാക്കിയ ഈ കാലഘട്ടത്തില്‍ എനിക്ക് ജീവിക്കാന്‍ സാധിച്ചതിനു സംഗീതത്തെ സ്നേഹിക്കുന്ന ഒരു ആസ്വാദകന്‍ എന്ന നിലയ്ക്ക് ഈശ്വരനോടും കടപ്പെട്ടിരിക്കുന്നു..

യേശുദാസ്‌ ! ഏതു ദിവസത്തിലും, ഏതൊരു സമയത്തും അദ്ദേഹത്തിന്റെ സ്വരം ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ സംഗീതമായി അലയടിക്കുന്നുണ്ടാവും.. സംഗീതത്തെ ഇഷ്ട്ടപ്പെടുന്ന ഏതൊരു മലയാളിയും ഒരു ദിവസം ആ മധുര സ്വരം കേട്ടിരിക്കും..

വിവിധ ഭാഷകളിലായി അര ലക്ഷത്തോളം ഗാനങ്ങള്‍ ! സിനിമ , നാടക , ഭക്തി ഗാനങ്ങളിലൂടെ കഴിഞ്ഞ 50 വര്‍ഷമായി മലയാളികളെ അദ്ദേഹം അനുഗ്രഹീതരാക്കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ബഹുമതികള്‍ [എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ] , മറ്റു പുരസ്ക്കാരങ്ങള്‍ , സര്‍വോപരി , ജനകോടികളുടെ സ്നേഹവും ആദരവും... ദേവേന്ദ്ര സഭയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ ആണ് ഗന്ധര്‍വന്മാര്‍ എന്ന് പുരാണങ്ങള്‍ പറയുന്നുണ്ട്.. യേശുദാസ് എന്ന ഗന്ധര്‍വന്‍ അങ്ങിനെയാണ് ഇവിടെ അവതരിച്ചതെങ്കില്‍ അത് മലയാളിയുടെ പുണ്യം .

എഴുപതാം പിറന്നാള്‍ ശ്രുതിമധുരമാക്കാന്‍ അദ്ദേഹം കൊല്ലൂര്‍ മൂക്കാംബിക ക്ഷേത്രത്തില്‍ പോയിരുന്നു എന്ന വാര്‍ത്ത‍ വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.. എന്നാല്‍ അതിനോടൊപ്പം തന്നെ മനസ്സില്‍ എന്നും ഒരു ചോദ്യചിന്ഹമായി കിടന്നിരുന്ന ഒരു കാര്യം ഓര്‍മ വന്നു.. ലോകം മുഴുവനും അദ്ദേഹത്തെ ആദരിക്കുമ്പോഴും നമ്മള്‍ മലയാളികള്‍ അല്ലേ ഗാനഗന്ധര്‍വനെ ഏറ്റവും വേദനിപ്പിക്കുന്നത് ? ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ താണ്ടി അദ്ദേഹം യാത്ര തുടരുമ്പോഴും മലയാളികള്‍ അദ്ദേഹത്തിന് അയിത്തം കല്‍പ്പിച്ചിരിക്കുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണനെ സ്തുതിച്ചു കൊണ്ട് പൂന്താനവും ചെമ്പൈ ഭാഗവതരും പുരന്ദരദാസരും സ്വാതിതിരുന്നാളും പാടിയതിന്റെ സഹസ്രം മടങ്ങ്‌ ഗാനങ്ങള്‍ പാടിയ യേശുദാസ് എന്ന ഭക്തന്റെ മുന്നില്‍ ഗുരുവായൂര്‍ അമ്പലത്തിന്റെ നട നമ്മള്‍ കൊട്ടിയടച്ചു ! .. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എന്നും എത്ര അഹിന്ദുക്കള്‍ പ്രവേശിക്കുന്നുണ്ടാവും? പ്രശസ്തനായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അദ്ദേഹത്തിന് അത് സാധിക്കുന്നില്ല.. മൂകാംബിക ക്ഷേത്രത്തില്‍ അദ്ദേഹത്തിന് ലഭിച്ച ആദരവും വരവേല്‍പ്പും കാണുമ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ നമ്മള്‍ ലജ്ജിക്കേണ്ടിയിരിക്കുന്നു..

ഈശ്വരനെ തങ്ങളുടെ പാരമ്പര്യ സ്വത്തായി കണക്കാക്കുന്ന ഒരു സമൂഹം ഇന്നും നമ്മുടെ നാട്ടില്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇത്. വികലമായ ചിന്താഗതികള്‍ ഉള്ള ഒരു പറ്റം വിഡ്ഢികളുടെ ഈ നാടിനെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച മനുഷ്യനെ വന്ദിക്കാതെ വയ്യ . ശ്രീ. വയലാര്‍ രവിയുടെ കൊച്ചു മകന്റെ ചോറൂണ് നടത്തിയെന്ന കാരണം കൊണ്ട് ഗുരുവായൂര്‍ അമ്പലത്തില്‍ ശുദ്ധികലശം നടത്തിയ കാര്യം ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു. ജാതിയെന്നോ മതമെന്നോ ഉള്ള വാക്കുകള്‍ പോലും മനസിലാകാത്ത ഒരു കുഞ്ഞിനോട് ഇങ്ങനെ ചെയ്യുന്നവര്‍ ഭ്രാന്തന്മാരല്ലാതെ പിന്നെന്താണ് ?

'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല ' എന്ന അറിയിപ്പ് കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ എല്ലാം ഉണ്ടെങ്കിലും വളരെ രസകരമായ വേറെ ഒരു വസ്തുത ഉണ്ട്. വിദേശീയരായ ആര്‍ക്കും ഇത് ബാധകമല്ല !! പ്രശസ്തമായ എറണാകുളം ശിവ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ അടുത്ത് വരെ പോയി തൊഴുതു നില്‍ക്കുന്ന (തൊഴാന്‍ അറിഞ്ഞിട്ടല്ല . മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ നോക്കി ചെയ്യുകയാണ് ) വിദേശീയരെ ഞാന്‍ കാണാറുണ്ട്. അവര്‍ക്കൊന്നും ഇല്ലാത്ത അയിത്തം നമ്മുടെ നാട്ടിലെ അഹിന്ദുക്കള്‍ക്ക് മാത്രമുള്ള നിയമമാവുന്നത് എങ്ങനെയെന്നത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല..
സ്വാതന്ത്ര്യത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു കഴിഞ്ഞിട്ടും വെള്ളത്തൊലിയോടുള്ള നമ്മുടെ വിധേയത്വം മാറിയിട്ടില്ലാത്തത് കൊണ്ടാണോ ? ആര്‍ക്കറിയാം ?

ഭക്തി മാത്രമാണ് ഈശ്വരനോട് അടുക്കാനുള്ള ഒരേയൊരു മാര്‍ഗം എന്ന് എല്ലാ മതത്തിലും ഒരു പോലെ പറഞ്ഞിട്ടുണ്ടെങ്കിലും ആരുടെയൊക്കെയോ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി നമ്മള്‍ അതെല്ലാം സൌകര്യപൂര്‍വ്വം മറക്കുന്നു.. കാലത്തിന്റെ കുത്തൊഴുക്കില്‍ എപ്പോഴോ എവിടെയോ ആരോ അടിച്ചേല്‍പ്പിച്ച അനാചാരങ്ങള്‍ നമ്മള്‍ ഇന്നും തുടരുന്നു. മതേതര രാഷ്ട്രം എന്ന് കൊട്ടിഘോഷിക്കുമ്പോഴും യഥാര്‍ത്ഥ ആശയത്തില്‍ നിന്നും നമ്മള്‍ എത്രെയോ അകലെയാണ് എന്ന നഗ്നസത്യം മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..

ആരാധനാലയങ്ങളില്‍ അല്ല , സ്വന്തം ഹൃദയത്തില്‍ ആണ് ഈശ്വരന്‍ കുടികൊള്ളുന്നത് എന്നും, അമ്പലങ്ങളും പള്ളികളും എല്ലാം സാമൂഹിക കൂട്ടായ്മ ഉണ്ടാവാന്‍ വേണ്ടിയാണ് നിര്‍മിക്കപ്പെട്ടത് എന്നതുമുള്ള തത്വങ്ങള്‍ മനസിലാക്കാന്‍ പറ്റാതെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചു കാണുന്നവരോട് ഈശ്വരന്‍ തന്നെ പൊറുക്കട്ടെ !

Wednesday, January 13, 2010

മുല്ലപ്പെരിയാറിനെക്കുറിച്ചു ഒരു നിമിഷം


മുല്ലപ്പെരിയാറിനെക്കുറിച്ചു നിരക്ഷരന്‍ എഴുതിയ ബ്ലോഗ്‌ വായിക്കാനിടയായി. സ്രഷ്ടാവ് പോലും വെറും അര നൂറ്റാണ്ട് മാത്രം ആയുസ്സ് കല്‍പ്പിച്ച ഈ തടയണ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ കഴിഞ്ഞ 114 വര്‍ഷമായി നിലകൊള്ളുന്നു. അവസരവാദം മാത്രം കൈമുതലാക്കിയ രാഷ്ട്രീയക്കാര്‍ തന്നെയാണ് ഇപ്പോള്‍ ഈ മഹാവിപത്തിനെ മാടി വിളിക്കുന്നത്..

സംസ്കാരസമ്പന്നരുടെയും ബുദ്ധിജീവികളുടെയും ഈ നാട്ടില്‍ വെറും സാധാരണക്കാര്‍ ആയ നമ്മള്‍ക്കെന്തു ചെയ്യാന്‍ പറ്റും ? എന്നും ചെയ്യാറുള്ളത് പോലെ കയ്യും കെട്ടി നോക്കി നില്‍ക്കുക .. അല്ലെങ്കില്‍ ഭയം തോന്നാണ്ടിരിക്കാന്‍ വ്യതസ്തമായി ചിന്തിക്കുക ... [ദാ.. ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ എന്റെ ഭയം മാറി ! ]

" എന്തിനു ഭയക്കണം ? നമ്മള്‍ ഒന്ന് കൊണ്ടും പേടിക്കേണ്ട. പ്രതിരോധവും , ആഭ്യന്തരവും അടക്കം ആറു മന്ത്രിമാര്‍ നമുക്കുണ്ട്. ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പു തരുന്ന നമ്മുടെ മന്ത്രിമാര്‍ . അവരുടെ ഉറപ്പിനെക്കാള്‍ ബലമുള്ള അണക്കെട്ടുണ്ടോ ? എന്തും നേടിത്തരാന്‍ കെല്‍പ്പുള്ളവര്‍ !
പ്രിന്‍സിപ്പല്‍ സെക്രടറിമാരും ചീഫ് സെക്രടറിമാരും ഏറ്റവും പ്രഗല്‍ഭരായ IAS ഓഫീസിര്‍മാരും നമുക്കുണ്ട്. രാഷ്ട്രീയ കുലപതികളും ആചാര്യന്മാരും നമുക്കുണ്ട് . മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യാന്‍ മത്സരിക്കുന്ന ചാനലുകാര്‍ ഉണ്ട്. രണ്ടു മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാന്‍ ഇരിക്കുന്ന കുറുക്കനേപ്പോലെ ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി മാത്രം ചര്‍ച്ച നടത്തുന്ന അവതാരകര്‍ ഉണ്ട് . എത്രയെത്ര പൈങ്കിളി കേസുകള്‍ ആണ് അവര്‍ നമ്മളെ ദിവസവും കാണിക്കുന്നത് ? മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി ജീവന്‍ വരെ ത്യജിക്കുവാന്‍ തയ്യാറുള്ള എത്രെയോ ഖദര്‍ധാരികളും ചുവപ്പ് വേഷക്കാരും കാവി ഉടുപ്പുകാരും നമുക്കുണ്ട് ? ഇവരെല്ലാം ഉള്ളപ്പോള്‍ നമ്മള്‍ പേടിക്കണോ ? "

നിരക്ഷരന്റെ ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍ . താങ്കളുടെ ഈ പരിശ്രമം ശ്ലാഘനീയമാണ് . ആ ദുരന്തം സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.. നമ്മളാല്‍ ആവും വിധം ഈ ബോധവല്‍ക്കരണവും പ്രചരിപ്പിക്കാം..

പ്രതീക്ഷയോടെ......

Sunday, January 10, 2010

നഷ്ടമാകുന്ന നന്മകള്‍

മകളെ LKG യില്‍ ചേര്‍ക്കാന്‍ പോയപ്പോള്‍ അവിടുത്തെ അധ്യാപകര്‍ പറഞ്ഞ ഒരു കാര്യം ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. 'ഞങ്ങളുടെ സ്കൂളില്‍ ഞങ്ങള്‍ കുട്ടികളെ വെറും സിലബസ് പഠിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് , മറിച്ച് അവരെ ഭാവിയിലെ successful individuals ആക്കി വാര്‍ത്തെടുക്കുകയാണ്' എന്ന്. കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.. അതിനു വേണ്ടി എന്താണ് അവര്‍ ചെയ്യുന്നതെന്ന് ഞാന്‍ അന്വേഷിച്ചു..

എന്റെ സുഹൃത്ത്‌ തുടര്‍ന്നു... 'കുട്ടികളെ ഞങ്ങള്‍ ഇവിടെ വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ കുട്ടിയേയും ഞങ്ങള്‍ പ്രത്യേകം പരിഗണിക്കുന്നുണ്ട്. അവരവരുടെ വസ്തുക്കള്‍ മറ്റാര്‍ക്കും കൊടുക്കുകയോ ലക്‌ഷ്യം ഇല്ലാതെ ഇടുകയോ ചെയ്യാതെ നോക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം ഇപ്പോഴേ കൊടുക്കും. നിങ്ങളുടെ കുട്ടി ഭാവിയിലെ ഒരു MBA ക്കാരന്‍ അല്ലെങ്കില്‍ ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ ആവാന്‍ നിങ്ങള്‍ക്കുള്ള ആഗ്രഹം ഞങ്ങള്‍ മനസ്സിലാക്കുകയും അതനുസരിച്ച് കുട്ടികളെ വാര്‍ത്തെടുക്കുവാന്‍ ശ്രെദ്ധിക്കുകയും ചെയ്യുന്നു.. ' സുഹൃത്ത്‌ വളരെ സന്തോഷത്തോടെ ഇത് പറഞ്ഞു.. ഞാന്‍ വളരെ വ്യസനത്തോടെ കേട്ടിരുന്നു..

നമ്മള്‍ എങ്ങോട്ടാണ് പോകുന്നത് ? പിറന്നു വീഴുന്ന കുഞ്ഞുങ്ങളെ ഇളം പ്രായത്തിലെ നമ്മള്‍ മാനേജര്‍മാരാക്കുവാന്‍ കഷ്ട്ടപ്പെടുന്നു. കൂടെ പഠിക്കുന്നവന്, അല്ലെങ്കില്‍ കൂടെ കളിക്കുന്ന കൂട്ടുകാര്‍ക്ക് നമ്മളുടേതായ ഒരു വസ്തുവും ഒരിക്കലും കൊടുക്കരുത് എന്ന് ചെറുപ്രായത്തിലെ പറഞ്ഞു മനസിലാക്കുന്നു.. വെയിലത്തോ മഴയത്തോ കൂട്ടുകാരന്‍ കുടയില്ലാതെ നടന്നാലും കൂട്ടത്തില്‍ കൂട്ടരുത് എന്ന് നമ്മള്‍ കുഞ്ഞുങ്ങളോട് പറയുന്നു.. ഒപ്പം നില്‍ക്കുന്നവനെയും ചവിട്ടിക്കയറി ഏറ്റവും മുകളില്‍ എത്തുവാനുള്ള 'managerial skills ' ആയിരിക്കാം ഇതിലൂടെ നമ്മള്‍ പറഞ്ഞു കൊടുക്കുന്നത്.. മാറുന്ന ലോകത്തില്‍ ഏറ്റവും ആവശ്യവും അത് തന്നെ എന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നുമുണ്ടാവും.. എന്നാല്‍ ഇത് കൊണ്ടെല്ലാം നമ്മള്‍ നഷ്ട്ടപെടുത്തുന്ന ഒരുപാട് മൂല്യങ്ങള്‍ ഉണ്ട് എന്ന വസ്തുത സൌകര്യപൂര്‍വ്വം നമ്മള്‍ മറക്കുന്നു.

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന ആപ്തവാക്യം ദൈവപുത്രന്‍ നമുക്ക് പറഞ്ഞു തന്നിട്ട് രണ്ടു സഹസ്രാബ്ദം മാത്രമേ ആയിട്ടുള്ളൂ . ജീവിതത്തില്‍ അത് പകര്‍ത്താനുള്ള സമയം ആയപ്പോഴേക്കും നമ്മള്‍ അത് മറക്കുവാന്‍ ശീലിക്കുന്നു. പുതിയ തലമുറയെ ഈ നന്മകളില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.. സ്വാര്‍ത്ഥത മാത്രം സ്വായത്തമാക്കിയാണ് നമ്മുടെ പുതിയ തലമുറ വളര്‍ന്നു വരുന്നത്. അപകടത്തില്‍പ്പെട്ട് റോഡില്‍ രക്തം വാര്‍ന്നൊഴുകി കിടക്കുന്ന മനുഷ്യരെ സഹായിക്കാന്‍ നമ്മള്‍ വൈമനസ്യം കാണിക്കുന്നു. നാളെ നമുക്കോ നമ്മളുടെ വേണ്ടപ്പെട്ടവര്‍ക്കോ ഈ അവസ്ഥ വന്നാലോ എന്ന് ചിന്തിക്കാന്‍ പോലും നമ്മള്‍ ശ്രമിക്കുന്നില്ല , പായുന്ന ജീവിതത്തിരക്കിനിടയില്‍ നമുക്കതിനു സമയവുമില്ല . സ്വന്തം കൂട്ടുകാരെ പോലും സഹായിക്കാന്‍ പാടില്ല എന്ന് കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അച്ഛനമ്മമാര്‍ ഒന്നോര്‍ക്കുക.. നാളെ അവര്‍ നിങ്ങളോടും അങ്ങനെ തന്നയെ പെരുമാറുകയുള്ളൂ !

തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസം മാത്രം നല്‍കുന്നതിലൂടെ ഒരിക്കലും തിരുത്താനാവാത്ത തെറ്റിലേക്ക് അടുത്ത തലമുറയെ തള്ളിവിടുന്ന ഈ പ്രവണതയെ തുടച്ചു മാറ്റിയെ തീരൂ.. മൂല്യാധിഷ്ടിത വിദ്യഭാസമാണ് നമ്മള്‍ അവര്‍ക്ക് കൊടുക്കേണ്ടത്.. ജാതി മത വര്‍ഗ ഭേദമില്ലാത്ത , മാനുഷിക മൂല്യങ്ങളില്‍ മാത്രം അധിഷ്ടിതമായ ഒരു തലമുറ.. അതായിരിക്കണം നമ്മുടെ ലക്‌ഷ്യം !!