Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Saturday, April 24, 2010

നമ്മടടുത്താ കുട്ടീം കോലും കളി

ഐ പി എല്‍ വിവാദം എന്തായി എന്നൊന്നും ശ്രദ്ധിക്കാന്‍ തീരെ താല്‍പ്പര്യമില്ല .. എന്നാലും ശശി തരൂര്‍ പടിയിറങ്ങാന്‍ ഇത്രയും വൈകിയത് നമ്മുടെ നാട്ടിലെ രാഷ്ട്രീയ മേലാളന്മാരുടെ പിടിപ്പുകേടു തന്നെ എന്ന് പറയാന്‍ വേണ്ടി മാത്രം എഴുതുവാണ്...

ഒന്നാമത് , വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയം.. അതറിഞ്ഞിട്ടും കയ്യിലുള്ള നല്ല ജോലി ഒക്കെ കളഞ്ഞു കുളിച്ച് അങ്ങേരു ഇവിടെ വന്നു.. എട്ടാം ക്ലാസ്സും ഗുസ്തിയും മാത്രമാണ് രാഷ്ട്രീയ പ്രവേശനത്തിനുള്ള മാനദണ്ഡം എന്ന് ഈ മഹാരാജ്യത്തെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാം..

ആ സ്ഥിതിക്ക് , ഇതൊന്നുമല്ലാത്ത തരൂര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ , ശശിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യം ഉണ്ടെന്നു പല കാര്‍ന്നോന്മാരും ചോദിച്ചത് എത്ര അര്‍ത്ഥവത്താണ് എന്ന് ഇപ്പോള്‍ തോന്നുന്നു .. അങ്ങേരോ , അങ്ങേരുടെ അപ്പനപ്പൂപ്പന്മാരോ ആരെങ്കിലും ജീവിതത്തില്‍ ഇത് വരെ ഏതെങ്കിലും ഖജനാവില്‍ കയ്യിട്ടു വാരിയിട്ടുണ്ടോ ? ഖദര്‍ ധരിച്ചിട്ടുണ്ടോ ? ഗ്രൂപ്പ് വഴക്കുണ്ടാക്കിയിട്ടുണ്ടോ ? ബീഡിയും പരിപ്പുവടയും തിന്നിട്ടുണ്ടോ ? തിരുവനന്തപുരത്തെ ഏതെങ്കിലും ചായക്കടയില്‍ പോയിട്ടുട്ണോ ? ഏതെങ്കിലും മരണവീട്ടില്‍ അനുശോചനം അറിയിച്ചിട്ടുണ്ടോ ?

ഇതൊക്കെ പോട്ടെ , പാവം അനുയായികളെ ഏതെങ്കിലും പോലീസ് സ്റ്റേഷനില്‍ തള്ളിക്കയറി മോചിപ്പിച്ചിട്ടുണ്ടോ ?

ഒന്നുമില്ല.. ഒരു ചുക്കും ചെയ്തിട്ടില്ല .. എന്നിട്ടാണ് മന്ത്രി ആവാന്‍ കെട്ടിയെടുത്തത് .

മന്ത്രി ആയതില്‍ പിന്നെ പോരായ്മകള്‍ വര്‍ദ്ധിച്ചു .. സ്വന്തം ചിലവില്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്നു എന്നതിലപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നാണക്കേടായി വേറെ എന്തുണ്ട് ? ഖജനാവിലെ പണം പിന്നെ എന്തിനാ ?? അതും പോരാഞ്ഞിട്ട് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു..ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നു.. നല്ല ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നു.. കഴുതകളായ ജനങ്ങളുമായി പങ്കു വയ്ക്കാനുള്ളതാണോ ആഭ്യന്തര രഹസ്യങ്ങള്‍ ? .. വിദേശകാര്യ മന്ത്രി എന്ന് പറഞ്ഞിട്ട് തിരുവിതാംകൂറിന്റെ അയല്‍രാജ്യങ്ങളായ കൊച്ചിയിലും മലബാറിലും പോകാതെ സായിപ്പിന്റെ നാട്ടില്‍ ഡാന്‍സ് കാണാനും കാപ്പിരിയുടെ നാട്ടില്‍ ഭൂകമ്പം കാണാനും പോകുന്നു ! എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഇതൊക്കെ ?

ഭാരതം എന്ന മഹാരാജ്യത്ത് പത്ത് വര്‍ഷം ക്രിക്കറ്റ് കളിപ്പിച്ചു എഴുപതു കോടി ഉണ്ടാക്കുന്നവന്‍ ഒക്കെ രാഷ്ട്രീയക്കാര്‍ക്ക് അപമാനമാണ്. ഇവിടെ ഒരൊറ്റ സിറ്റിങ്ങില്‍ കാലിത്തീറ്റയില്‍ കയ്യിട്ടു വാരിയോ , മരം മുറിച്ചു പ്രതിമകള്‍ ഉണ്ടാക്കിയോ മറ്റോ ആയിരക്കണക്കിന് കോടികള്‍ ഉണ്ടാക്കാത്തവന്‍ വെറും വെയ്സ്റ്റ് ആണ്. ഇതൊന്നും അറിയാതെയാണ് ശശി തരൂര്‍ ഇങ്ങോട്ട് കാലെടുത്തു വച്ചത് .. കന്നുകാലികളെ കന്നുകാലികള്‍ എന്ന് വിളിച്ചു.. അങ്ങനെ ചെയ്യാന്‍ പാടുണ്ടോ ? ജനങ്ങളെ കന്നുകാലികളെപ്പോലെ ജീവിപ്പിക്കണം, പക്ഷെ അങ്ങനെ വിളിക്കരുത് .. വിളിച്ചാല്‍ അത് തെറ്റാണ് !

ഗാന്ധി ജയന്തിക്കു അവധി വേണ്ട എന്ന് പോലും .. ഗാന്ധിജിയുടെ പടം അച്ചടിച്ച നോട്ടു കഷ്ട്ടപ്പെട്ടുണ്ടാക്കി തലേ ദിവസം തന്നെ ക്യൂ നിന്നു മദ്യം വാങ്ങി പിറ്റേ ദിവസം അത് കുടിച്ചു ഗാന്ധിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതില്‍ നിന്നും ഒരു ഇന്ത്യന്‍ പൌരനെ വിലക്കാന്‍ ഇയാള്‍ക്കെന്തു അധികാരം ? അതും തെറ്റ് !

അവസാനം ഇതാ ഐ പി എല്‍ വിവാദം.. ലാലൂ പ്രസാദ് യാദവ് പോലും ഈ ചക്കരക്കുടം നോക്കി വെറുതെ വെള്ളമിറക്കി ഇരിക്കുമ്പോള്‍ ഇന്നലെ വന്ന തരൂര്‍ അതില്‍ നിന്നും ഒരു ഓലപ്പീപ്പി വാങ്ങാനുള്ള കാശെടുത്താലും അത് പ്രബുദ്ധരായ ഞങ്ങള്‍ അനുവദിക്കില്ല..

അത് കൊണ്ട് .. തരൂര്‍ വണ്ടി വിട്ടോളുക... ഇതൊക്കെ നോക്കാനും കയ്യിട്ടു വാരാനും ഒക്കെ ഇവിടെ വേറെ ആമ്പിള്ളേരുണ്ട് (പെണ്‍പിള്ളേരും )ഒരു കാര്യത്തില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.. സഹസ്രകോടിക്കണക്കിനു കറുത്ത പണം വെളുത്ത പണമാക്കി മാറ്റിക്കൊണ്ട് സ്വച്ചന്ദം വിരാജിച്ചിരുന്ന ഐ പി എല്‍ എന്ന മഹാപ്രസ്ഥാനത്തില്‍ ഒരു മലയാളി തല വച്ചതും , ദാ നില അമിട്ട് പൊട്ടും പോലെ സംഭവം പൊട്ടിത്തകര്‍ന്നു .. അതാണ്‌ മലയാളിയുടെ മിടുക്ക്..

നമ്മടടുത്താ കുട്ടീം കോലും കളി !!