Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Sunday, January 16, 2011

മാരകവിളക്ക് !


അങ്ങനെ ദുരന്താഘോഷമത്സരം ഏകദേശം കഴിയാറായി. ഇത്തവണ പത്രങ്ങളെയും ചാനലുകളേയും ബഹുദൂരം പിന്നിലാക്കി സ്കോര്‍ ചെയ്തത് ബ്ലോഗ്ഗിലും ഗൂഗിള്‍ ബസ്സിലും ഒക്കെ ഉള്ളവര്‍ ആണെന്ന് കാണുന്നതില്‍ സന്തോഷമുണ്ട് ..

ഇന്റര്‍നെറ്റില്‍ നോക്കി , ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് , അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിവില്ലാത്ത വിഡ്ഢികളും വിവരദോഷികളും മോക്ഷദാഹികളുമായ അയ്യപ്പഭക്തന്മാര്‍ ഒക്കെ ഇപ്പോഴും ഈ രാജ്യത്ത് ഉണ്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ പുച്ഛം തോന്നുന്നു. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിലും ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും സര്‍വോപരി ക്വാണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശിലും വിവരമുള്ള ആരേലും ഉണ്ടാകുവോ ? ഈ പറയുന്ന നാടുകളില്‍ നിന്നും മകരവിളക്ക്‌ കണ്ടു ആത്മഹത്യ ചെയ്യാന്‍ വരുന്ന ദൈവവിശ്വാസികള്‍ എന്ന് വിളിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ വിചാരിക്കുന്നത് പൊന്നമ്പലമേട്ടില്‍ തെളിയുന്നത് ഓട്ടോമാറ്റിക് തീയാണെന്ന് പോലും. അവിടെ കാണുന്ന തീയും പുകയും ദേവസ്വം ബോര്‍ഡിന്റെ വെറും ഫ്രോഡ് പരിപാടിയാണെന്ന് അറിയുന്നവര്‍ ബംഗാളില്‍ നിന്നും വന്നിരുന്നെങ്കില്‍ ഈ കറുത്ത തമാശകള്‍മാറ്റി ഒരു ചുവപ്പ് തമാശക്കടല്‍ :-( [കൊല്ലരുത്, സ്മൈലി ഇട്ടിട്ടുണ്ട്] തന്നെ സൃഷ്ട്ടിക്കാന്‍ പറ്റുമായിരുന്നു ..പക്ഷെ എന്ത് ചെയ്യാം .. ദൈവം എന്ന വിലകുറഞ്ഞ വിശ്വാസത്തില്‍ അണിചേരാന്‍ അറിവും വിദ്യാഭ്യാസവും പൌര/ധര്‍മ ബോധങ്ങളും മറ്റും അവരെ അനുവദിക്കുന്നില്ല (ഇത് ദുരന്തത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ എന്റെ ഭാഗത്ത്‌ നിന്നും ഒരു എളിയ ശ്രമം മാത്രം)

കപട യുക്തിവാദം/കപട പുരോഗമനവാദം എന്ന പ്രഹസനം കൊണ്ടു ഒരു ജനതയെ മുഴുവന്‍ വിഡ്ഢികളായി ചിത്രീകരിക്കുന്ന ചിലര്‍ക്ക് ശബരിമല അയ്യപ്പന്‍ വെറുമൊരു സിഈഒ മാത്രമാണ്. ഇരുപതു വര്‍ഷം കൊണ്ടു പതിനായിരത്തില്‍ നിന്നും നൂറ്റിയമ്പത് കോടി വരുമാനമുള്ള കമ്പനി ആയി ശബരിമലയെ മാറ്റിയ ഒരു സ്മാര്‍ട്ട്സിഈഒ !

എന്നാല്‍ , ശൈവമതവും വൈഷ്ണവമതവും ബുദ്ധമതവും ജാതി-മത-വംശ-ഭാഷാ വേര്‍തിരിവുകള്‍ ഇല്ലാതെ ആര്യനും ദ്രാവിഡനും, ക്രിസ്ത്യനും മുസല്‍മാനും, ബ്രാഹ്മണനും ചണ്ടാലനും ഒരേ രൂപത്തിലും ഭാവത്തിലും ഒത്തു ചേരാന്‍ കഴിയുന്ന ഒരു അനുഷ്ഠാനം എന്ന രീതിയില്‍ ഈ പ്രസ്ഥാനത്തെ കാണാന്‍ അവര്‍ മനപൂര്‍വം വിസ്മരിക്കുന്നു . അതും പോരാഞ്ഞിട്ട് അവിടെ സംഭവിച്ച ഒരു മഹാദുരന്തത്തിന്റെ മറ പിടിച്ചു തങ്ങളുടെ വികലമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ഇവന്മാരെയൊക്കെ എന്ത് പറയാനാണ്..


ദൈവവും മനുഷ്യനും ഒന്നാണ് .. ഈശ്വരന്‍ എന്നാല്‍ മനുഷ്യന്റെ ഉള്ള്ളില്‍ തന്നെ കുടികൊള്ളുന്ന ഒരു ശക്തിയാണ്.. കഠിനമായ തപസ്സിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും മാത്രമേ ആ ശക്തിയെ തിരിച്ചറിയാനാകൂ എന്ന വ്യക്തമായ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു ആശയമാണ് ഈ തീര്‍ഥാടന കേന്ദ്രം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസങ്ങളെ എതിര്‍ക്കുന്ന ഓരോ യുക്തിവാദിയും എത്തിച്ചേരുന്നതും ഈ ഒരു ആശയത്തിലാണ് എന്നത് പരമാര്‍ഥമായ ഒരു വിരോധാഭാസം തന്നെയാണ്.

ഈ ദുരന്തം ഒരു സുവര്‍ണാവസരമായി കണക്കിലെടുത്ത് ലോകത്തോട്‌ മുഴുവന്‍ മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണ് എന്ന് വിളിച്ചു പറയാന്‍ നിലവിളിക്കുന്ന ഒരു പ്രബുദ്ധ മലയാളിയെ കണ്ടതിന്റെ സന്തോഷം ഞാന്‍ മറച്ചു വയ്ക്കുന്നില്ല. ഇന്റര്‍നെറ്റ്‌ ആക്സസ് ഇല്ലാത്തവര്‍ക്ക് വേണ്ടി ടീവിയില്‍ പറയാം, ടീവി ഇല്ലാത്തവര്‍ക്ക് വേണ്ടി റേഡിയോയില്‍ പറയാം , അതും ഇല്ലാത്ത കുഗ്രാമങ്ങളില്‍ കോളാമ്പി മൈക്കിലൂടെ പറയാം എന്നൊക്കെ സജഷന്‍സ് വരുന്നതും കണ്ടു.

അവരോടൊക്കെ ഒരു വാക്ക് , ശബരിമലയിലേക്ക് വരുന്ന എല്ലാ വഴികളിലും എല്ലാ ഭാഷകളിലും ഈ അറിയിപ്പ് കൊടുത്താല്‍ പോലും വരുന്നവര്‍ തിരിച്ചു പോകും എന്ന് കരുതുന്നുണ്ടോ ? ഒരു ചുക്കും സംഭവിക്കില്ല.. ആരു വിളക്ക് കത്തിച്ചാലും ഇല്ലെങ്കിലും ഏതു നക്ഷത്രം തെളിഞ്ഞാലും ഇല്ലെങ്കിലും അവിടെ തിരക്ക് ഒരിക്കലും കുറയാന്‍ പോകുന്നില്ല.. അത് കൊണ്ടു ദയവു ചെയ്തു കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഈ തേര്‍ഡ് റേറ്റ് ഗിമ്മിക്കുകള്‍ നിങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമ്പോള്‍ ഉപയോഗിക്കാന്‍ വേണ്ടി സൂക്ഷിച്ചു വയ്ക്കുക..അവിടെ മാത്രമാണ് നിങ്ങളുടെ ഭാവി..


ശബരിമല നട വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാനും , മകരവിളക്ക്‌ എന്ന ദീപാരാധന എല്ലാ ദിവസവും തെളിയിക്കാനുമുള്ള നടപടികള്‍ സാക്ഷാല്‍ ശ്രീധര്‍മശാസ്താവ് തന്നെ മുന്‍കൈയെടുത്ത് നടത്തിക്കൊടുക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ടു നിര്‍ത്തുന്നു !