Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Wednesday, March 24, 2010

വീണ്ടും ഒരു ലൈവ് മാധ്യമ ആഘോഷം


ഇന്ത്യാവിഷം
ചാനലില്‍ ഇന്നലെ ബസ്‌ ദുരന്തം ആഘോഷമാക്കിയെടുത്ത് നഘേഷ് കുമാര്‍ ആര്‍മാദിച്ചു

മന്ത്രിയോട് ചോദിച്ച ചോദ്യങ്ങള്‍ ഇതൊക്കെ ആയിരുന്നു

1 ) എന്ത് കൊണ്ട് ആദ്യം വന്ന ക്രെയ്ന്‍ കൊണ്ട് ബസ്സ്‌ പോക്കിയെടുത്തില്ല ?
2 ) ആദ്യ അഞ്ചു മിനുട്ടില്‍ അവിടെ പോലീസോ മന്ത്രിമാരോ ആരും എത്താഞ്ഞത് എന്ത് കൊണ്ട് ?
3 ) നാവിക സേനയുടെ ഹെലികോപ്ടര്‍ ഉപയോഗിച് വളരെ ഈസിയായി ബസ്‌ പോക്കിയെടുതിരുന്നെങ്കില്‍ കുറേപ്പേരെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ലേ ?

രക്ഷപെട്ട ബസ്‌ ജീവനക്കാരനെയും പുള്ളി വെറുതെ വിട്ടില്ല

1 ) താങ്കള്‍ ഒഴുകി എത്തി രക്ഷപെട്ട ജനലിലൂടെ എന്ത് കൊണ്ട് മറ്റുള്ളവര്‍ രക്ഷപ്പെട്ടില്ല ?
2 ) പോസ്റ്റില്‍ ഇടിച്ച ബസ്സ്‌ എന്ത് കൊണ്ട് നിന്നില്ല ?
3 ) രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ അല്ലേ ഇത്രെയും പേര്‍ മരിക്കാന്‍ ഇടയായത് ?

അല്‍പ്പം വിവരമുള്ള ആ ബസ്സ്‌ ജീവനക്കാരന്‍ ഒടുവില്‍ പറഞ്ഞു - "ഞാന്‍ വെള്ളത്തില്‍ നിന്നും പൊങ്ങി വന്നത് ഒരു മിനുട്ടോളം കഴിഞ്ഞിട്ടാണ്.. അതില്‍ കൂടുതല്‍ നേരം ഒരു മനുഷ്യന് വെള്ളത്തിനടിയില്‍ ജീവനോടെ ഇരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.. പിന്നെ ഏതു രക്ഷാപ്രവര്ത്തകന്‍ വന്നാലും ഡെഡ്ബോഡി റിക്കവര്‍ ചെയ്യാന്‍ മാത്രമേ സാധിക്കൂ എന്നാണു എനിക്ക് തോന്നുന്നത് " എന്ന്

ശരിയാണ് !

ആധുനിക ലോകത്ത് മാധ്യമങ്ങളുടെ പങ്ക് ഒട്ടും നിസാരമല്ല.. എന്നാല്‍ , വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളില്‍ എത്തിക്കുക എന്ന മാധ്യമധര്‍മ്മം ഒക്കെ എന്നേ നിലംപൊത്തി.. ഇന്നിവിടെ വേണ്ടത് സ്കൂപ്പ് ആണ് .. അപകടവും മരണവും ഒക്കെ ഏറ്റവും കളര്‍ഫുള്‍ ആയി ആഘോഷിക്കുന്ന ഒരു തരം ഭ്രാന്തമായ ആവേശത്തിലേക്ക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ! അതും പോരാഞ്ഞിട്ട് നിലവാരം കുറഞ്ഞ , ബുദ്ധിശൂന്യമായ അഭിമുഖങ്ങള്‍ നടത്തി തങ്ങളുടെ വിഡ്ഢിത്തം നാട് മുഴുവന്‍ വിളമ്പുകയും ചെയ്യുന്നു..

മലയാളികളുടെ അധപ്പതനതിന്റെ മറ്റൊരു കാഴ്ച്ച ഇന്നലെ ടീവി ദൃശ്യങ്ങളില്‍ കണ്ടു. രക്ഷാപ്രവര്‍ത്തനതിനു ഇറങ്ങുന്ന ഒരു പറ്റം ജനങ്ങള്‍ക്കിടയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുന്ന അമേച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ .. കയ്യില്‍ മൊബൈലും ഏന്തി തിക്കിത്തിരക്കി ബഹളം ഉണ്ടാക്കുന്ന ഒരു സംഘം ആളുകള്‍ .

മൊബൈല്‍ ക്യാമറ കയ്യിലുണ്ടെങ്കില്‍ പിന്നെ എന്ത് മോര്‍ച്ചറി , എന്ത് ഹോട്ടല്‍ ടോയ്ലെറ്റ് .. എല്ലാം നമുക്ക് ഒരുപോലെ എന്ന് ചിന്തിക്കുന്ന സാമൂഹ്യ ഞെരമ്പ് രോഗികള്‍ !! രക്ഷാപ്രവര്‍ത്തനത്തിനു ഏറ്റവും അധികം നേരിട്ട തടസ്സവും ഈ കാഴ്ചക്കാര്‍ തന്നെയായിരുന്നു പോലും !

ആര്‍ക്കും നേരെയാക്കാന്‍ പറ്റാത്ത വിധം നമ്മള്‍ നശിച്ചു കഴിഞ്ഞു !

ദൈവത്തിനെ സ്വന്തം നാടിനെ അങ്ങേരു തന്നെ രക്ഷിക്കട്ടെ !!

ആസ് യൂഷ്വല്‍ , മനോരമ ന്യൂസ് ബാക്കി എല്ലാ ചാനലുകാരെക്കാള്‍ ഒരു പടി മുന്നിലായിരുന്നു .. മരണ സംഖ്യ കാണിക്കുന്നതില്‍ !!!

Thursday, March 18, 2010

വിഘടനവാദികളും പ്രതിക്രിയാവാദികളും തമ്മില്‍ ........


         കമ്മ്യൂണിസ്റ്റുകാരുടെ വിവരക്കേടിനെ കുറിച്ച് ഞാന്‍ എഴുതിയിട്ട് വേണ്ട നിങ്ങള്‍ക്കൊക്കെ മനസിലാവാന്‍ എന്ന് അറിയാം.. എന്നാലും ഇതൊക്കെ കാണുമ്പോള്‍ അറിയാണ്ട് വീണ്ടും പറഞ്ഞു പോകുകയാണ്.. വേറെ എങ്ങിനെ പ്രതികരിച്ചാലും ചിലപ്പോള്‍ ഇടി കിട്ടും.. അത് കൊണ്ട് ഇവിടെ പറയാം എന്ന് വച്ചു ..

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒരാളായ അമിതാബ് ബച്ചനെ നമ്മുടെ ടൂറിസം-കം-ആഭ്യന്തര മന്ത്രി, കേരള ടൂറിസത്തിന്റെ അംബാസിഡര്‍ ആക്കാന്‍ വേണ്ടി ക്ഷണിച്ചു കൊണ്ട് കത്ത് എഴുതിയതിന്റെ ഇരുപത്തിനാലാം മണിക്കൂര്‍ ആഘോഷിക്കും മുന്‍പേ തന്നെ , ഇന്ത്യ എമ്പാടും നിറഞ്ഞു കവിഞ്ഞു കിടക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അഖിലേന്ത്യാ എന്തോന്നോ ആയ സീതാറാം എച്ച്(ല്‍)ഊരി പ്രസ്താവന ഇറക്കിയിരിക്കുന്നു -
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പറഞ്ഞ അമിതാബ് അച്ചനെ കേരളത്തിന്റെ അംബാസിഡര്‍ ആക്കാന്‍ പറ്റില്ലാ എന്ന്..

വികസനം എന്ന് കേട്ടാല്‍ തന്നെ അറയ്ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ മാത്രമേ അതിശയമുള്ളൂ.. അറുപതുകളില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായിരുന്ന കല്‍ക്കട്ടയെ വളരെ കഷ്ട്ടപ്പെട്ടു ബുദ്ധിമുട്ടി ഒരു ഗതിയും പരഗതിയും ഇല്ലാത്ത പ്രേത നഗരമാക്കി മാറ്റിയതില്‍ മുഴുവന്‍ പങ്കും വഹിച്ച സഖാക്കള്‍ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ പെരുമാറണം അല്ലേ ?

അമിതാബ് ബച്ചന്‍ ഇവിടെ എന്ത് കാണിച്ചാലും അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാതെ ഇവിടെ ടൂറിസം വികസനം എന്ന് പറയുന്ന ഒരു സംഭവവും നടക്കില്ല .. ശരി തന്നെ .. പക്ഷെ ലോകം എമ്പാടും അറിയപ്പെടുന്ന ഒരു കലാകാരനെ ഇങ്ങനെ ഒരു ആവശ്യത്തിനു പ്രോജെക്റ്റ്‌ ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു പഞ്ച് ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക് സാധിച്ചേനെ.. അത് കളഞ്ഞു കുളിച്ചു !

താന്‍ നരേന്ദ്ര മോഡിയുടെ വക്താവല്ല , മറിച്ച്, ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സന്തോഷിക്കുന്ന ഒരാള്‍ മാത്രമാണ് എന്ന് അമിതാബ് ബച്ചന്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു . ഒരു ഇന്ത്യന്‍ പൌരനു അത് പറയാനുള്ള സ്വാതന്ത്ര്യം ഇല്ല എന്നായിരിക്കും സഖാക്കള്‍ ഉദ്ദേശിച്ചത്.. എന്ത് കണ്ടാലും എതിര്‍ക്കാന്‍ മാത്രം ശീലിച്ചിട്ടുള്ള കമ്യൂണിസ്റ്റ് നയം !

ഇന്ത്യയില്‍ ഏറ്റവും വികസനം നടക്കുന്ന ഒരു സംസ്ഥാനത്തിലെ (കലാപങ്ങളും മറന്നിട്ടില്ല.. അത് ഈ കോണ്‍ടെക്സ്റ്റില്‍ മിക്സ് ചെയ്യേണ്ട ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല) മുഖ്യമന്ത്രിയോടും അവിടുത്തെ ഭരണപക്ഷത്തോടും ഈ സഖാക്കള്‍ക്കുള്ള എതിര്‍പ്പ് മനസ്സിലാക്കാം.. പക്ഷെ കേരളം എന്ന സംസ്ഥാനത്തിന്റെ ടൂറിസം വികസനം ഈ പറയുന്ന പോളിറ്റ് ബ്യൂറോയുടെ കയ്യില്‍ എന്നാണു എല്പ്പിച്ചതെന്നു മനസിലാകുന്നില്ല.. ഇതൊരു സംസ്ഥാനമാണ് , ഇവിടെ ഒരു ഗവണ്‍മെന്റ് ഉണ്ട് (പേരിനു) .. ഇവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് അവരാണ്.. അല്ലാതെ എവിടെയോ ഇരിക്കുന്ന ബുദ്ധിജീവികള്‍ അല്ല എന്ന് നമ്മളൊക്കെ ഇനി എന്നാണോ തിരിച്ചറിയാന്‍ പോകുന്നത്..

അമിതാഭിന് കത്തെഴുതിയ ആഭ്യന്തര മന്ത്രി , യെച്ചൂരിയുടെ ഈ പ്രസ്താവന കേട്ട വഴി പ്ലേറ്റ് മറിച്ചിട്ടുണ്ട് .. അമിതാഭിന് കേരളത്തിന്റെ അംബാസിഡര്‍ ആവാനുള്ള താല്‍പ്പര്യം കണ്ടാണ്‌ അദ്ദേഹത്തെ താന്‍ ക്ഷണിച്ചതെന്നും , കേരളത്തില്‍ അപ്പോള്‍ തന്നെ അതിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു എന്നും മന്ത്രി പറഞ്ഞു കഴിഞ്ഞു.. അപ്പോള്‍ കാണുന്നവനെ അപ്പന്‍ എന്ന് വിളിക്കുന്ന രാഷ്ട്രീയ പാപ്പരത്വം !

കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആവാനുള്ള അടക്കാനാവാത്ത ആഗ്രഹം മനസ്സില്‍ കൊണ്ടു നടന്ന അമിതാബ് ബച്ചന്‍ ഈ മന്ത്രിയോട് കരഞ്ഞു കാലു പിടിച്ചു പറഞ്ഞിട്ടും മന്ത്രി കുലുങ്ങിയില്ല എന്ന പോലെ ആയി ഇപ്പോ അവസ്ഥ !

*
ഇത്രയും വായിച്ചെങ്കില്‍ ,
ഇതൊക്കെ സഹിച്ചും ക്ഷമിച്ചും ഈ ഭ്രാന്താലയത്തില്‍ ജീവിക്കുന്ന ഒരു പാവം പൌരന്റെ ജല്‍പ്പനങ്ങള്‍ എന്ന് കരുതി എന്നോട് ക്ഷമിക്കുക..

Thursday, March 11, 2010

കാഴ്ചയുള്ള അന്ധന്മാര്‍ !


ശനിയാഴ്ച കുറച്ചു നേരം ഓഫീസില്‍ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.. രാവിലെ ഒരു രണ്ടു മണിക്കൂര്‍ നേരം മാത്രം..
ഇറങ്ങിയപ്പോള്‍ കണ്ണില്‍ കുത്തുന്ന വെയില്‍ !

തിരിച്ചു ഇന്‍ഫോപാര്‍ക്ക് റോഡിലൂടെ വരുമ്പോള്‍ ഒരു കാഴ്ച കണ്ടു.. രണ്ടു അന്ധന്മാര്‍ റോഡിന്‍റെ സൈഡിലൂടെ നടന്നു പോകുന്നു.. ഒരു കൈ പരസ്പരം
കോര്‍ത്ത്‌ പിടിച്ചിട്ടുണ്ട് , മറു കയ്യില്‍ വാകിംഗ് സ്റ്റിക്കും ഉണ്ട്.. ഇവിടെ ഏതോ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് എന്ന് തോന്നുന്നു..

റോഡില്‍ നിന്നും ഇറങ്ങി ഓരം ചേര്‍ന്നാണ് അവര്‍ നടക്കുന്നത്..
കാഴ്ച ഇല്ലാത്തതിന്റെ ബുദ്ധിമുട്ടൊക്കെ ഒരു നിമിഷം ആലോചിച്ചു ഞാന്‍ അത് വഴി കടന്നു പോയി.. കുറച്ചു പോയ ശേഷം വെറുതെ ഒന്ന് റിയര്‍ വ്യൂ മിററിലൂടെ നോക്കി.

അവര്‍ ഇപ്പോള്‍ റോഡിനു അഭിമുഖമായി നില്‍ക്കുകയാണ്.. അവര്‍ നടന്നിരുന്ന വശത്ത് വെയില്‍ കൂടുതല്‍ ഉള്ളതിനാലാവാം, റോഡിന്‍റെ മറു വശത്തേക്ക് കടക്കുവാനുള്ള തയ്യാറെടുപ്പിലാണ്.. എന്തോ ഒരു കൌതുകം കൊണ്ടോ (എന്താണെന്നറിയില്ല) ഞാന്‍ വണ്ടി ഒന്ന് നിര്‍ത്തി തിരിഞ്ഞു നോക്കി..

അവര്‍ രണ്ടു പേരും ആദ്യം വടി കൊണ്ട് ടാറിട്ട റോഡില്‍ തട്ടി നോക്കുന്നു.. റോഡ്‌ തുടങ്ങുന്ന സ്ഥലം മനസിലാകാന്‍ വേണ്ടിയാവണം.. പിന്നെ വളരെ ശ്രദ്ധിച്ചു മുന്നോട്ട് നടക്കാന്‍ ശ്രമിക്കുന്നു.. ആറേഴു വാഹനങ്ങള്‍ വരുന്നുണ്ട്.. ഇവര്‍ എങ്ങനെ റോഡ്‌ മുറിച്ചു കടക്കും എന്ന് ഞാന്‍ എന്നാലോചിച്ചു..

എന്ത് പ്രശ്നം ! അവര്‍ക്കല്ലേ കാഴ്ച ഇല്ലാതെയുള്ളൂ , വരുന്നവര്‍ക്ക് കാണാലോ.. ! ശരിയാണ് .. വാഹനങ്ങള്‍ ഓടിച്ചു വരുന്നവര്‍ക്ക് ഈ രണ്ടു അന്ധന്മാര്‍ റോഡ്‌ മുറിച്ചു കടക്കാന്‍ നില്‍ക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.

ആശ്ച്ചര്യമെന്നു പറയട്ടെ (അങ്ങനെ തന്നെയാണോ പറയേണ്ടത് എന്നറിയില്ല), ഒരു വാഹനം പോലും നിര്‍ത്തുന്നില്ല.. എന്ന് മാത്രമല്ല , അകലെ നിന്നു വരുന്നവര്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുകയും ചെയ്യുന്നു.. ഇവര്‍ ഒരു സ്റ്റെപ് മുന്നോട്ട് വയ്ക്കുമ്പോള്‍ തന്നെ ഹോണ്‍ കേള്‍ക്കും , അപ്പോള്‍ വീണ്ടും പുറകോട്ട് മാറേണ്ടി വരും..

കുറച്ചു നേരം അകലെ നിന്നും ഇത് നോക്കി നിന്നപ്പോള്‍ എന്റെ ക്ഷമ കേട്ടു.. അവരെ സഹായിക്കാന്‍ തോന്നി ഞാന്‍ വണ്ടി തിരിച്ചു.... പക്ഷെ അടുത്തേക്ക് ചെല്ലേണ്ടി വന്നില്ല..
വാഹനങ്ങളുടെ തിരക്ക് അല്‍പ്പം കുറഞ്ഞു.. അത് കൊണ്ട് (അത് കൊണ്ട് മാത്രം ) അവര്‍ വളരെ പെട്ടന്ന് തന്നെ റോഡ്‌ മുറിച്ചു കടന്നു..

തിരികെ പോരുമ്പോള്‍ ആലോചിച്ചു.. വേണ്ടതും വേണ്ടാത്തതും ഒക്കെ കാണുകയും എന്തിനും ഏതിനും അഭിപ്രായങ്ങളും ആക്ഷേപങ്ങളും ഒക്കെ പറയുകയും ചെയ്യുന്ന നമ്മള്‍ ഇതിനിടയില്‍ അത്യാവശ്യം വേണ്ട മാനുഷിക മൂല്യങ്ങള്‍ മറന്നു പോയിത്തുടങ്ങിയെന്നു തോന്നുന്നു..

എവിടെയൊക്കെയോ എത്തിപ്പെടാനുള്ള തിരക്ക് കൊണ്ട് ഭ്രാന്ത് പിടിച്ച പോലെ ഓടുന്നു !


ഇവിടെ ആരാണ് യഥാര്‍ത്ഥ അന്ധന്മാര്‍ ?