Copyright © 2013 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Sunday, April 24, 2011

വിഭൂതി, ഇനി ചാരം

അങ്ങനെ , ശൂന്യതയില്‍ നിന്നും ജീവന്‍ തിരിച്ചു പിടിക്കാന്‍ കഴിയാതെ ഒരു ദൈവം കൂടി തോല്‍വി സമ്മതിച്ചിരിക്കുന്നു ..

സായിബാബ എന്ന മജീഷ്യനെ വലിയ മതിപ്പില്ല .. പുള്ളിക്കാരന്‍ കാണിച്ചിരുന്ന മാജിക് ഒരു പഴഞ്ചന്‍ ഗ്രാമീണ സ്റ്റൈല്‍ ചെപ്പടി വിദ്യ മാത്രമായിരുന്നു. . നല്ല മാജിക് കാണണമെങ്കില്‍ ഹൌഡിനിയുടെയോ , ഡേവിഡ്‌ കോപ്പര്‍ ഫീല്‍ഡിന്റെയോ , ഡേവിഡ്‌ ബ്ലെയിന്റെയോ , ഒന്നുമല്ലേല്‍ നമ്മുടെ സ്വന്തം മുതുകാടിന്റെയോ ഒരുപാട് മാജിക്ഷോ വീഡിയോസ് യൂട്യൂബില്‍ കിട്ടും .. എനിക്കാണെങ്കില്‍ മനുഷ്യ ദൈവങ്ങളോടുള്ള എതിര്‍പ്പും വേണ്ടുവോളമുണ്ട് .. [ ഉറഞ്ഞു തുള്ളുന്ന ഒരു മനുഷ്യ ദൈവത്തിന്റെ ഗിമ്മിക്കുകള്‍ പരോക്ഷമായെങ്കിലും ജീവിതത്തില്‍ കയ്പ്പേറിയ അനുഭവങ്ങള്‍ തന്നിട്ടുള്ളത് കൊണ്ട് ആ ഗണത്തോട് നല്ല വെറുപ്പാണ്:-) ] സായിബാബയും മറ്റും മാജിക് കാണിക്കുന്നത് കാണുമ്പോള്‍ ഈ രംഗമാണ് ഓര്‍മ വരുന്നത്.. :-D

പക്ഷെ പലപ്പോഴും ആശ്ചര്യപ്പെട്ടിട്ടുണ്ട്.. ഇത്രയധികം ഫാന്‍സ്‌ ആന്‍ഡ്‌ ഫോളോവേര്സ് ആ വ്യക്തിക്ക് എങ്ങനെ ഉണ്ടായി എന്നും , ഈ പറയുന്ന ജനങ്ങളൊക്കെ എന്നാ കണ്ടിട്ടാണ് ഇങ്ങനെ ഒരു മനുഷ്യ ദൈവത്തെ ആരാധിക്കുന്നത് എന്നും .. നമ്മളൊക്കെ ഏതേലും കവലയില്‍ പോയി പ്രസംഗം നടത്തിയാല്‍ ആരേലും തിരിഞ്ഞു നോക്കുവോ .. ഈ പുള്ളിക്കാരനാണെങ്കില്‍ നൂറ്റമ്പതോളം രാജ്യങ്ങളില്‍ കോടിക്കണക്കിനു ആരാധകര്‍ (ഭക്തര്‍ന്ന് അവര് പറയും) !

നമുക്ക് ഒട്ടും ചേരാത്ത ബുദ്ധിജീവി ലൈന്‍ ഒന്ന് മാറ്റിപ്പിടിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടിയേക്കും ..

ഇന്ന് പുട്ടപര്‍ത്തി എന്ന ഒരു പട്ടണം അനേകലക്ഷം പട്ടിണിപ്പാവങ്ങള്‍ക്കു അന്നദാതാവാണ്. എല്ലാവര്‍ക്കും ശുദ്ധജലവും ഭക്ഷണവും സൗജന്യമായി കൊടുക്കാന്‍ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയപ്പാര്‍ട്ടിക്കോ കഴിയാത്ത ഈ ഇന്ത്യാമഹാരാജ്യത്ത് ഇതിലും വലിയ സേവനം കാണാന്‍ കഴിയില്ല.. രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലുകള്‍ , അവിടെ നിര്‍ധനരായ രോഗികള്‍ക്ക് എത്ര വലിയ ചികിത്സയും സൗജന്യം.
ഏറ്റവും മികച്ച ഗവേഷണ ശാലകള്‍ , സര്‍വകലാശാലകള്‍ , സ്കൂളുകള്‍ , കോളേജുകള്‍ .. പ്രത്യക്ഷവും പരോക്ഷവുമായി പതിനായിരക്കണക്കിനു ജോലികള്‍ .. അത് വഴി കഞ്ഞി കുടിച്ചു പോകുന്ന എണ്ണമറ്റ കുടുംബങ്ങള്‍ .. ഒറീസയിലും ആന്ധ്രയിലും മഹാരാഷ്ട്രയിലും മറ്റും പ്രകൃതിക്ഷോഭങ്ങളാല്‍ വീട് നഷ്ട്ടപെട്ട പാവങ്ങള്‍ക്ക് പുനരധിവാസം.. തുടങ്ങി അനേകം അനേകം സാമൂഹ്യ സേവനങ്ങള്‍ .

ഈ പറയുന്ന ഭക്തി ബിസ്സിനസ്സിന്റെ മറവില്‍ സായിബാബ കാട്ടിക്കൂട്ടുന്ന 'ഭീകര പ്രവൃത്തികള്‍ ' എന്ന പേരില്‍ പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കണ്ടു.. അങ്ങേരുടെ കൂടെ പതിറ്റാണ്ടുകളോളം നടന്നിട്ട് പിന്നീട് പീഡന ശ്രമത്തിനു കേസ് കൊടുത്ത ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ആകെയുള്ള പിടിവള്ളി.. അത് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ചില കോമഡി പീഡനകഥകള്‍ ആണ് ഓര്‍മ വരുന്നത്.. എന്തായാലും ഈ ഭക്തി ഷോയുടെ മറവില്‍ ദേശദ്രോഹ പ്രവൃത്തിയോ ആയുധ/മയക്കുമരുന്ന് വ്യാപാരമോ , തീവ്രവാദമോ .അണ്വായുധ നിര്‍മ്മാണമോ ഉണ്ടെന്നു കരുതാന്‍ വയ്യ .. അങ്ങനെ ഇല്ലാതെയിരിക്കുന്ന കാലത്തോളം ഈ ബിസ്സിനസ്സില്‍ ഒരു കുറ്റവും പറയാനും വയ്യ.. വേണ്ടവന്‍ ഭക്തിച്ചാല്‍ മതി .. അല്ലാത്തവന്‍ മിണ്ടാതിരുന്നാല്‍ പോരെ ?

വിഷം തളിച്ച് ജനങ്ങളെ കൊന്നിട്ടും കൊന്നിട്ടും മതിവരാതെ ആ വിഷത്തിന്റെ പുസ്തകോം പിടിച്ചു ഡിഗ്രിക്ക് പഠിച്ചുകൊണ്ടേയിരിക്കുന്ന മന്ത്രിമാരും , കര്‍ഷകര്‍ ആത്മഹത്യ ചെയ്താലും നെല്ല് കെട്ടിക്കിടന്നു ചീഞ്ഞു പോയാലും ക്രിക്കറ്റ് കളി ഭംഗിയായി നടക്കണം എന്ന് പറയുന്ന മന്ത്രിമാരും ഉള്ള ഒരു രാജ്യത്താണ് ഭക്തി ബിസിനസ്സിനെ കുറ്റം പറയാന്‍ കുറെ ബുജികള്‍ ഇറങ്ങിയിരിക്കുന്നത് .

ഭക്തി വിറ്റു കാശാക്കുന്നു എന്ന് പറഞ്ഞു സായിബാബയെ നല്ല പച്ചത്തെറി പറയുന്ന ഒരുപാട് ഇന്റര്‍നെറ്റ്‌ പോസ്റ്റുകള്‍ കാണാനിടയായി.. എല്ലാവരും പുള്ളീനെ അങ്ങട് ഉഴുതു മറിച്ചു. പുള്ളിക്ക് നാല്‍പ്പതിനായിരം കോടി രൂപയുടെ സ്വത്തു ഉള്ളതാണ് എല്ലാവരുടേം പ്രശ്നം.. എന്റെ അറിവില്‍ സായിബാബ നിര്‍ബന്ധിത നികുതി പിരിവു നടത്തുന്നില്ല , അഴിമതിയും അക്ക്രമവും കൊണ്ട് ജനങ്ങളെ ദ്രോഹിക്കുന്നില്ല.. പിന്നെ , വേണമെങ്കില്‍ പറയാം ഭക്തി,കച്ചവടം,പാവങ്ങളെ പറ്റിക്കല്‍ , വിശ്വാസത്തില്‍ ചേര്‍ക്കല്‍ എന്നൊക്കെ .. നമുക്കാര്‍ക്കും ചെയ്യാന്‍ പറ്റാത്ത നല്ല കാര്യങ്ങള്‍ വേറൊരാള്‍ ചെയ്യുമ്പോള്‍ അതിനെ ഏതെങ്കിലും രീതിയില്‍ എതിര്‍ക്കുക, ചെറിയ തെറ്റുകള്‍ വലുതാക്കി കാണിക്കുക, അതിലൂടെ കിട്ടുന്ന ഒരു മറ്റേ ഫീലിംഗ് എന്ജോയ്‌ ചെയ്യുക എന്ന സ്ഥിരം തത്വം തന്നെയാണ് ഇവിടെയും നടക്കുന്നത് . . നിര്‍ബന്ധിതമായി നികുതി പിരിച്ചു , കാലാകാലങ്ങളോളം ഇന്ത്യയിലെ ജനങ്ങളെ പറ്റിച്ചും വിഡ്ഢികളാക്കിയും ജീവിക്കുന്ന രാഷ്ട്രീയക്കാരുടെ സ്തുതിപാഠകര്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലാണ് അത്ഭുതം ..

ഇവിടിരുന്നു ഇങ്ങനെ കുറ്റം പറയാന്‍ പറ്റുന്ന സാമ്പത്തിക , സാമൂഹ്യ , ആരോഗ്യ സ്ഥിതി ഉള്ളത് കൊണ്ട് ഈ ബുദ്ധിജീവികള്‍ നന്നായി കത്തിക്കയറുന്നുണ്ട് . ഇതൊന്നുമില്ലാത്ത , അരപ്പട്ടിണിയും മുഴുപ്പട്ടിണിയും , അതിന്റെ പുറമേ മാറാരോഗങ്ങളും മാത്രം കൈമുതലായുള്ള അനേക ലക്ഷം ഇന്ത്യന്‍ മണ്ടന്മാര്‍ സായിബാബയെ ദൈവമായി കാണുന്നതില്‍ എന്ത് അത്ഭുതം സഖാവേ ? കയ്യില്‍ അഞ്ചു പൈസയില്ലാതെ വരുമ്പോള്‍ , ജോലി ചെയ്യാന്‍ ആരോഗ്യമില്ലാതെ വരുമ്പോള്‍ , കുഞ്ഞുങ്ങളുടെ വിശപ്പ്‌ മാറ്റാന്‍ വേറെ മാര്‍ഗമില്ലാതെ വരുമ്പോള്‍ സഖാവും ഇതുപോലുള്ളവരുടെ ഭക്തനായിപ്പോകും , കാരണം , അപ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണവും മരുന്നും പ്രത്യയശാസ്ത്രങ്ങളെ മറികടക്കും .. ഇത് മനസ്സിലാക്കാന്‍ കൊകോസ്നൂസിഫെറാക്കുല അല്ലെങ്കില്‍ മാഗ്നിഫെറാഇന്ടിക്കാസ്കിന്‍ മുതലായ ബലിയ ബാചകങ്ങള്‍ ഒന്നും അറിയേണ്ട.. അല്‍പ്പം കോമണ്‍സെന്‍സ് മതി ..

NB : എന്തായാലും ഈ ഭക്തി ഷോയുടെ മറവില്‍ ദേശദ്രോഹ പ്രവൃത്തിയോ ആയുധ/മയക്കുമരുന്ന് വ്യാപാരമോ , തീവ്രവാദമോ .അണ്വായുധ നിര്‍മ്മാണമോ ഉണ്ടെന്നു കേട്ടിട്ടില്ല .. അങ്ങനെ ഇല്ലാതെയിരിക്കുന്ന കാലത്തോളം ഈ ബിസ്സിനസ്സില്‍ ഒരു കുറ്റവും പറയാനും വയ്യ. [ഒന്നൂടി സ്‌ട്രെസ് ചെയ്തു പറഞ്ഞൂന്നേയുള്ളൂ .. ഇനി അങ്ങനെ വല്ലതും ഉണ്ടായാല്‍ നാളെ എനിക്കിട്ടു തിരിച്ചു പണി വരരുതല്ലോ :-) ]