Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Tuesday, February 16, 2010

ഒരു മലബാര്‍ ഓര്‍മ്മക്കുറിപ്പ്


         
തലശ്ശേരി.. ഏഴു വര്‍ഷം മുന്‍പാണ് ഞാന്‍ ഈ നഗരത്തില്‍ ആദ്യമായി വരുന്നത്. ആദ്യ ദര്‍ശനത്തില്‍ തന്നെ ഈ നഗരത്തോട് എന്തെന്നില്ലാത്ത ഒരടുപ്പം തോന്നിയിരുന്നു .
വീണ്ടും വന്നത് ഈ പ്രണയദിനത്തില്‍ . ഈ വരവില്‍ പഴയ അടുപ്പം മാറി പ്രണയമായി മാറിയത് അതുകൊണ്ടായിരിക്കും. .

ചരിത്രം ഉറങ്ങുന്ന കടലോര നഗരമാണ് തലശ്ശേരി. കാല്‍പന്തു കളിയുടെയും കേക്കിന്റെയും നഗരം.. ഇന്ത്യയില്‍ സര്‍ക്കസും ക്രിക്കറ്റും ജനിച്ചത് ഇവിടെയാണ്‌ . ഒരുപാട് പ്രശസ്ത വ്യക്തികളുടെ ജീവിതത്തിനു സാക്ഷ്യം വഹിച്ച ഒരു പഴയ നഗരം.

ഇന്നത്തെ തലശ്ശേരി തിരക്ക് പിടിച്ച ഒരു വലിയ നഗരമാണ് . കേരളത്തിന്റെ ഫാഷന്‍ ക്യാപിറ്റല്‍ എന്ന് വേണമെങ്കില്‍ ഈ നഗരത്തെ വിശേഷിപ്പിക്കാം. ഏവിയേറ്റര്‍ ഗ്ലാസും ഡിസൈനര്‍ താടിയും വച്ച് ബൈക്ക് പറത്തുന്ന ചുള്ളന്‍ പയ്യന്മാരും മൊഞ്ചുള്ള പെണ്‍കുട്ടികളും അലങ്കാരങ്ങള്‍ കുത്തി നിറച്ച് ചീറിപ്പായുന്ന ബസ്സുകളും ഏറ്റവും പുതിയ ഫാഷനില്‍ [കൊച്ചിയെക്കാള്‍ മികച്ചത് !] വസ്ത്രങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ബഹുനില മന്ദിരങ്ങളും നിറഞ്ഞ നഗരം. എന്നാല്‍ ഇതിനിടയിലും നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളും ഉന്തുവണ്ടികളും ഇടുങ്ങിയ തെരുവുകളും ചെറിയ കടകളും ഈ പുതുമയോട് ഇഴ ചേര്‍ന്ന് നില്‍ക്കുന്ന കാഴ്ച തന്നെയാണ് ഈ നഗരത്തിന്റെ മുഖ്യ ആകര്‍ഷണം..

തലശ്ശേരിയിലൂടെ യാത്ര തുടര്‍ന്നു.. ലക്‌ഷ്യം അതിനപ്പുറമുള്ള ഒരു ചെറിയ സ്ഥലമാണ് .

മാഹി ! ബടകരയ്ക്കും [ഇവിടത്തുകാര്‍ ഒഴികെയുള്ളവര്‍ വടകര എന്നും പറയും !! ] തലശ്ശേരിക്കും ഇടയിലുള്ള ഒരു കൊച്ചു നാട്. മൂന്ന് വശങ്ങളിലും കേരളമാണ് .. എന്നിട്ടും പോണ്ടിച്ചേരി എന്ന കേന്ദ്രഭരണ പ്രദേശത്തിന്റെ കീഴിലാണ് മാഹി .. 1954 വരെ ഫ്രെഞ്ച്കാരുടെ കോളനി ആയിരുന്നു മാഹി. അത് കൊണ്ട് തന്നെ അവര്‍ പോയപ്പോള്‍ മറ്റൊരു ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരിയുടെ കൂടെ മാഹിയെ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്നും 20 മീറ്റര്‍ നടന്നാല്‍ ഈ കൊച്ചു തമിഴ്നാട്ടില്‍ എത്താം. പോണ്ടിച്ചേരി ഗവണ്മെന്റ് ബസ്സുകള്‍ , പോലീസ് ജീപ്പുകള്‍ , പാളത്തൊപ്പി വച്ച തമിഴന്മാരായ പോലീസുകാര്‍ .....

എം മുകുന്ദന്റെ മയ്യഴി ആണ് മനസ്സില്‍ ഉള്ളതെങ്കില്‍ ഈ മാഹി കാണുമ്പോള്‍ ആ നോവല്‍ വെറും സാങ്കല്‍പ്പികമാണെന്ന് തോന്നാം. കാലം ഒരുപാട് കഴിഞ്ഞത് കൊണ്ട് തന്നെയാവാം ഈ മാറ്റം. മാറാതെ നില്‍ക്കുന്നത് മാഹി കടപ്പുറവും അഴിമുഖവും കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന പാറകളും മാഹിപ്പാലവും മാത്രം.

മദ്യപാനികള്‍ ഒരിക്കലെങ്കിലും വന്നിരിക്കേണ്ട സ്ഥലമാണ് മാഹി. മുഴുക്കുടിയന്മാര്‍ വന്നാല്‍ തിരിച്ചു പോകില്ലെന്ന് ഉറപ്പിക്കാം.. വെറും ഒരു 20 മീറ്റര്‍ നീളമുള്ള മാഹിപ്പാലം നടന്നു പകുതി എത്തുമ്പോള്‍ തന്നെ , അടിച്ചു കോണ്‍ തിരിഞ്ഞു നിലത്തു കിടക്കുന്നവരെ കാണാം !! പാലത്തിന്റെ കൈവരിയില്‍ തുണി ഉണക്കാനിട്ട പോലെ കിടക്കുന്ന ഒരു സീനിയര്‍ സിറ്റിസന്‍ പാമ്പാണ് ഞങ്ങളെ എതിരേറ്റത്.

'മാഹിയിലേക്ക് സ്വാഗതം ' .

മാഹിയിലേക്ക് കാലെടുത്തു വച്ചപ്പോള്‍ കണ്ട ഈ ബോര്‍ഡിന്
ശേഷം കണ്ട ബോര്‍ഡുകള്‍ എല്ലാം തന്നെ വൈന്‍ ഷാപ്പുകളുടെതാണ് [നമ്മുടെ ബെവ്കോ മാതിരി ]. നമ്മുടെ നാട്ടില്‍ ഒരു പട്ടണത്തിനു ഒന്ന് വച്ച് മാത്രം അനുവദിക്കുന്ന ബിവറെജെസ് ശാലകള്‍ ഓര്‍ത്തപ്പോള്‍ ലജ്ജ തോന്നി ! കേരളം വികസനത്തില്‍ പിന്നോട്ടാണ് എന്ന് മാഹി കാണുമ്പോള്‍ [മാത്രം] നമുക്ക് മനസിലാവും.

റോഡിന്‍റെ ഇരു വശങ്ങളിലും നിര നിരയായി വിദേശ മദ്യശാലകള്‍ മാത്രം ! !!

ഉച്ച സമയമായതു കൊണ്ടാവാം.. ഒരു തിരക്കുമില്ല.. അല്ലെങ്കിലും ഇത്രെയധികം കടകള്‍ ഉള്ളപ്പോള്‍ എന്തിനു തിരക്ക്.. കേരളത്തിലെ ബെവ്കോയുടെ മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്നു പടം മടങ്ങുന്ന പാവം മലയാളിയെ ഓര്‍മ വന്നു !

കേരളത്തില്‍ കിട്ടുന്ന ഒരുമാതിരി ലോക്കല്‍ തറ കുപ്പികള്‍ ഒന്നും തന്നെയില്ല.. എല്ലാം മലയാളികളുടെ 'റേഞ്ച് കൂടിയ' സാധനങ്ങള്‍ . വിലയോ ? 40 മുതല്‍ 50 ശതമാനം വരെ കുറവും !
[ചാല'ക്കുടി'ക്കാര്‍ ആരെങ്കിലും ഇത് വായിച്ചു ബോധം കേട്ടാല്‍ ഞാന്‍ ഉത്തരവാദി അല്ല]

മിക്ക വൈന്‍ ഷാപ്പുകളുടെയും മുകളില്‍ തന്നെ ബാറും ഉണ്ട്. തമിഴ്നാട് സെറ്റപ്പ് തന്നെ. വീണ്ടും നടന്നു.. Regent Hotel A/C Bar എന്ന ബോര്‍ഡ് കാണും വരെ.. ഒന്ന് കയറി നോക്കാം എന്ന് കരുതി..

നല്ല ഡീസന്റ് ബാര്‍ . അധികം കുടിയന്മാര്‍ ഇല്ല.. ഏസീയില്‍ ആരുമില്ല.. അങ്ങോട്ട് തന്നെ കയറി. ബെയറര്‍ മെനു തന്നു. വായിച്ചു നോക്കിയപ്പോള്‍ തന്നെ കണ്ണ് തള്ളിപ്പോയി.. എല്ലാത്തിനും എറണാകുളത്തു ഉള്ളതിന്റെ പകുതി വില. ഞങ്ങള്‍ക്ക് ഫയങ്കര സംശയം . പതുക്കെ ബെയററെ അടുത്ത് വിളിച്ചു രഹസ്യമായി ചോദിച്ചു - ചേട്ടാ ഇത് പെഗ് റേറ്റ് തന്നെ ആണോ ? പുള്ളി വളരെ നിഷ്ക്കളങ്കമായി 'അതേലോ' എന്ന് മറുപടി പറഞ്ഞു.. ഉടന്‍ നാട്ടിലുള്ള പയ്യന്മാരെ ഒക്കെ ഫോണ്‍ വിളിച്ചു ഈ സന്തോഷ വാര്‍ത്ത‍ അറിയിച്ചു.. അവന്മാര്‍ക്ക് ഒരേ ഡൌട്ട്.. അത് കൊണ്ട് ഈ മെനു കാര്‍ഡ്‌ ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി.. തെളിവ് വേണമല്ലോ... !!അവസാനം വളരെ തുച്ച്ചമായ ബില്‍ ! സ്വയം പുച്ച്ചം തോന്നി ..അവിടെ നിന്നിറങ്ങി നേരെ മാഹി കടപ്പുറത്ത് ചെന്നു. അഴിമുഖത്തോട് ചേര്‍ന്ന് നടപ്പാത നിര്‍മിക്കുന്നു..
കടല്‍ഭിത്തിക്കടുത്തു വരെ ബീച്ച് കടല്‍ കയ്യേറിയിരുന്നു. അത് കൊണ്ട് അങ്ങോട്ട്‌ പ്രവേശനമില്ല എന്നൊരു ബോര്‍ഡ് കണ്ടു.. പിന്നെ ഒന്നും നോക്കിയില്ല, എല്ലാവരും വളരെ കഷ്ട്ടപ്പെട്ടു പാറകളിലൂടെ നടന്നു ബോര്‍ഡിനപ്പുറം പോയി കടലിലേക്ക് നോക്കി ഇരുന്നു.. ഒരു വശത്ത് ബീച്ച് , ഒരു വശത്ത് കടല്‍ , മൂന്നാമത്തെ ദിശയില്‍ മാഹിപ്പാലം.. മനോഹരമായ കാഴ്ച !!

സൂര്യസ്തമയത്തിനു നന്നേ മുന്പ് അവിടുന്ന് തിരിച്ചു.. വീണ്ടും തലശ്ശേരിയില്‍ ചെന്നു. ഓട്ടോ പിടിച്ചു തലശ്ശേരി കടല്‍പ്പാലത്തില്‍ എത്തി.. പുരാതനമായ കെട്ടിടങ്ങള്‍ , നാട്ടുമാങ്ങയും നെല്ലിക്കയും കടലയും ഒക്കെ വില്‍പ്പനക്ക് വച്ചിരിക്കുന്ന ഉന്തുവണ്ടി , കടലിലേക്ക് എത്തിനില്‍ക്കുന്ന പാലം. തലശ്ശേരിക്ക് സൌന്ദര്യം വര്‍ധിച്ചിരുന്നു ..

തലശ്ശേരി കടല്‍പ്പാലത്തിന്റെ അറ്റത്തിരുന്നു കടല്‍ക്കാറ്റേറ്റ് സൂര്യാസ്തമയം കാണുന്നതിനെക്കുറിച്ച് എഴുതി ഫലിപ്പിക്കാന്‍ മാത്രം സാഹിത്യം എനിക്കറിയില്ല.. അത്ര മനോഹരമായ അനുഭവമായിരുന്നു ..

ചില ഫോട്ടങ്ങള്‍ എടുത്തു...


ഇരുട്ട് വീണു തുടങ്ങിയപ്പോള്‍ അവിടുന്ന് തിരിച്ചിറങ്ങി..

മടക്കയാത്ര ..

ഇനിയും തിരിച്ചു വരാനുള്ള ആഗ്രഹം മനസ്സ് കൊണ്ട് തലശേരിയോടു മന്ത്രിച്ചു യാത്ര പറഞ്ഞു !!Tuesday, February 9, 2010

മാധ്യമ (ശവ) സംസ്കാരം !


             പ്രഹസനം എന്ന നിലയില്‍ നിന്നും കടുത്ത അധ:പ്പതനം എന്ന അവസ്ഥയിലേക്ക് ദിനം പ്രതി കൂപ്പു കുത്തുന്ന കേരളത്തിലെ
മാധ്യമങ്ങളെ ബെര്‍ളി പിച്ചിച്ചീന്തുന്ന പോസ്റ്റ്‌ വായിക്കാനിടയായി.. കുറച്ചു നാള്‍ മുന്പ് വരെ മലയാളികള്‍ തമാശയായിട്ട് മാത്രമേ ഈ മാധ്യമപ്പടയുടെ പേക്കൂത്തുകള്‍ കണ്ടിരുന്നുള്ളൂ.. എന്നാല്‍ , അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയെ ഏറ്റവും ആദ്യം 'അന്തരിപ്പിക്കാന്‍ ' മാധ്യമങ്ങള്‍ കാണിച്ച വ്യഗ്രതയെ ഭയത്തോട് കൂടിയാണ് ഇന്ന് കേരള ജനത കാണുന്നത്.. മാധ്യമ അരാജകത്വത്തെ തുറന്നു കാട്ടുന്ന ഈ പോസ്റ്റ്‌ ചിരിപ്പിക്കുന്നതിനോടൊപ്പം നമ്മളെ ചിന്തിക്കാനും പ്രേരിപ്പിക്കുന്നു..
രാഷ്ട്രീയക്കാര്‍ 'മാധ്യമ സിന്റികെയ്റ്റ്' എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഈ മഹാവ്യാധിയെ തടുക്കാന്‍ എല്ലാ മലയാളികളും ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു..

ഈ കഴിഞ്ഞ ശനിയാഴ്ച കേരളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയുടെ വാര്‍ത്തകള്‍ 'ആദ്യം' ജനങ്ങളില്‍ എത്തിക്കാന്‍ മത്സരിക്കുന്ന ചാനലുകാര്‍ തന്നെ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണ് ഈ പോസ്റ്റ്‌ എഴുതാനുള്ള 'പ്രചോദനം'.

വിമാനത്താവളത്തില്‍ രാഹുല്‍ വന്നിറങ്ങിയത് കേട്ടറിഞ്ഞു കാറുകളിലും ജീപ്പുകളിലും ഒറ്റക്കയ്യില്‍ തൂങ്ങിക്കിടന്നു മറ്റെക്കയ്യിലെ ക്യാമറയില്‍ രാഹുലിന്റെ നീക്കങ്ങള്‍ പകര്‍ത്താന്‍ വിറളി പിടിച്ചോടുന്ന ചാനല്‍ പടയെ നമ്മള്‍ ആ മാധ്യമത്തിലൂടെ തന്നെ കണ്ടതാണ്.

എന്നാല്‍ , സ്വന്തമായി ഒരു ചാനല്‍ ഇല്ലാത്തത് കൊണ്ടാവാം , മാതൃഭൂമി പത്രത്തിലാണ് ഈ വാര്‍ത്ത‍ പ്രസിദ്ധീകരിച്ചത് കണ്ടത് .

"സ്വന്തം വീട്ടുമുറ്റത്തെ സൂര്യകാന്തിപ്പൂക്കള്‍ കൊണ്ട് പൂക്കുട ഉണ്ടാക്കിയാണ് എഴാം ക്ലാസ്സുകാരന്‍ ഷാഫി മുഹമ്മദും അനുജത്തി ഷഫ്നയും രാഹുലിനെ കാണാന്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ്‌ വാഹനത്തില്‍ നീങ്ങിയ രാഹുല്‍ , തന്നെ നോക്കി കൈ വീശിക്കാണിക്കുന്ന കുട്ടികളുടെ അടുത്ത് വണ്ടി നിര്‍ത്തി ചാടിയിറങ്ങി. പൂക്കുട സ്വീകരിച്ചു തന്റെ മുഖത്ത് തലോടിയ രാഹുലിനോട് സ്കൂളിലെ നോട്ടുപുസ്തകം കാണിച്ചു ഷാഫി ഓട്ടോഗ്രാഫ് ചോദിച്ചു. സുരക്ഷ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും പേന വാങ്ങി ഉടന്‍ തന്നെ രാഹുല്‍ ആ പുസ്തകത്തില്‍ ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തു. ഇതിനു ശേഷം അദ്ദേഹം തന്റെ വാഹനത്തില്‍ കയറിപ്പോകുകയും ചെയ്തു "

പോരെ പൂരം. രാഹുലിന്റെ ഓട്ടോഗ്രാഫ് ആണ് പയ്യന്റെ ബുക്കില്‍ . അദ്ദേഹത്തിന്റെ കയ്യൊപ്പ് ആദ്യം ക്യാമറയില്‍ പകര്‍ത്തി മലയാളികള്‍ക്ക് മുന്നില്‍ എത്തിക്കുക എന്ന ഉദ്ദേശത്തില്‍ രാഹുലിന്റെ വാഹനവ്യൂഹത്തെ പോലും മറന്നു ചാനല്‍പ്പട പയ്യന്റെ ചുറ്റും കൂടി.

"രാഹുലിന്റെ കയ്യൊപ്പ് സ്കൂളില്‍ എല്ലാവരെയും കാണിക്കണം എന്ന് പയ്യന്‍സ് പറഞ്ഞു തീരും മുന്‍പേ അതിന്റെ പടം പിടിക്കാന്‍ വേണ്ടി ചാനലുകാര്‍ മത്സരിച്ചു. കയ്യൊപ്പ് പതിഞ്ഞ നോട്ടുബുക്ക് ക്യാമറയില്‍ പകര്‍ത്താനുള്ള ചാനല്‍ പ്രവര്‍ത്തകരുടെ തിക്കിലും തിരക്കിലും പെട്ട് നോട്ടുബുക്ക് പലതായി കീറിപ്പോയി !!"

പയ്യന്‍സ് ഇത് കണ്ടു ഡെസ്പായി കരച്ചിലും തുടങ്ങി.. ആകെ ബഹളമയം !

മാധ്യമ പ്രവര്‍ത്തകരുടെ ഈ പ്രകടനം വായിച്ചപ്പോള്‍ എല്ലും കഷ്ണത്തിന് വേണ്ടി തെരുവുനായ്ക്കള്‍ കടിപിടി കൂടുന്ന സീന്‍ ആണ് ഓര്‍മ വന്നത്. രാഹുല്‍ ഗാന്ധി ചിലപ്പോള്‍ ഈ രാജ്യത്തിന്‍റെ ഭാവി പ്രധാനമന്ത്രി ആയിരിക്കാം. അന്ന് അദ്ദേഹത്തിന്റെ കയ്യൊപ്പിനു വലിയ വിലയും ഉണ്ടാകുമായിരിക്കും.. പക്ഷെ ഒരു കുട്ടിയുടെ നോട്ട്ബുക്കില്‍ ഓട്ടോഗ്രാഫ് കൊടുത്തത് ക്യാമറയില്‍ പകര്‍ത്തി മലയാളികളെ കാണിച്ചിട്ട് ആര്‍ക്ക് എന്ത് നേട്ടം ?

അല്ലെങ്കിലും ജനങ്ങളുടെ നേട്ടത്തിന് എന്ത് വില !

പയ്യന്‍സിന്റെ പുസ്തകം വലിച്ചു കീറിയത് മിച്ചം .

Thursday, February 4, 2010

സ്വര്‍ഗ്ഗത്തിലെ ചട്ടമ്പികള്‍ [സിനിമ]


ചട്ടമ്പിനാട്
ദിശാബോധമുള്ള കഥ കൊണ്ടും, ശക്തമായ തിരക്കഥ കൊണ്ടും, അവതരണത്തിലെ വൈവിധ്യവും കൊണ്ട് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ 'രാജമാണിക്യം' എന്ന സിനിമയുടെ ഓര്‍മ്മകള്‍ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം വീണ്ടും പൊടി തട്ടിയെടുത്ത് നിറം മാറ്റി നമുക്ക് മുന്നില്‍ എത്തിച്ചു തന്നിരിക്കുന്നു.. ചുരുക്കിപ്പറഞ്ഞാല്‍ പുതിയതും ചവര്‍പ്പുള്ളതുമായ വീഞ്ഞ് ആ പഴയ കുപ്പിയില്‍ നിറച്ചു മലയാളിയുടെ മുന്നിലേക്ക് എത്തിച്ചതാണ് ചട്ടമ്പിനാട് എന്ന ചിത്രം. രാജമാണിക്യത്തിന്റെ ഹാങ്ങ്‌ ഓവര്‍ മലയാളിക്ക് മാറിത്തുടങ്ങി എന്ന് ഷാഫിക്കും തോന്നിക്കാണണം. അല്ലെങ്കില്‍ പിന്നെ ലോലിപോപ്പ് എന്ന ചിത്രം തന്റെ കരിയറില്‍ വരുത്തിയ കരിനിഴല്‍ പെട്ടന്ന് മായ്ച്ചു കളയാനുള്ള എളുപ്പവഴി ഇതാണെന്ന് കരുതിക്കാണും.. എന്തായാലും ഒറ്റവാക്കില്‍ ചട്ടമ്പിനാട് തികഞ്ഞ ഒരു പരാജയമാണ് എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.. മള്‍ട്ടി കളര്‍ വേഷത്തില്‍ നിന്നും തൂവെള്ള വേഷത്തിലേക്കുള്ള മമ്മൂട്ടിയുടെ മാറ്റം തന്നെയാണ് ചിത്രത്തില്‍ എടുത്ത് പറയാനുള്ള 'പുതുമ' . ഒപ്പം തിരോന്തോരം സ്ലാംഗ് മാറ്റി കന്നഡ ഭാഷ തിരുകി കയറ്റി. [മമ്മൂട്ടിയുടെ കൂടെ കര്‍ണാടകത്തില്‍ താമസിക്കുന്ന വിനു മോഹന്‍ ഉള്‍പ്പടെ ആര്‍ക്കും ആ ഭാഷ കിട്ടിയിട്ടില്ല എന്നതാണ് ആശ്ചര്യവും ഒപ്പം ആശ്വാസവും നല്‍കുന്ന കാര്യം ].

ഗ്രാമത്തില്‍ നിന്നും കുട്ടിക്കാലത്ത് ഒളിച്ചോടി അന്യദേശത്തു പോയി സകല തരികിടയും പഠിച്ചു സമ്പന്നനായ മാണിക്യം ഇതില്‍ മല്ലയ്യ ആയിട്ടുണ്ട്. ഒളിച്ചോട്ടവും മറ്റും പഴയത് തന്നെ. തെറ്റിധാരണ കൊണ്ട് തന്നെ ഇത്തവണയും നാട് വിടേണ്ടി വന്നത്. നഷ്ട്ടപ്പെട്ടത് തിരിച്ചു മേടിക്കാനും തെറ്റിധാരണകള്‍ തിരുത്താനും തന്നെ മടങ്ങിവരവും. രഹ്മാന് പകരം വിനു മോഹന്‍ കൂടെയുണ്ട്. നാട്ടില്‍ എത്തുമ്പോള്‍ പദ്മപ്രിയയുടെ റോളില്‍ ഇത്തവണ ലക്ഷ്മി റായ് ഉണ്ട്. മനോജ്‌ കെ ജയന് ഒരു വ്യത്യാസവും ഇല്ല എന്ന് തന്നെ പറയാം.

മമ്മൂട്ടിയുടെ കുറ്റിത്താടിയും കടുക്കനും മോതിരങ്ങളും ഒക്കെ അദ്ദേഹത്തിന്റെ പ്രായം വീണ്ടും കുറച്ചിരിക്കുന്നു എന്ന വസ്തുത പറയാതെ വയ്യ. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം എന്ന കഥാപാത്രമാണ് ഒത്തിരി കയ്യടി നേടിയത്. തന്റെ സ്ഥിരം സ്റ്റൈല്‍ ആവര്‍ത്തിച്ച സുരാജ് , മലയാളികള്‍ക്ക് തന്നെ മടുത്തു തുടങ്ങിയിട്ടില്ല എന്ന് വീണ്ടും തെളിയിച്ചു. കഥയിലെ വില്ലനെ അവതരിപ്പിച്ച സിദ്ദിക്ക് പ്രത്യേകിച്ച് പുതുമകള്‍ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥാപാത്രമായി ഒതുങ്ങി. ജനാര്‍ദനന്‍ , സലിംകുമാര്‍ തുടങ്ങിയവരും അവിടിവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒന്നോ രണ്ടോ ഡയലോഗുകളില്‍ ഒതുങ്ങിക്കൂടാനായിരുന്നു മൈഥിലിയുടെ കഥാപാത്രത്തിന്റെ വിധി.

ശ്രദ്ധിക്കാന്‍ മാത്രം ഉള്ള ഗാനങ്ങള്‍ അലക്സ്‌ പോളിനും സൃഷ്ടിക്കാന്‍ പറ്റിയില്ല. ക്യാമറമാന്‍ മനോജ്‌ പിള്ളയുടെ കഴിവുകള്‍ വിനിയോഗിക്കാന്‍ ഒരു അവസരം ഈ തിരക്കഥയില്‍ ഉണ്ടായിടുണ്ടോ എന്നും സംശയമാണ്. എങ്ങനെയെങ്കിലും തീര്‍ക്കാന്‍ പാട് പെടുന്ന ഒരു കാഴ്ചയാണ് ഇടവേളയ്ക്കു ശേഷം. ഒന്നിനും കൊള്ളാത്തതും അവിശ്വസനീയവും ആയ ഒരു ക്ലൈമാക്സ്‌ കൂടി ആയപ്പോള്‍ ഈ സിനിമയുടെ പരാജയം പൂര്‍ണമായി.

കൂടുതല്‍ എഴുതാന്‍ വയ്യ !

ഇവിടം സ്വര്‍ഗ്ഗമാണ്

വ്യത്യസ്തതയുമായി റോഷന്‍ ആണ്ട്രൂസ് വീണ്ടും ! ഇത്തവണ മോഹന്‍ലാല്‍ എന്ന അഭിനേതാവിന്റെ സുവര്‍ണ കാലഘട്ടത്തിലെ ചില കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു നായകനെയാണ് റോഷന്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ചത്. മിടുക്കനും ബുദ്ധിമാനുമായ വിദ്യാര്‍ഥി ആയിരുന്നിട്ടും പിതാവിന്റെ കടങ്ങള്‍ വീട്ടാന്‍ വേണ്ടി കര്‍ഷകനായി , ഒടുവില്‍ മണ്ണില്‍ പൊന്നു വിളയിക്കുന്ന ഒരു വലിയ പ്രകൃതി സ്നേഹിയായി മോഹന്‍ലാല്‍ വീണ്ടും സാധാരണക്കാരന്റെ വേഷത്തില്‍ എത്തുന്നു. ഒരുപാട് പക്ഷി മൃഗാദികള്‍ ഉള്ള ഒരു വലിയ ഫാം നടത്തുന്ന നായകന്‍റെ സ്ഥലം ഭൂമാഫിയക്കാരനായ വില്ലന്‍ കണ്ണ് വയ്ക്കുന്നിടത്ത് ചിത്രം ആരംഭിക്കുന്നു.

ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്ന തിരക്കഥാകൃത്തിന്റെ ശക്തമായ തൂലിക തന്നെയാണ് ഈ ചിത്രത്തിന്റെ വിജയം. കഥയുടെ നൂലാമാലകള്‍ വളരെ സൂക്ഷ്മമായി പഠിച്ചു തന്നെയാണ് അദ്ദേഹം ഈ ചിത്രം രചിച്ചിരിക്കുന്നത്. സമകാല സംഭവങ്ങളെ വളരെയധികം അപഗ്രഥിച്ചു കൊണ്ടാണ് ഈ കഥ മുന്നോട്ട് പോകുന്നത്.

ഒരു പക്ഷെ നായകനായ മോഹന്‍ലാലിനേക്കാള്‍ അഭിനയ സാധ്യത കൂടിയ ഒരു വില്ലന്‍ കഥാപാത്രത്തെ തന്മയത്വത്തോട്‌ കൂടി അവതരിപ്പിച്ച ലാലു അലക്സ് ഈ ചിത്രത്തിന്റെ വിജയത്തിന്റെ നല്ലൊരു ശതമാനം തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. ആലുവ ചാണ്ടി എന്ന ഈ കഥാപാത്രം ലാലു അലക്സിന്റെ അഭിനയ ജീവിതത്തിലെ ഒരു പൊന്‍ തൂവലാണ് എന്നതില്‍ സംശയമില്ല .

വിരോധാഭാസമെന്നു തോന്നാം , ഇതേ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഒരു മുഖ്യ ന്യൂനതയും. വളരെ നെഗറ്റീവ് ആയ ഒരു കഥാപാത്രമായി തുടങ്ങിയിട്ടും അവസാനമാവുമ്പോള്‍ അവിശ്വസനീയമായ രീതിയില്‍ പാവമാകുന്ന ഒരു വില്ലന്‍ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടു. എതിര്‍ക്കുന്നവരെ കൊന്നു കുഴിച്ചു മൂടിയ ചരിത്രമുള്ള ആലുവ ചാണ്ടിയെ വളരെ പെട്ടന്ന് വെറും ഒരു മണ്ടനും , പ്രേക്ഷകന് സഹതാപം തോന്നുന്ന തരത്തില്‍ ഒരു പാവവും ആക്കി മാറിയത് അല്‍പ്പം കടന്ന കയ്യായിപ്പോയി എന്നൊരു സംശയം തോന്നുന്നു.

നായികമാര്‍ക്ക് ഒരു പഞ്ഞവുമില്ല ! വക്കീല്‍ ആയി ലക്ഷ്മി റായ്യും ചാനല്‍ അവതാരിക ആയി പ്രിയങ്കയും കര്‍ക്കശക്കാരിയായ ഉദ്യോഗസ്ഥ ആയി ലക്ഷ്മി ഗോപാലസ്വാമിയും അവരുടെ ചെറിയ റോളുകള്‍ കുഴപ്പമില്ലാതെ കൈകാര്യം ചെയ്തിട്ടുണ്ട്. നായകനെ സഹായിക്കുന്ന മറ്റൊരു വക്കീലായി ശ്രീനിവാസനും രംഗത്ത് വരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കണ്ടു മറന്ന പല കഥാപാത്രങ്ങളുടെയും രൂപം അതില്‍ നിഴലിച്ചിരുന്നു. കൃത്രിമ ആധാരങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രഗല്‍ഭനായ ഒരു ആധാരം എഴുത്തുകാരനായി ജഗതി അതിമനോഹരമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. നായകന്റെ കൂട്ടുകാരനായി പഴയകാല നായകന്‍ ശങ്കറും മുഖ്യമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പല അനീതികളും കൃത്രിമങ്ങളും തുറന്നു കാട്ടുന്നു എന്നത് ചിത്രത്തിന്റെ വിജയം തന്നെയാണ്. എങ്കിലും , വിശ്വസിക്കാന്‍ പ്രയാസമുള്ളത് കൊണ്ടോ അതോ മനപ്പൂര്‍വം അവിശ്വസിക്കാന്‍ ശ്രമിക്കുന്നതോ ആണെന്നറിയില്ല , realistic family thriller എന്ന തലക്കെട്ടില്‍ ഒരല്‍പം unrealistic സംഭവവികാസങ്ങള്‍ ബോധപൂര്‍വം കാണിക്കുന്നില്ലേ എന്നൊരു സംശയം പ്രേക്ഷകന് തോന്നാം. എന്നാല്‍ ഗാനങ്ങളുടെ അഭാവം പോലും ചിത്രത്തിന്റെ മാറ്റിന് ഒരു കുറവും വരുത്തിയിട്ടില്ല എന്നത് വലിയ ഒരു വിജയമാണ്. എല്ലാം കൊണ്ടും മലയാളി പ്രേക്ഷകര്‍ക്ക് വളരെ വലിയ പ്രതീക്ഷകള്‍ തന്നെയാണ് ഈ ചിത്രത്തിലൂടെ റോഷന്‍ ആണ്ട്രൂസ് തന്നിരിക്കുന്നത്. വ്യത്യസ്തമായ അനവധി ചിത്രങ്ങള്‍ നമുക്ക് ഇനിയും ഈ യുവ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കാം !

മുറിവാല്‍ : കേരളത്തില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ബാബാ കല്യാണി , ടൈം , റെഡ് ചില്ലീസ് മുതലായ വമ്പന്‍ ഹിറ്റുകള്‍ കാണേണ്ടി വന്നതിനു ശേഷം ഷാജി കൈലാസിന്റെ പടങ്ങള്‍ കാണില്ല എന്ന് ശപഥം ചെയ്തതായിരുന്നു. എന്നാല്‍ ശരത്കുമാര്‍ അഭിനയിച്ച 'ജഗ്ഗുഭായ്' എന്ന സിനിമ കണ്ടതിനു ശേഷം ആ തീരുമാനം മാറ്റാന്‍ തീരുമാനിച്ചു . ഷാജി എത്ര ഭേദം ! പത്തിരുപത് കോടി രൂപ ചിലവഴിച്ചു എന്ന് രാധിക ശരത്കുമാര്‍ പറഞ്ഞത് എന്തിനു വേണ്ടിയാണ് എന്നും മനസിലായി. ക്ലൈമാക്സ്‌ സീനിലെ ആക്ഷന്‍ കണ്ടപ്പോള്‍ പണ്ട് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത 'അലിഫ് ലൈല' എന്ന സീരിയല്‍ ആണ് ഓര്‍മ വന്നത്. പടം കണ്ടിരുന്ന തമിഴന്മാര്‍ വരെ കൂവിപ്പോയി !!