Copyright © 2017 Mahesh
Reading Problems ? Click Here to Download the font         Best Viewed in Google Chrome

Saturday, June 18, 2011

തിരിയുന്ന കാലചക്രംഇന്നലെ മറൈന്‍ ഡ്രൈവില്‍ നിന്നും കപ്പലണ്ടി വാങ്ങിച്ച കോണ്‍ കടലാസ് ചുമ്മാ ഒന്ന് നിവര്‍ത്തി നോക്കിയതാ .. 2213 ഡിസംബര്‍ മാസത്തിലെ പത്രമായിരുന്നു അത് ..

വാര്‍ത്ത ഇതായിരുന്നു . .

" ഫിസിക്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും യൂണിവേഴ്സിന്റെ ഉല്‍പ്പത്തിയുടെയും ഒക്കെ രഹസ്യങ്ങള്‍ തേടി ഒരു കൂട്ടം ശാസ്ത്രഅജ്ഞ്ഞന്മാര്‍ ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുന്പ് ഭൂമിക്കടിയില്‍ മുപ്പതു കിലോമീറ്റര്‍ നീളമുള്ള തുരങ്കം സൃഷ്ടിച്ചതിനെ പുനരാവിഷ്ക്കരിക്കാന്‍ പോകുന്നു . . സയന്‍സ് ഇത്രയേറെ പുരോഗമിച്ചിട്ടും ലക്ഷം കോടി ഡോളര്‍ ചിലവിട്ടു നടത്തുന്ന ഈ പ്രഹസനം ഇതിനകം തന്നെ പുരോഗമനവാദികളുടേയും ആധുനിക ശാസ്ത്രജ്ഞന്മാരുടെയും എതിര്‍പ്പ് ക്ഷണിച്ചു വരുത്തിക്കഴിഞ്ഞു..

ഇരുനൂറു വര്‍ഷം മുന്‍പ് വളരയേറെ കൊട്ടിഘോഷിച്ചു നടത്തിയ ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (Large Hadron Collider) എന്ന ഈ പരീക്ഷണം നടത്തിയതില്‍ നിന്നും ഫിസിക്സില്‍ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം കിട്ടിയിട്ടുണ്ട് എന്നാണു ഇതിന്റെ നടത്തിപ്പുകാരായ ചില തൈക്കിളവന്മാര്‍ അവകാശപ്പെടുന്നത് . .

പ്രോട്ടോണ്‍ കണങ്ങളെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള സഞ്ചാരപഥത്തില്‍ വിപരീതദിശകളില്‍ ഏകദേശം പ്രകാശപ്രവേഗത്തില്‍ പായിച്ച് കൂട്ടിയിടിപ്പിയ്ക്കാനുള്ള ഉപകരണമാണ്‌ പോലും ഈ ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ !

ആറ്റത്തിന്റെ ന്യൂളിയസില്‍ കാണുന്ന ഒരു ചാര്‍ജ് ആണ് പ്രോട്ടോണ്‍ എന്നായിരുന്നു പ്രാചീന സങ്കല്പം .. എന്നാല്‍ , ആറ്റം എന്ന സങ്കല്പം പോലും ഫിസികില്‍ നിന്നും ഉന്മൂലനം ചെയ്തതിന്റെ നൂറാം വാര്‍ഷികം കഴിഞ്ഞ ശേഷവും ഇങ്ങനെ ഒരു പരീക്ഷണം നടത്തുന്നതിന്റെ ആവശ്യകത എന്താണെന്നാണ് ആധുനിക ശാസ്ത്രലോകം ഉന്നയിക്കുന്ന ചോദ്യം . .

ഇരുനൂറു വര്‍ഷം മുന്‍പ് നടത്തിയ ലാര്‍ജ്ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം പരാജയപെട്ടതിനു ശേഷം പിരിച്ചു വിട്ട European Organization for Nuclear Research (CERN) എന്ന സംഘടനയുടെ വേരുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ഈ പ്രാചീന ദൗത്യം. .

ഇന്ന് ഉപയോഗിക്കുന്ന കീസ്ടോന്‍ എന്ന പ്രകാശ രശ്മിയുടെ ലക്ഷത്തിലൊന്നു കരുത്തില്ലാത്ത ലേസര്‍ എന്ന ദുര്‍ബലമായ ഒരു പ്രകാശധാര അന്ന് ഉപയോഗിച്ചിരുന്നതിനു തെളിവുണ്ട് .. എന്ന് മാത്രമല്ല , രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോള്‍ വാലില്‍ തീ കത്തിച്ചു കൊണ്ട് ശത്രുരാജ്യത്തേക്ക് പറത്തി വിടുന്ന മിസൈലും , അത് പോലെ തന്നെ ഭൂമിയിലേക്ക്‌ ആവശ്യമായ സിഗ്നലുകള്‍ അയക്കാന്‍ ആകാശത്തേക്ക് തൊടുത്തു വിടുന്ന റോക്കറ്റുകളും ഉപഗ്രഹങ്ങളും ഒക്കെ അന്നുള്ള മനുഷ്യര്‍ ഉപയോഗിച്ചിരുന്നു ..

ദ്രവ്യത്തിന്റെ ആറാമത്തെ അവസ്ഥ കണ്ടു പിടിച്ചിട്ട് ഒരു നൂറ്റാണ്ട് ആകുന്ന ഈ അവസരത്തില്‍ , പ്ലാസ്മ പോലും വ്യക്തമായി കണ്ടു പിടിക്കുന്നതിനു മുന്‍പേ നടത്തിയ ഈ ചിലവേറിയ പരീക്ഷണം നടത്തുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ല ..


ഒരു ആര്യ- ദ്രാവിഡ - ഫ്രഞ്ച് - റഷ്യന്‍ സംഘമാണ് ഇതിന്റെ പിന്നില്‍ എന്നാണു അറിയാന്‍ കഴിഞ്ഞത്. .

പോക്കറ്റിലിട്ടു കൊണ്ട് നടക്കാവുന്ന വലിപ്പം മാത്രം ഉള്ള ഒരു ഉപകരണത്തില്‍ നിന്നും പ്രകാശത്തിന്റെ ആയിരം മടങ്ങ്‌ വേഗതയില്‍ സഞ്ചരിക്കുന്ന ഗ്രൂന്‍ടോണ്‍ കണങ്ങളെ ഏതു ദിശയില്‍ വേണമെങ്കിലും കൂട്ടി ഇടിപ്പിക്കാണോ ഇടിപ്പിക്കാതിരിക്കാണോ കഴിയുന്ന ഈ കാലത്ത് മുപ്പതു കിലോമീറ്റര്‍ തുരങ്കം ഉണ്ടാക്കുന്നവരുടെ തലയിലെ ഓളം എന്താണെന്ന് ഊഹിക്കാവുന്നതെയുള്ളൂ

അസുഖം മാറാന്‍ ഉരുണ്ടതും വലുപ്പമേറിയതും ആയ ക്യാപ്സൂളുകളില്‍ മനുഷ്യര്‍ മരുന്നു കഴിച്ചിരുന്ന ഒരു ബാര്‍ബേറിയന്‍ കാലത്തെ തിരിച്ചു കൊണ്ട് വരുവാനുള്ള ഇവരുടെ ശ്രമം ചെറുക്കുവാന്‍ ഉത്തരവാദിത്വബോധമുള്ള നൂറ്റമ്പതു വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരുടെ ഒരു സംഘം ഇറങ്ങിത്തിരിച്ചു കഴിഞ്ഞു .. അവരുടെ പ്രയത്നങ്ങള്‍ പൂവണിയട്ടെ എന്ന് നമക്ക് പ്രാര്‍ഥിക്കാം "പത്രക്കഷ്ണം എടുത്തു കടലില്‍ എറിഞ്ഞിട്ട് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു
" കഷ്ടം! വാര്‍ത്തകള്‍ പേപ്പറില്‍ വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു .. ഏകദേശം അമ്പതു വര്‍ഷം മുന്നേ .. പണ്ടത്തെ മനുഷ്യര്‍ എന്തൊക്കെ സഹിച്ചിരുന്നു .. അത്ഭുതം തന്നെ"


ലേബല്‍ : കാലചക്ക്രത്തെ നോക്കി കൊഞ്ഞനം കുത്തുന്ന പച്ചപ്ലാവിലകള്‍