Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Tuesday, September 21, 2010

ഇന്ത്യയുടെ ദുര്‍ 'വിധി'

ശരിക്കും ഭയമാകുന്നു .. ആറു പതിറ്റാണ്ട് കാലമായി നടക്കുന്ന അയോധ്യ രാമജന്മഭൂമി കേസ് ഈ വെള്ളിയാഴ്ച വിധി പറയാന്‍ പോകുന്നു പോലും.

ഹൈക്കോടതി വിധി എന്തായാലും തന്നെ സുപ്രീം കോടതിയില്‍ പോകുന്നതാണ് എന്ന് എല്ലാ രാഷ്ട്രീയ/മത നേതാക്കന്മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

കാര്യം അതല്ല .

വിധി അനുകൂലമായാലും പ്രതികൂലമായാലും 'സംയമനം പാലിക്കണം' , 'കലാപം ഉണ്ടാക്കരുത്' എന്ന് പ്രഖ്യാപിക്കാന്‍ തിടുക്കം കൂട്ടുന്ന നേതാക്കളെ കാണുമ്പോഴാണ് ശരിക്കും ഭയം തോന്നുന്നത് . പരസ്യമായി , എന്നാല്‍ വ്യംഗ്യമായി, ഒരു കലാപത്തിനുള്ള ആഹ്വാനം ആണോ ഇവരുടെ ഈ മുന്‍‌കൂര്‍ ജാമ്യമെടുക്കല്‍ എന്ന് തോന്നിപ്പോകുന്നു.

ജാനാധിപത്യവിശ്വാസി എന്ന കള്ള ലേബലില്‍ എന്ത് പോക്ക്രിത്തരവും കാണിച്ചു കൂട്ടുന്ന നേതാക്കന്മാരുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ , 'നിയമവും കേസും അതിന്റെ വഴിക്ക് പോകട്ടെ'. പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം തന്നെയാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവം എന്ന് ഞാന്‍ വിശ്വസിക്കുന്നു..

പതിനായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും മറ്റൊരു രാജ്യത്തെയും ആക്രമിക്കാത്ത വെറും പാവം ഭാരതത്തെ പതിനാറാം നൂറ്റാണ്ടില്‍ ആക്രമിച്ചു കീഴടക്കിയ മുസല്‍മാനായ രാജാവ് ചെയ്തു എന്ന് പറയപ്പെടുന്ന തെറ്റിന് സ്വതന്ത്ര ഇന്ത്യ അര്‍ഹിക്കുന്നതിലധികം അനുഭവിച്ചു കഴിഞ്ഞു. പക്ഷെ എന്നിട്ടും രക്തദാഹികളായ രാഷ്ട്രീയ മേലാളന്മാര്‍ക്ക് മതിയായിട്ടില്ല എന്നതിന്റെ തെളിവാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവം.

പതിനായിരം വര്‍ഷത്തെ ചരിത്രം പോലും..!! ഇന്ത്യ എന്ന രാജ്യം ജനിച്ചിട്ട് വെറും അറുപത്തി മൂന്നു വര്‍ഷമേ ആയിട്ടുള്ളൂ. അതിനു മുന്നേ ഈ രാജ്യം ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് പലതും , പല തെറ്റുകളും ശരികളും ഒക്കെ സംഭവിച്ചിട്ടുണ്ടാവാം. അതെല്ലാം തിരുത്താന്‍ ഇതാണോ മാര്‍ഗം ?

രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന മഗധരാജ്യം ഇന്നത്തെ ബീഹാറും ബംഗാളും ചേര്‍ന്ന ഒരു ചെറിയ പ്രദേശം മാത്രമായിരുന്നു.. അതിനു ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ചന്ദ്രഗുപ്തമൌര്യന്‍ എന്ന ചക്രവര്‍ത്തി സാമ്രാജ്യങ്ങള്‍ കീഴടക്കി മുന്നേറുകയും ഇന്നത്തെ അഫ്ഘാനിസ്ഥാനും അപ്പുറം വരെ വെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട് . അതില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുന്നു എന്നതാണ് ചരിത്രം.

സ്വതന്ത്ര ഇന്ത്യയുടെ എല്ലാ ദേശീയ ചിഹ്നങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന പേരായ അശോക ചക്രവര്‍ത്തിയാണ് അതിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ അധിനിവേശം നടത്തിയിട്ടുള്ളത്. ബി.സി ഇരുനൂറുകളില്‍ അശോക ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തില്‍ ഇന്നത്തെ ഇന്ത്യക്ക് പുറമേ പേര്‍ഷ്യ, മേസോപെടോമിയ , അഫ്ഘാനിസ്ഥാന്‍ , ബംഗ്ലാദേശ്/ബര്‍മ എന്നീ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു മുന്നേറിയ ഈ മൌര്യ ചക്രവര്‍ത്തിമാര്‍ ഏതെല്ലാം സംസ്ക്കാരങ്ങളും വിശ്വാസങ്ങളും എന്നേക്കുമായി ഇല്ലാതാക്കിക്കാണും? അതൊക്കെ തിരികെ ചോദിച്ചു ആരൊക്കെ വരുമോ എന്തോ !

ചരിത്രം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പക്ഷെ ഇത്തവണ പണി തിരിച്ചു കിട്ടി . പതിനാറാം നൂറ്റാണ്ടില്‍ അന്നത്തെ ഭാരതത്തിലേയ്ക്ക് പടയോട്ടം നടത്തിയ ബാബര്‍ ഒട്ടനവധി ഹൈന്ദവ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും മുഗള്‍ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. ശ്രീരാമന്റെ ജന്മസ്ഥലം ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന അയോധ്യയിലെ രാമക്ഷേത്രവും ബാബര്‍ തകര്‍ത്ത ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നു എന്നത് സ്വതന്ത്ര ഇന്ത്യയെ തീരാദുരിതത്തിലേയ്ക്ക് നയിക്കാന്‍ മാത്രം ഒരു കാരണം ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല...

ഇതൊന്നും സംഭവിച്ചത് ഇന്ത്യയിലല്ല എന്ന നഗ്നസത്യം മനസ്സിലാക്കാന്‍ മാത്രം വിവരം കെട്ട ഒരു ജനത ആണല്ലോ ഈ രാജ്യത്തിന് പിറന്നത് എന്നോര്‍ത്തു മാത്രമാണ് ദുഃഖം. ചരിത്രം തേടി നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പിന്നോട്ട് പോയാല്‍ പല കഥകളും , കെട്ടുകഥകളും ലഭിക്കും. അന്നു സംഭവിച്ച എല്ലാ കാര്യങ്ങള്‍ക്കും പകരം ചോദിക്കാനും പ്രതികാരം ചെയ്യാനും തുടങ്ങിയാല്‍ ഇത് എവിടെയും അവസാനിക്കാന്‍ പോകുന്നില്ല എന്ന വസ്തുത മനസ്സിലാക്കാന്‍ ഇവിടെ ആര്‍ക്കും പറ്റുന്നില്ല എന്നത് തീര്‍ത്തും ലജ്ജാകരമാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച അന്ന് ഈ രാജ്യത്ത് നിലനിന്നിരുന്ന എല്ലാം അതുപോലെ സംരക്ഷിക്കുവാന്‍ അതാതു കാലത്തെ സര്‍ക്കാരുകള്‍ ചങ്കൂറ്റം കാണിച്ചിരുന്നെങ്കില്‍ ഇന്ന് ലോകത്തിന്റെ മുന്നില്‍ നമുക്ക് തലയുയര്‍ത്തി നില്‍ക്കാമായിരുന്നു. ഈ രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഡശ്രമവുമായി നടക്കുന്ന ബാഹ്യശക്തികള്‍ക്ക് ബാബറി മസ്ജിദ് എന്ന ഒരു ആയുധം കൊടുക്കേണ്ടി വരില്ലായിരുന്നു..

പക്ഷെ അവിടെയും വോട്ടുബാങ്ക് രാഷ്ട്രീയം വിജയിച്ചു. വര്‍ഗീയവിദ്വേഷം എന്ന വിഷം ഈ ജനതയുടെ മേല്‍ കുത്തിവയ്ക്കുന്നതില്‍ അവര്‍ വിജയിച്ചു..

ബാബറി മസ്ജിദ് എന്ന പള്ളി തകര്‍ത്തത് ആരായാലും , രാമക്ഷേത്രം തകര്‍ത്തു പള്ളി പണിത ക്രൂരനായ ആ ഭരണാധികാരിയും അവരും തമ്മില്‍ കാലത്തിന്റെ ഒരു വ്യത്യാസം മാത്രമേ ഞാന്‍ കാണുന്നുള്ളൂ.. അടുത്ത അഞ്ഞൂറ് വര്‍ഷം പിന്നിടാന്‍ ഈ രാജ്യത്തിന് ഭാഗ്യമുണ്ടെങ്കില്‍ അന്നത്തെ ചരിത്രത്തില്‍ ഈ പള്ളി തകര്‍ത്തവര്‍ മറ്റൊരു ബാബര്‍ ആയി മാറും.തീര്‍ച്ച !

ആയിരക്കണക്കിന് നിരപരാധികളുടെ ചോര കൊണ്ടു വില പേശി ഈ ഭൂമി ആരു നേടിയാലും, അവിടെ അമ്പലമോ പള്ളിയോ പണിതാലും , ഒരു കാര്യം ഉറപ്പാണ്. ആ ദേവാലയത്തില്‍ ഈശ്വരസാന്നിധ്യം ഉണ്ടാകില്ല. ഈശ്വരന്‍ വസിക്കുന്നത് സ്വര്‍ണമാളികയിലും മാര്‍ബിള്‍ കൊട്ടാരത്തിലും ആണെന്ന് വിശ്വസിക്കുന്ന വര്‍ഗീയ ഭ്രാന്തന്മാരുടെ ഈ രാജ്യത്തു നിന്നും അവസാന രാഷ്ട്രീയക്കാരനെ നാട് കടത്തുന്ന കാലം വരെ ഇവിടം കത്തിയെരിയുകയും ചെയ്യും.

ബാബര്‍ തകര്‍ത്തത് ഈ ക്ഷേത്രം മാത്രമല്ല എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. ഇതിന്റെ കാര്യം ഒരു തീരുമാനത്തിലെത്തിച്ചു കഴിഞ്ഞാല്‍ പിന്നെ ദൈവത്തെ സേവിക്കുന്നവര്‍ എന്ന പേരില്‍ അഴിഞ്ഞാടുന്ന ഭ്രാന്തന്മാര്‍ അടുത്ത സ്ഥലം തേടിപ്പോകും.. അങ്ങനെ ഈ രാജ്യം അവര്‍ കഷ്ണം കഷ്ണമായി വെട്ടിനുറുക്കും.

അതിലും ഭേദം പാകിസ്താനോ ചൈനയോ ഒരു അണുബോംബിട്ട് ഒറ്റയടിക്ക് ഇതങ്ങട് തീര്‍ക്കുന്നതായിരുന്നു !!


(അറുപതു വര്‍ഷമായി അയോധ്യ കേസ് തുടങ്ങിയിട്ട് .. പക്ഷെ , ഇന്ത്യയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് , അഥവാ പൊതുസ്വത്തു കൊണ്ടു കളിക്കല്‍ എന്ന ഈ സംഭവം തുടങ്ങാന്‍ പോകുന്നതിനു തൊട്ടു മുന്നേ മാത്രമേ ഇവന്മാര്‍ക്ക് വിധി പറയാന്‍ തോന്നിയുള്ളൂ എന്നതാണ് ഏറ്റവും കഷ്ടം. പക്ഷെ ഈ കളിക്കല്‍ പൊളിയാന്‍ കലാപമോ വെടിവയ്പ്പോ ഭീകരാക്രമണമോ ഒന്നും വേണ്ട. ഒരു സ്റ്റേഡിയത്തിലേയ്ക്ക് പോകുന്ന പാലം ഇന്ന് വൈകുന്നേരം തകര്‍ന്നു വീണു കഴിഞ്ഞു.. ബാക്കിയൊക്കെ വീഴാന്‍ ഇനിയും എട്ടു പത്ത് ദിവസം ഉണ്ടല്ലോ)