Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Tuesday, June 29, 2010

ഇതില്‍ ഏതാണ് മനസിലാവാത്തത് ?


ഇന്ധനവില നിര്‍ണയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തത് എന്തിനാണെന്ന് മനസിലാകാത്ത ഈ നാട്ടിലെ കഴുതകള്‍ക്ക് കേരളത്തിലെ ഒരു പ്രതിപക്ഷപുംഗവന്‍ ഇന്നലെ സംഭവം വിശദീകരിച്ചു കൊടുക്കുന്നത് കേള്‍ക്കാനിടയായി..

അദ്ദേഹം പറഞ്ഞ പ്വായന്റ്റ് ഇതാണ്.. റിലയന്‍സ് , ഷെല്‍ , ബിപി മുതലായ കമ്പനികള്‍ അന്താരാഷ്‌ട്ര വിലവ്യതിയാനത്തിനനുസരിച്ചു ഇന്ത്യയിലെ വില നിര്‍ണയിക്കുമ്പോള്‍ അവര്‍ തമ്മില്‍ കടുത്ത (എന്ന് പറഞ്ഞാല്‍ , പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ , അതിഭീകരമായ) ഒരു മത്സരം ഉടലെടുക്കും.. അതിന്റെ ഫലമായി പരസ്പ്പരം വില കുറച്ചു വില കുറച്ചു അവസാനം വിയര്‍ത്തു കുളിച്ചു ഒരു പരുവത്തിലാകുന്ന കമ്പനികള്‍ ഇപ്പോള്‍ ഉള്ള വിലയുടെ നാലിലൊന്ന് വിലയ്ക്ക് ഇവിടെ പെട്രോള്‍ ഒഴുക്കും.. വണ്ടി ഓടിക്കാനും , വേണമെങ്കില്‍ വണ്ടി കഴുകാനും വരെ പെട്രോള്‍ സുലഭം !!

ഈ സത്യം അറിയാന്‍ വൈകിയത് കൊണ്ടു കഴിഞ്ഞ ആഴ്ച വെറുതെ ഒരു ഹര്‍ത്താല്‍ നടത്തിയല്ലോ എന്നോര്‍ത്ത് ദുഖിക്കാന്‍ വരട്ടെ.. കഴിഞ്ഞ ആഴ്ച നടത്തിയ ഹര്‍ത്താല്‍ വെറും ഒരു ഹര്‍ത്താല്‍ അല്ല .. പ്രബുദ്ധ കേരളത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു ! ഇത് മനസ്സിലാക്കിത്തന്നത് വേറൊരു ടീമാണ് ..

" തുടര്‍ച്ചയായി രണ്ടു ഹര്‍ത്താലുകള്‍ നടത്താന്‍ പ്രാപ്തരാണ് കേരളത്തിലെ ജനങ്ങള്‍ " എന്ന് പറഞ്ഞിരിക്കുന്നത് പോളിറ്റ് ബ്യൂറോ മെമ്പറും , സിഐടിയു എന്തിരോ എന്തോയുമൊക്കെ ആയ എം കെ പാന്ഥെ ആണ് !

കണ്ടോ കണ്ടോ .. ആനയ്ക്ക് സ്വന്തം ശക്തി അറിയില്ല എന്ന് പറയുമ്പോലെയാണ് മലയാളിയുടെ കാര്യം.. നമ്മുടെ ശക്തി നമുക്കറിയില്ല .. തുടര്‍ച്ചയായി രണ്ടോ മൂന്നോ പത്തോ ഹര്‍ത്താലുകള്‍ നടത്താന്‍ പ്രാപ്തരായ ജനങ്ങള്‍ ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്തോ ? എന്തായാലും ഒടുവില്‍ മലയാളിയെ ഈ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഒരു ഉത്തരേന്ത്യക്കാരന്‍ തന്നെ വേണ്ടി വന്നു !

സ്വന്തം ശക്തി മറന്നു പോയിട്ട് ഉറക്കം തൂങ്ങിയിരുന്ന ഹനുമാനെ ആരോ വിളിച്ചു എഴുന്നേല്‍പ്പിച്ചു പുള്ളീടെ ശക്തിയൊക്കെ പറഞ്ഞു കൊടുത്തു കലിപ്പാക്കി.. അതോടു കൂടി ലങ്ക പൊകയായി.. അത് പോലെ തന്നെ, അടുത്ത ഹര്‍ത്താല്‍ പടിവാതുക്കല്‍ എത്തിയിട്ടും സ്വന്തം ശക്തി അറിയാതെ ഉറങ്ങിക്കിടന്ന മലയാളി ഇതാ ഉണര്‍ന്നു കഴിഞ്ഞു.... അല്ല ... പാന്ഥെ സാര്‍ ഉണര്‍ത്തി !
ഇനി നോക്കിക്കോ.. ഈ ഹര്‍ത്താല്‍ ഞങ്ങ പൊടി പൊടിക്കും .. ജയ് പാന്ഥെ , ജയ് ശങ്കര്‍ റെഡി (ബിവറേജസ് എംഡി )

ഇനി അല്‍പ്പം കാര്യം.. മനുഷ്യര്‍ക്ക്‌ ഇതാ ഒരു സന്തോഷവാര്‍ത്ത..

ക്യാന്‍സര്‍ മാറാനുള്ള മരുന്ന് കണ്ടു പിടിച്ചു .. ആസ് യൂഷ്വല്‍ , അമേരിക്കക്കാര്‍ തന്നെ ഈ പിടുത്തവും നടത്തിയിരിക്കുന്നത്.. അവരത് ചുമ്മാ കണ്ട ചെമ്മാനും ചെരുപ്പുകുത്തിക്കും ഒന്നും കൊടുക്കില്ല.. ആരോഗ്യ പരിപാലന രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ ആരോഗ്യ മന്ത്രി നേരിട്ട് ചെന്നാലേ അത് കൊടുക്കുള്ളൂ എന്ന് തീര്‍ത്തു പറഞ്ഞു .. കേട്ട പാതി നമ്മുടെ മന്ത്രി അങ്ങോട്ട് കുതിച്ചിട്ടുണ്ട്.. ഭാഗ്യമുണ്ടെങ്കില്‍ മരുന്നിന്റെ കൂടെ എന്തെങ്കിലും ഏര്‍ളി ബേര്‍ഡ് സമ്മാനങ്ങളും നമുക്ക് കിട്ടുന്നതാണ്..

(കാനഡയില്‍ നിന്നും കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഏതോ ഒരു ആശുപത്രിയിലേയ്ക്ക് പണ്ട് ഇതേ ക്യാന്‍സറിനു എന്തോ ഒരു 'മരുന്ന്' കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേയുള്ളൂ. ഇനി ഇതും കൂടി ആയാല്‍ എന്താകുമോ എന്തോ..)